എമർജൻസി ക്വാട്ട ടിക്കറ്റ്‌ : വ്യവസ്ഥകൾ കർശനമാക്കി റെയിൽവേ

eq ticket guidelines
വെബ് ഡെസ്ക്

Published on May 17, 2025, 01:50 AM | 1 min read


കൊല്ലം

എമർജൻസി ക്വാട്ട (ഇക്യൂ) വഴി റിസർവേഷൻ ടിക്കറ്റുകൾ ലഭിക്കാനുള്ള നടപടിക്രമങ്ങൾ കൂടുതൽ കർശനമാക്കി റെയിൽവേ. ഇതുസംബന്ധിച്ച്‌ പുതിയ നിർദേശങ്ങൾ റെയിൽ മന്ത്രാലയം സോണുകളിലെ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകി.


ഇ ക്യൂ ടിക്കറ്റുകൾ അനധികൃതമായി തരപ്പെടുത്തി വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിതെന്നാണ്‌ വിശദീകരണം. ട്രാവൽ ഏജന്റുമാർ മുഖേന ഇത്തരം ടിക്കറ്റിനുള്ള അപേക്ഷ ഇനിമുതൽ സ്വീകരിക്കരുത്‌. പുതിയ നിർദേശം അനുസരിച്ച് എമർജൻസി ക്വാട്ട ബർത്ത്, സീറ്റിനുള്ള അപേക്ഷകളിൽ ഗസറ്റഡ് ഓഫീസർ ഒപ്പിടണം. ഒപ്പിടുന്ന ഓഫീസർ പേര്, പദവി, ഓഫീസ് ടെലഫോൺ നമ്പർ, മൊബൈൽ നമ്പർ, യാത്രക്കാരന്റെ മൊബൈൽ നമ്പർ എന്നിവയും രേഖപ്പെടുത്തണം. ഒന്നിലധികം യാത്രക്കാരുണ്ടെങ്കിൽ എല്ലാവരുടെയും ഫോൺ നമ്പരുകൾ ഉൾപ്പെടുത്തണം. അസ്വാഭാവികമായി എന്തങ്കിലും ബോധ്യപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്വം ഗസറ്റഡ് ഓഫീസർക്കായിരിക്കും.


അപേക്ഷയുടെ വിശദാംശങ്ങൾ ഉൾപ്പെടുന്ന പ്രത്യേക രജിസ്റ്റർ റിസർവേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥർ സൂക്ഷിക്കണം. അപേക്ഷയുടെ ഉറവിടം അടക്കമുള്ള വിശദാംശങ്ങൾ, യാത്രാസംബന്ധമായ വിവരങ്ങൾ എന്നിവയും രജിസ്റ്ററിൽ ഉൾപ്പെടുത്തണം.


റിസർവേഷൻ ഓഫീസുകളിൽ ജോലി ചെയ്യുന്നവരും ഏജന്റുമാരും തമ്മിലുള്ള അവിശുദ്ധബന്ധം തടയാൻ പിആർഎസ് (പാസഞ്ചർ റിസർവേഷൻ സിസ്റ്റം) കേന്ദ്രങ്ങളിൽ മുന്നറിയിപ്പില്ലാതെ പരിശോധന നടത്താനും സൂപ്പർവൈസറി തസ്തികയിലുള്ള ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകിയിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Home