അച്ഛനെ കൊന്ന്​ ചാക്കിലാക്കി വെള്ളക്കെട്ടിൽ തള്ളി ; യുവാവ്​ കസ്റ്റഡിയിൽ

son killed father

സുമേഷ്, സുന്ദരൻ

വെബ് ഡെസ്ക്

Published on Jul 29, 2025, 11:04 PM | 1 min read


മണ്ണുത്തി

അച്ഛനെ കൊന്ന്​ മൃതദേഹം ചാക്കില്‍ക്കെട്ടി വെള്ളക്കെട്ടിൽ തള്ളിയകേസിൽ യുവാവിനെ കസ്റ്റഡിയിലെടുത്തു. നടത്തറ മുളയം കൂട്ടാല മുത്തേടത്ത് സുന്ദരനെ (75) കൊലപ്പെടുത്തിയ കേസിലാണ്​ മൂത്തമകൻ സുമേഷിനെ മണ്ണുത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്​. വീട്ടിൽ വച്ച്​ കൊലപ്പെടുത്തിയശേഷം മൃതദേഹം ചാക്കിലാക്കി സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ വെള്ളക്കെട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.


സുന്ദരന്റെ മകളുടെ മക്കള്‍ പകൽ രണ്ടോടെ വീട്ടിൽ എത്തിയപ്പോൾ മുത്തശ്ശനെ കണ്ടിരുന്നില്ല. തുടർന്ന്​ നടത്തിയ അന്വേഷണത്തിൽ വീട്ടിൽ രക്തം കണ്ടെത്തി. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ്​​ രാത്രി മൃതദേഹം കണ്ടെത്തിയത്​. ഇയാളുടെ വീടിന്​ സമീപത്തെ കാട് പിടിച്ചു കിടക്കുന്ന പറമ്പിലെ വെള്ളക്കെട്ടിലായിരുന്നു മൃതദേഹം. ഭാരമുള്ള വസ്​തു മണ്ണിലൂടെ വലിച്ചു​ കൊണ്ടുപോയ പാട് കണ്ട്​​ പിന്തുടർന്നപ്പോഴാണ്​​​ ചാക്കില്‍ പൊതിഞ്ഞ്​ മൃതദേഹം കണ്ടത്.


പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികനിഗമനം. ഇയാളുടെ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങള്‍ നഷ്ടമായിട്ടുണ്ട്. കൊലപാതകം നടത്തുമ്പോൾ പ്രതി മദ്യലഹരിയിലായിരുന്നുവെന്നും കൊലപാതകത്തിനുശേഷം ഇവിടെ നിന്ന്​ മുങ്ങിയ സുമേഷിനെ പുത്തൂരിലെ ബന്ധുവീട്ടിൽനിന്നാണ്​ പിടികൂടിയതെന്നും​ പൊലീസ്​ പറഞ്ഞു​. സുന്ദരന്റെ രണ്ടാമത്തെ മകനും കുടുംബവും രാവിലെ പുറത്തുപോയ സമയത്താണ്​ കൊലപാതകം നടന്നത്​. പൊലീസ്​ ഇൻക്വസ്റ്റിനുശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ്​ ആശുപത്രിയിലേക്ക്​ മാറ്റി. മറ്റുമക്കൾ: സോബിൻ, സുമിത.



deshabhimani section

Related News

View More
0 comments
Sort by

Home