തൊഴിൽനിയമം പൊളിച്ചത് വൻകിട കോർപറേറ്റുകൾക്കുവേണ്ടി : എളമരം കരീം

തിരുവനന്തപുരം
വൻകിട കോർപറേറ്റുകൾക്കുവേണ്ടിയാണ് തൊഴിൽനിയമം പൊളിച്ചടുക്കി തൊഴിലാളിദ്രോഹ നിലപാടിലേക്ക് കേന്ദ്രസർക്കാർ എത്തിയതെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. സമരമല്ലാതെ മറ്റു വഴികളൊന്നും തൊഴിലാളികൾക്കുമുന്നിലില്ല. പാർലമെന്റിൽ എതിർപ്പ് അറിയിക്കാമെന്നുവച്ചാൽ വളരെ കുറഞ്ഞ ദിവസമേ പ്രധാനമന്ത്രി സഭയിൽ എത്തൂവെന്നും എളമരം കരീം പറഞ്ഞു. പണിമുടക്കിയ തൊഴിലാളികൾ രാജ്‌ഭവനുമുന്നിൽ നടത്തിയ പ്രതിഷേധയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവിധ കേന്ദ്രപദ്ധതികളിൽ ജോലിചെയ്യുന്നവരെ കേന്ദ്രസർക്കാർ തൊഴിലാളികളായിപ്പോലും അംഗീകരിച്ചിട്ടില്ല. ആശമാർ, അങ്കണവാടി വർക്കർമാർ, തൊഴിലുറപ്പു തൊഴിലാളികൾ, സ്‌കൂൾ പാചകത്തൊഴിലാളികൾ, ദേശീയാരോഗ്യ ദൗത്യത്തിൽ ജോലിചെയ്യുന്നവർ എന്നിവരെല്ലാം സ്‌കീം വർക്കർമാരാണ്. ഇവർക്ക് ഓണറേറിയമാണ് നൽകുന്നത്. ഇവരെ തൊഴിലാളികളായി അംഗീകരിക്കുകയെന്നത് ട്രേഡ് യുണിയനുകളുടെ വർഷങ്ങളായുള്ള ആവശ്യമാണ്. കോർപറേറ്റുകൾക്ക് കോടികളുടെ ആനുകൂല്യം നൽകുന്ന കേന്ദ്രസർക്കാർ ഇവരെ അവഗണിക്കുന്നു.
ട്രേഡ് യൂണിയൻ ഐക്യം കോൺഗ്രസ് തകർക്കുന്നു
മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ സമരം ചെയ്യുന്നതിൽ കോൺഗ്രസിന് എന്താണ് പ്രയാസമെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. ട്രേഡ് യൂണിയനുകൾ പരമാവധി ഒരുമിച്ച് പോകേണ്ട സന്ദർഭത്തിൽ കേരളത്തിൽ യോജിച്ച സമരം വേണ്ടെന്നാണ് ഐഎൻടിയുസിക്ക് കോൺഗ്രസ് നൽകിയ നിർദേശമെന്നും രാജ്‌ഭവനുമുന്നിലെ തൊഴിലാളികളുടെ പ്രതിഷേധയോഗം ഉദ്‌ഘാടനംചെയ്‌ത് അദ്ദേഹം പറഞ്ഞു.
അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനംചെയ്‌ത ട്രേഡ് യൂണിയനുകളിൽ ഒന്നാമതാണ് ഐഎൻടിയുസി. എന്നാൽ, ആ സംഘടന കേരളത്തിൽ ഇടതുപക്ഷ സംഘടനകൾക്കൊപ്പം ചേർന്ന് പ്രചാരണം നടത്തുന്നതിനെ ഇവിടുത്തെ കോൺഗ്രസ് വിലക്കി. രാജ്യത്തെ ഇടതുപക്ഷ പാർടികളെല്ലാം പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് അങ്ങനൊന്ന് അറിയിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. തൊഴിൽനിയമം പൊളിച്ച് ലേബർ കോഡുണ്ടാക്കിയ മോദി സർക്കാർ മിനിമം വേജ് വികലമാക്കിയ ബില്ല് രാജ്യസഭയിൽ കൊണ്ടുവന്നപ്പോൾ, അതിനെ എതിർക്കാത്ത കോൺഗസ് എംപിമാർ ബിജെപിക്കൊപ്പം അനുകൂലിച്ച് വോട്ടുചെയ്‌തു. ഇടതുപക്ഷത്തെയുൾപെടെ ഒമ്പതു പേരാണ് എതിർത്തതെന്നും എളമരം കരീം പറഞ്ഞു.









0 comments