വീട്ടുനമ്പറുകളിൽ മാറ്റം വരും, വോട്ടർ പട്ടിക പഴയ നമ്പർ പ്രകാരം തന്നെ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനം പൂർണ്ണമാവുന്നതോടെ ഭാവിയിൽ വീട്ടു നമ്പറുകളിലും മാറ്റം വരും. എന്നാൽ ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക പഴയ നമ്പർ പ്രകാരം തന്നെയാവും പുറത്ത് വരിക.
ഓരോ വാർഡുകളിലെയുടെ പഴയ വീട്ടുനമ്പറുകൾ തന്നെ തൽക്കാലം പ്രയോജനപ്പെടുത്താനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചിട്ടുള്ളത്. വാർഡ് കൂടി ഉൾപ്പെടുന്നതാണ് വീട്ട് നമ്പർ. ഇവ പുതുക്കുന്നത് പട്ടിക പുറത്തിറക്കിയ ശേഷം സർക്കാർ തീരുമാന പ്രകാരമാവും. തദ്ദേശ സ്ഥാപനങ്ങളാണ് ഇതിൽ നടപടിയെടുക്കുക.
പുതിയതായി നിലവിൽ വരുന്ന വാർഡുകളിൽ ക്രമപ്രകാരമാകില്ല വീട്ടുനമ്പറുകൾ. വാർഡ് നമ്പർ കൂടി ചേരുന്നതാണ് വീട്ടുനമ്പർ എന്നതിനാൽ മാറ്റം വരും. ഒരേ വാർഡിൽ പല തരം നമ്പറുകൾ എന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കാം. ഈ സാഹചര്യത്തിൽ വീട്ട് നമ്പറുകൾ മാറേണ്ടതാണെങ്കിലും അത് അടുത്തഘട്ടത്തിലാവും.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ പട്ടിക നിയമസഭാ മണ്ഡലത്തിലെ പോളിങ് ബൂത്തുകൾ പ്രകാരവും തദ്ദേശ തെരഞ്ഞെടുപ്പിന്റേത് വാർഡ് അടിസ്ഥാനത്തിലുമാണ്. ഇതു പ്രകാരം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് സംസ്ഥാന കമ്മീഷന്റെ പ്രത്യേക പട്ടിക തന്നെയാണ്
സ്വീകരിക്കപ്പെടുന്നത്.
അതിർത്തി നിർണയം കഴിഞ്ഞു
സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളുടെയും അതിർത്തികൾ പുനഃനിർണയിച്ചുകൊണ്ടുള്ള അന്തിമവിജ്ഞാപനം ചൊവ്വാഴ്ച പുറത്തു വന്നു. അടുത്ത ദിവസം മുനിസിപ്പാലിറ്റികളുടെയും കോർപറേഷനുകളുടെയും വാർഡുകൾ പുനഃനിർണിച്ചുകൊണ്ടുള്ള അന്തിമ വിജ്ഞാപനമാവും. വോട്ടർ പട്ടിക തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഇതോടെ തുടക്കമാവും.
തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് കീഴിലാണ് കരട് വോട്ടർ പട്ടിക പൂർത്തിയാക്കുക. കരട് പട്ടിക പരിശോധിച്ച് കൂട്ടിചേർക്കലുകൾ വരുത്തുന്നതിനും തെറ്റുകൾ തിരുത്തുന്നതിനും ഒരു മാസം സമയമുണ്ടാവും. ഇവ പൂർത്തിയാക്കിയ ശേഷമാകും അന്തിമ വോട്ടർ പട്ടിക എത്തുക.
1,712 പ്രതിനിധികൾ കൂടി
വാർഡുകൾ പുനനിർണയിച്ചതോടെ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിൽ 1,712 പ്രതിനിധികൾ അധികമായി വരും. ഗ്രാമപഞ്ചായത്ത് 1375, മുനിസിപ്പാലിറ്റി 128, കോർപറേഷൻ 7, ബ്ലോക്ക് പഞ്ചായത്ത് 187, ജില്ലാ പഞ്ചായത്ത് 15 എന്നിങ്ങനെയാണ് പുതിയതായി നിലവിൽ വരുന്ന വാർഡുകളുടെ എണ്ണം. അത്രയും അംഗങ്ങളും വരും.
സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളും പുനനിർണയിച്ചു. വാർഡുകളുടെ എണ്ണം 15,962ൽ നിന്നു 17,337 ആയി വർധിച്ചു. 1,375 വാർഡുകൾ ഗ്രാമപഞ്ചാത്തുകളിൽ പുതിയതായി നിലവിൽ വന്നു. നഗരസഭയിലും കോർപ്പറേഷനിലുമായി മൊത്തം 135 പുതിയ പ്രതിനിധികൾ വരും.
ഇതൊടെ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനം ഒന്നാംഘട്ടം പൂർത്തിയാകും. അടുത്ത ഘട്ടമായി ബ്ലോക്ക് പഞ്ചായത്തുകളുടെയും മൂന്നാം ഘട്ടമായി ജില്ലാ പഞ്ചായത്തുകളുടെയും വാർഡ് വിഭജനത്തിലേക്ക് കടക്കും.
മുനിസിപ്പാലിറ്റികളിൽ 3,113 എന്നത് 3,241 ആയി ഉയരും. കോർപറേഷനുകളിൽ 414 എന്നത് 421 ആയി ഉയരും. മൊത്തം 135 വാർഡുകൾ പുതിയതായി നിലവിൽ വരും
വാർഡ് വിഭജനം സംബന്ധിച്ച് 16,896 പരാതികൾ ഉണ്ടായി. ഇവ അന്വേഷിക്കാൻ ആയിരത്തിലധികം ഉദ്യോഗസ്ഥരെ സർക്കാർ പ്രത്യേകമായി നിയമിച്ചു.
ബ്ലോക് പഞ്ചായത്തിൽ 187
സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലെ വാർഡ് പുനർവിഭജനത്തിന്റെ കരട് വിജ്ഞാപനം 27ന് ആയിരിക്കും. ബ്ലോക്ക് പഞ്ചായത്തുകളിൽ ഏറ്റവും കുറഞ്ഞത് 14ഉം കൂടിയത് 24ഉം വാർഡുകളുമുണ്ടാകും.
ബ്ലോക്കു പഞ്ചായത്തുകളിൽ നിലവിൽ 2,080 വാർഡുകളാണുള്ളത്. പുനഃർവിഭജനത്തിന് ശേഷം അവ 2,267 വാർഡുകളാകും.
0 comments