ad
Deshabhimani

print edition തെരഞ്ഞെടുപ്പ് കമീഷണർ നിയമനം; സതീശന്റെ നിലപാടിനെതിരെ പോര്‌ മുറുകുന്നു; ഹൈക്കമാൻഡ്‌ ഇടപെട്ടേക്കും

V D Satheesan Press Meet
avatar
സ്വന്തം ലേഖകൻ

Published on Jul 01, 2026, 01:43 AM | 1 min read

കോഴിക്കോട്‌ : സംഘപരിവാർ ബന്ധമുള്ള എൻ ശേഷാദ്രിനാഥനെ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി നിയമിച്ച മുഖ്യമന്ത്രി വി ഡി സതീശന്റെ നിലപാടിൽ ഹൈക്കമാൻഡ്‌ ഇടപെടലിന്‌ കളമൊരുങ്ങുന്നു. നിയമനത്തിൽ സർക്കാരിനെ തള്ളി രംഗത്തെത്തിയ കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ്‌ ചൊവ്വാഴ്‌ച രാഹുൽ ഗാന്ധിക്കും കോൺഗ്രസ്‌ പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെയ്‌ക്കും കത്തയച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ അറിവോടെയാണ്‌ നീക്കം.


പിന്തുണ ഉറപ്പാക്കാൻ നിയാസ്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയെ കണ്ടു. നിയമന ഉത്തരവിൽ ഗവർണർ ഒപ്പിട്ടാൽ മാറ്റാനാകില്ല. രാഹുൽ ഗാന്ധിയുടെ ഇടപെടൽ ഗുണം ചെയ്യുമെന്ന വിശ്വാസത്തിലാണ്‌ കെ സി ക്യാമ്പ്‌.


മുതിർന്ന നേതാക്കളോട്‌ ആലോചിക്കാതെ എല്ലാം ഒറ്റയ്‌ക്ക്‌ തീരുമാനിക്കുന്ന സതീശന്റെ രീതിയ്‌ക്ക്‌ തടയിടാൻ അവസരമായാണ്‌ വേണുഗോപാൽ പക്ഷം ഇതിനെ കാണുന്നത്‌. തദ്ദേശമന്ത്രി കെ എം ഷാജി നിയമനത്തെ ന്യായീകരിച്ച്‌ രംഗത്തെത്തിയത്‌ ലീഗിന്റെ പിന്തുണ സതീശനാണെന്നതിന്റെ ഭാഗമാണ്.


നിയാസും ഷാജിയും തമ്മിൽ വാക്‌പോര്‌ രൂക്ഷമായിട്ടും കോൺഗ്രസ്‌, ലീഗ്‌ നേതാക്കൾ പ്രതികരിച്ചിട്ടില്ല. വിവാദങ്ങളിൽ കഴന്പില്ലെന്നും ശേഷാദ്രിനാഥനെ മാറ്റേണ്ടെന്നുമാണ്‌ സതീശന്റെ നിലപാട്‌. സമൂഹമാധ്യമ അക്ക‍ൗണ്ടുകളിലെ സംഘപരിവാർ അനുകൂലപോസ്‌റ്റുകൾ ശേഷാദ്രിനാഥൻ നീക്കി. ചില കോൺഗ്രസ്‌ നേതാക്കളുടെ ഇടപെടലാണ്‌ ഇതിനുപിന്നിലെന്നാണ്‌ സൂചന.


ശേഷാദ്രിനാഥന്‌ ഒളിക്കാൻ ഒന്നുമില്ലെങ്കിൽ സമൂഹമാധ്യമ അക്ക‍ൗണ്ടുകൾ നീക്കിയത്‌ എന്തിനാണെന്ന്‌ നിയാസ്‌ ചോദിച്ചു. ‘അദ്ദേഹത്തിന്റെ പോസ്‌റ്റുകൾ വീണ്ടെടുക്കണം. ലക്ഷദ്വീപിലടക്കം നടത്തിയ പ്രവൃത്തിയെക്കുറിച്ച്‌ അന്വേഷിക്കണം. പരിശോധിച്ചശേഷം ലഭിക്കുന്ന രേഖകൾ മന്ത്രി ഷാജിക്ക്‌ കൈമാറണം. ഇ‍ൗ ആവശ്യവുമായി മുഖ്യമന്ത്രിയെ കാണും’– നിയാസ്‌ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home