ad
Deshabhimani

അങ്കമാലിക്ക് പിന്നാലെ ഇരിങ്ങാലക്കുടയിലും ആനയിടഞ്ഞു; രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു, ഇന്ന് രണ്ടാമത്തെ മരണം

Elephant Attack

ഇടഞ്ഞ വാഴ്‌വാടി കാശിനാഥൻ എന്ന ആന (Photo; Screengrab)

വെബ് ഡെസ്ക്

Published on May 01, 2026, 03:44 PM | 1 min read

തൃശൂർ: അങ്കമാലിക്ക് പിന്നാലെ ഇരിങ്ങാലക്കുട‌യിലും ആനയി‌‌ടഞ്ഞു. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആനയാണ് ഇടഞ്ഞത്. വിരണ്ട് ഓടിയ ആന രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു. രണ്ടാം പാപ്പാനായ ശ്രീക്കുട്ടനാണ്(25) വാഴ്‌വാടി കാശിനാഥൻ എന്ന ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ദാരുണ സംഭവം. വ്യാഴാഴ്ച രാത്രി നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെയും ഇതേ ആന തെറ്റിയിരുന്നു.


ഉടൻ തന്നെ പാപ്പന്മാർ ആനയെ തളച്ച് കൊട്ടിലാക്കൽ പറമ്പിലേക്ക് മാറ്റിയതിനാൽ അപകടസാധ്യത ഒഴിവായിരുന്നു. എന്നാൽ, വെള്ളിയാഴ്ച ഉച്ചയോടെ വീണ്ടും അക്രമാസക്തനായ ആന തളച്ചിരുന്ന പറമ്പിലെ താൽക്കാലിക ഷെഡ് തകർക്കുകയും പാപ്പാൻമാരെ ആക്രമിക്കുകയുമായിരുന്നു. അക്രമണത്തിൽ പാപ്പാൻമാരായ അമൽ (28) ശ്രീകുട്ടൻ (25) എന്നിവർക്ക് പരിക്കേറ്റു. ഉടൻ തന്നെ ഇവരെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നെഞ്ചിൽ ചവിട്ടേറ്റ രണ്ടാം പാപ്പാൻ ശ്രീകുട്ടൻ മരണത്തിന് കീഴടങ്ങി.


ഒന്നാം പാപ്പാൻ ചികിത്സയിൽ തുടരുകയാണ്. വെള്ളിയാഴ്ച രാവിലെയാണ് എറണാകുളം അങ്കമാലി കിടങ്ങൂരിലും ആനയിടഞ്ഞത്. കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. ക്ഷേത്രകുളത്തിൽ കുളിപ്പിക്കുന്നതിനിടെ ആന വിരണ്ടോടുകയായിരുന്നു. അതിനിടെയാണ് ആനയെ കൊണ്ടുവന്ന കൊല്ലം സ്വദേശിയായ ലോറി ഡ്രൈവർ ആനയുടെ ചവിട്ടേറ്റ് മരിച്ചത്. പാപ്പാൻ മാർക്കും ആക്രമണത്തിൽ ​ഗുരുതര പരിക്കേറ്റിരുന്നു. ഇരുവരും ചികിത്സയിലാണ്. ഒടുവിൽ മലയാറ്റൂരിൽ നിന്നുള്ള ആർആർടി സംഘം എത്തി ആനയെ മയക്കുവെടി വെച്ചാണ് തളച്ചത്. മയ്യനാട് പാർത്ഥസാരഥി എന്ന ആനയാണ് വിരണ്ടോടിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home