സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ കുറവ്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തുടർച്ചയായി റെക്കോർഡുകൾ ഭേദിച്ചുകൊണ്ടിരുന്ന സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ നേരിയ ആശ്വാസം. അവധി ദിവസമായതിനാലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭിച്ച വേനൽ മഴയും കാരണമാണ് ഉപഭോഗം കുറഞ്ഞത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി 110 ദശലക്ഷം യൂണിറ്റിന് മുകളിൽ തുടർന്ന ഉപഭോഗം താഴേക്ക് വന്നത് ആശ്വാസമായിട്ടുണ്ട്.
ഇന്നലത്തെ മൊത്തം ഉപഭോഗം 106.03 ദശലക്ഷം യൂണിറ്റായി താഴ്ന്നു. വൈകുന്നേരത്തെ ഉയർന്ന ആവശ്യകതയിലും കുറവുണ്ടായതോടെ പീക്ക് ഡിമാൻഡ് 5600 മെഗാവാട്ടായി ഒതുങ്ങി. ആകെ ഉപഭോഗത്തിൽ 19.55 ദശലക്ഷം യൂണിറ്റ് ആഭ്യന്തര ജലവൈദ്യുത പദ്ധതികളിൽ നിന്ന് ഉത്പാദിപ്പിച്ചപ്പോൾ, ബാക്കി 84.37 ദശലക്ഷം യൂണിറ്റും പുറത്തുനിന്ന് വാങ്ങുകയായിരുന്നു.
സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗം ഏപ്രിൽ 17 വെള്ളിയാഴ്ചയാണ് രേഖപ്പെടുത്തിയത്. 116.11 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് അന്ന് മാത്രം മലയാളികൾ ഉപയോഗിച്ചു തീർത്തത്. 116.11 ദശലക്ഷം യൂണിറ്റ് എന്ന കണക്ക് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിദിന ഉപഭോഗമാണ്. 2024 മേയ് മൂന്നിന് രേഖപ്പെടുത്തിയ 115.94 ദശലക്ഷം യൂണിറ്റിന്റെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.
വൈകുന്നേരത്തെ കണക്കുകൾ പ്രകാരം ഇത് 6013 മെഗാ വാട്ട് വരെ ഉയർന്നു. കഠിനമായ ചൂട് കാരണം എയർ കണ്ടീഷണറുകളുടെയും ഫാനുകളുടെയും അമിത ഉപയോഗമാണ് വൈദ്യുതി മീറ്ററുകളെ ഇത്ര വേഗത്തിൽ കറക്കുന്നത്. വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ, രാത്രി 7 മുതൽ 11 വരെയുള്ള സമയങ്ങളിൽ അമിത ഉപയോഗം കുറയ്ക്കാൻ കെ എസ് ഇ ബി നിരന്തരം ഓർമിപ്പിക്കാറുണ്ട്.











0 comments