print edition തദ്ദേശ സ്ഥാപനങ്ങൾക്ക് നല്ലകാലം; ചേർത്തുപിടിച്ച് സംസ്ഥാനസർക്കാർ


സ്വന്തം ലേഖകൻ
Published on Mar 12, 2026, 01:01 AM | 1 min read
തിരുവനന്തപുരം: കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോഴും തദ്ദേശസ്ഥാപനങ്ങളെ ചേർത്തുപിടിച്ച് സംസ്ഥാനസർക്കാർ. യുഡിഎഫ് ഭരണ കാലത്തേക്കാൾ ഇരട്ടിയിലേറെ തുകയാണ് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വിഹിതമായി നൽകിയത്. 2021–22 മുതൽ 2025–26 വരെ 70,526 കോടി രൂപയാണ് നൽകിയത്. 2011 –16 ൽ ഇത് 29,500 കോടി മാത്രമായിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ 1,23,175.16 കോടി രൂപ അനുവദിച്ചു– കഴിഞ്ഞ ദിവസം നടന്ന തദ്ദേശ വകുപ്പിന്റെ പ്രോഗ്രസ് റിപ്പോർട്ട് അവതരണത്തിൽ മന്ത്രി എം ബി രാജേഷ് വ്യക്‌തമാക്കി.
സുസ്ഥിരവും സമഗ്രവുമായ മാലിന്യ പരിപാലനത്തിന് തദ്ദേശ സ്ഥാപനങ്ങൾവഴി 1591.28 കോടി രൂപ ചെലവഴിച്ചു. 95.99 ലക്ഷം വീടുകളിലും സ്ഥാപനങ്ങളിലുംനിന്ന് അജൈവ മാലിന്യ ശേഖരണം നടത്തുന്നു. 22,838 മിനി എംസിഎഫുകളും 1,526 എംസിഎഫുകളും 192 ആർആർഎഫുകളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നു. ബ്രഹ്മപുരത്ത് ആദ്യ സിബിജി പ്ലാന്റ് പൂർത്തിയായി. പാലക്കാട് സിബിജി പ്ലാന്റ് അന്തിമഘട്ടത്തിലും കോഴിക്കോട്, കൊല്ലം, തൃശൂർ, ചങ്ങനാശേരി എന്നിവിടങ്ങളിൽ പ്രാരംഭഘട്ടത്തിലുമാണ്. 8 ആർഡിഎഫ് പ്ലാന്റുകളിലൂടെ അജൈവ മാലിന്യ സംസ്‌കരണത്തിൽ പൂർണത നേടി. ആറു മാസത്തിനുള്ളിൽ സംസ്ഥാനം സാനിറ്ററി മാലിന്യ സംസ്കരണത്തിൽ സ്വയം പര്യാപ്തമാകും. ബ്രഹ്മപുരമടക്കം 59 മാലിന്യ മലകളിൽ 24 എണ്ണവും ഇല്ലാതാക്കി.
കഴിഞ്ഞ അഞ്ച് വർഷം റോഡ് പ്രവൃത്തികൾക്കായിമാത്രം തദ്ദേശ സ്ഥാപനങ്ങൾ 8,867.07 കോടി രൂപ ചെലവഴിച്ചു. തദ്ദേശ റോഡുകളുടെ ജിഐഎസ് അധിഷ്‌ഠിത വിവര ശേഖരണം ആർ ട്രാക്ക് ഉപയോഗിച്ച് പൂർത്തിയാക്കി. മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനർനിർമാണ പദ്ധതിയിൽ ഒന്നാം ഘട്ടത്തിൽ 2480 കിലോ മീറ്റർ റോഡ് നവീകരിച്ചു. രണ്ടാംഘട്ടം 746 പ്രവൃത്തി പൂർത്തിയാക്കി. ലൈസൻസ് ചട്ടങ്ങളിൽ മാറ്റംവരുത്തി. കെട്ടിട നിർമാണ ചട്ടങ്ങളിൽ സമഗ്ര ഭേദഗതി വരുത്തി. മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും കെ സ്‌മാർട്ട് വിന്യസിച്ചതോടെ തദ്ദേശ സേവനങ്ങൾ ഓൺലൈനായി.










0 comments