പതിനൊന്നുകാരന് നേരെ ലൈംഗികാതിക്രമം; അറുപതുകാരന് 107 വര്‍ഷം കഠിനതടവ്

മലപ്പുറം: പതിനൊന്നുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ അറുപതുകാരന് 107 വർഷം കഠിനതടവും നാലരലക്ഷം രൂപ പിഴയും ശിക്ഷ. പീഡനത്തിനിരയാക്കി മാനസികനില തകരാറിലാക്കിയ പൊന്നാനി ഈഴവത്തിരുത്തി ഈശ്വരമംഗലത്ത് കോട്ടൂർ വീട്ടിൽ ദാമോദര (മോഹനൻ –60)നെയാണ് പൊന്നാനി ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് സുബിത ചിറക്കൽ ശിക്ഷിച്ചത്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. പിഴത്തുക കുട്ടിക്ക് നൽകണം. മതിയായ നഷ്ടപരിഹാരം നൽകുന്നതിന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്കും നിർദേശം നൽകി.
2012 മുതൽ 2016 വരെ പല ദിവസങ്ങളിലായി പൊന്നാനി - നെയ്തല്ലൂരിലെ പ്രതിയുടെ വീട്ടിൽവച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇത് കുട്ടിയിൽ മാനസിക പ്രയാസമുണ്ടാക്കിയിരുന്നു. മദ്യവും പണവും ഭക്ഷണവും നൽകി പ്രലോഭിപ്പിച്ച് പീഡിപ്പിച്ചുവെന്നാണ് പൊന്നാനി പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. പൊന്നാനി എസ്ഐ ആയിരുന്ന ശശീന്ദ്രൻ മേലയലാണ് കേസ് രജിസ്റ്റർ ചെയ്തത്. പൊന്നാനി എഎസ്ഐ എ പി ചന്ദ്രശേഖരനാണ് പ്രാഥമികാന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
തിരൂർ ഡിവൈഎസ്‌പിമാരായ എ ജെ ബാബു, കെ എം ബിജു എന്നിവരാണ് തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. കെ കെ സുഗുണ ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.








0 comments