അതിരപ്പിള്ളിയിൽ കാട്ടാനയുടെ വിളയാട്ടം , കൃഷികൾ നശിപ്പിച്ചു; വനംമന്ത്രിയെയും തടഞ്ഞു

കാട്ടാനയുടെ ആക്രമണത്തില്‍ കൃഷി നശിച്ച നിലയില്‍ (ഇടത്) വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ (വലത്)
ചാലക്കുടി: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വെറ്റിലപ്പാറ വൈശേരിയിൽ മോഹനന്റെ വീടിന് സമീപത്താണ് വീണ്ടും കാട്ടാനയുടെ ആക്രമണമുണ്ടായത്. തിങ്കളാഴ്ച പുലർച്ചെയാണ് കാട്ടാന ഇറങ്ങിയത്. ചെമ്മീനിയാടൻ കൃഷ്ണന്റെ കൃഷിയിടത്തിലെത്തിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. കാട്ടാന കൃഷി നശിപ്പിക്കുന്നത് കണ്ടെങ്കിലും ഭയം മൂലം കൃഷ്ണൻ ഉൾപ്പടെ ആരും പുറത്തിറങ്ങിയില്ല.
ഇതിനു പുറമെ, ഞായറാഴ്ച വൈകിട്ട് ആനമല അന്തഃസംസ്ഥാനപാതയിൽ കാട്ടാനയിറങ്ങി മണ്ണുമാന്തി യന്ത്രം നശിപ്പിച്ചിരുന്നു. കുമ്മാട്ടി ഭാഗത്ത് റോഡ് നിർമാണത്തിനായി കൊണ്ടുവന്ന മണ്ണുമാന്തി യന്ത്രമാണ് കാട്ടാന തകർത്തത്. കൂടാതെ കാട്ടാനയുടെ ശല്യത്തിൽ ചർച്ചക്കും മറ്റുമായി എത്തിയ വനംമന്ത്രി ഷിബു ബേബി ജോണിന്റെ വാഹനത്തിന് മുൻപിലും ആനയെത്തി. ഏറെ നേരം വഴിതടയുകയും ചെയ്തു. അതിരപ്പിള്ളി ഭാഗത്തുനിന്നും വാളച്ചാൽ ഗസ്റ്റ് ഹൗസിലേക്ക് പോകുകയായിരുന്നു മന്ത്രി.
ഈ സമയത്ത് ചാർപ്പ ഭാഗത്ത് റോഡിൽ കാട്ടാന നിലയുറപ്പിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി ആനയെ തുരത്തിയ ശേഷമാണ് മന്ത്രിക്ക് മുൻപോട്ട് പോകാനായത്. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മോഹനന്റെ വീട് സന്ദർശനത്തിനും ചാലക്കുടിയിൽ നടക്കുന്ന ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുക്കാനുമാണ് മന്ത്രി എത്തിയത്.











0 comments