Deshabhimani

കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ പിഎംഎസ്‌എസ്‌വൈ ബ്ലോക്കിൽ വൈദ്യുതി പുനഃസ്ഥാപിച്ചു

calicut medical college
വെബ് ഡെസ്ക്

Published on May 03, 2025, 09:57 PM | 2 min read

കോഴിക്കോട്‌: കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന പിഎംഎസ്‌എസ്‌വൈ ബ്ലോക്കിൽ ശനിയാഴ്‌ച രാത്രി വൈദ്യുതി പുനഃസ്ഥാപിച്ചു. യുപിഎസ്‌ പൊട്ടിയുണ്ടായഅപകടത്തെ തുടർന്ന്‌ ഇവിടേയ്‌ക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു. താഴത്തെനിലയിൽ ഭാഗികമായും മറ്റ്‌ നിലകളിൽ പൂർണമായും വൈദ്യുതി പുനഃസ്ഥാപിച്ചു. വൈകിട്ടോടെ വൈദ്യുതി പുനഃസ്ഥാപിക്കാൻ ശനിയാഴ്‌ച ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമെടുത്തിരുന്നു. വൈദ്യുതി പുനഃസ്ഥാപിച്ച സർജറി സ്‌പെഷ്യാലിറ്റി ബ്ലോക്കിൽനിന്ന് പകർത്തിയ ചിത്രങ്ങൾ ആരോഗ്യ മന്ത്രി വീണാ ജോർജ്‌ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്‌തു.


ഫേസ്‌ബുക്ക്‌ കുറിപ്പിന്റെ പൂർണരൂപം


കോഴിക്കോട് മെഡിക്കൽ കോളേജിൽ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ ഇന്നലെ പൊട്ടിത്തെറി ശബ്ദം കേട്ടതും പുക ഉയര്‍ന്നതുമായ സംഭവത്തില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചത് പുന:സ്ഥാപിച്ചു. 6 നിലകളിലും പൂര്‍ണമായും ഗ്രൗണ്ട് ഫ്ളോറില്‍ ഭാഗീകമായും വൈദ്യുതി പുന:സ്ഥാപിച്ചിട്ടുണ്ട്. ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എമർജൻസി മെഡിസിൻ വിഭാഗം സന്ദര്‍ശിച്ച ശേഷം ചേര്‍ന്ന അവലോകന യോഗത്തില്‍ എടുത്ത തീരുമാനം കൂടിയാണിത്.


എമർജൻസി മെഡിസിൻ വിഭാഗത്തിൽ സ്ഥാപിച്ചിരുന്ന എംആർഐ മെഷീന്‍റെ യുപിഎസ് മുറിയിൽ നിന്നാണ് പുക ഉയർന്നത്. 2026 ഒക്ടോബർ മാസം വരെ വാറണ്ടി ഉള്ളതാണ് എംആർഐ മെഷീനും യുപിഎസും (ഫിലിപ്സിന്‍റെ മെഷീന്‍). ഫിലിപ്സ് നിയോഗിച്ച ഏജന്‍സി തന്നെയാണ് യുപിഎസിന്‍റേയും മെയിന്‍റനൻസ് നടത്തുന്നതും. 6 മാസത്തിൽ ഒരിക്കൽ ഇവ പരിശോധിച്ച് കുഴപ്പമില്ലെന്ന് ഉറപ്പ് വരുത്തി അവര്‍ ഫിലിപ്സിന് റിപ്പോര്‍ട്ട് നല്‍കും. മെഡിക്കല്‍ കോളേജിനും കോപ്പി നല്‍കും. ആ റിപ്പോർട്ട് മെഡിക്കല്‍ കോളേജിലെ ബയോമെഡിക്കൽ എഞ്ചിനീയർ സൂക്ഷിക്കുന്നുണ്ട്.

സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും. യുപിഎസ് റൂമിലേക്കുള്ള പ്രവേശനങ്ങളും പരിശോധിക്കും. ഫോറൻസിക് വിഭാഗത്തിന്‍റെ പരിശോധന തുടരുകയാണ്.


1. സാങ്കേതിക അന്വേഷണത്തിലൂടെ സംഭവത്തിന്‍റെ കാരണം കൃത്യമായി കണ്ടെത്തണം. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് അന്വേഷണം നടത്തി റിപ്പോർട്ട് സമര്‍പ്പിക്കും.


2. ഇതേസമയം എമർജൻസി വിഭാഗത്തിൽ രോഗീ പരിചരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയില്‍ ആരോഗ്യ വിദഗ്ധരുടെ സംഘം സമഗ്ര അന്വേഷണം നടത്തും.


3. 151 രോഗികളെയാണ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ നിന്ന് മറ്റിടങ്ങളിലേക്ക് മാറ്റിയത്. 114 പേരെ മെഡിക്കൽ കോളേജിലെ തന്നെ മറ്റ് ബ്ലോക്കുകളിലേക്ക് മാറ്റി. 12 പേർ ജനറൽ ആശുപത്രിയിലാണ്.

എമർജൻസി വിഭാഗത്തിൽ എത്തിയ 25 പേർ വിവിധ സ്വകാര്യ ആശുപത്രികളിലേക്ക് പോയി. എല്ലാവർക്കും കൃത്യമായി ചികിത്സ ലഭിക്കുന്നു എന്നത് ഡോക്ടർമാരുടെ സംഘം ഉറപ്പാക്കും.


4. എമർജൻസി ചികിത്സ ആവശ്യമുള്ളവർക്ക് ബീച്ച് ആശുപത്രി കാഷ്വാലിറ്റിയിൽ അതുറപ്പാക്കും.


5. മെഡിക്കൽ കോളേജിലെ പഴയ കാഷ്വാലിറ്റി സജ്ജമാക്കി നാളെ രാവിലെ മുതൽ അടിയന്തര ചികിത്സ അവിടെ ഉറപ്പാക്കുന്നതാണ്. സംഭവം ഉണ്ടായ സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ പൂർണതോതിൽ പ്രവർത്തനസജ്ജമാകും.


വൈദ്യുതി പുന:സ്ഥാപിച്ച സര്‍ജറി സ്പെഷ്യാലിറ്റി ബ്ലോക്കില്‍ നിന്നും ഇപ്പോള്‍ എടുത്ത ചിത്രങ്ങളും രാവിലെ നടത്തിയ സന്ദര്‍ശനത്തിന്‍റെ ചിത്രങ്ങളും പങ്കുവയ്ക്കുന്നു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home