നിർമല സീതാരാമന്റെ പ്രസ്‌താവന നിക്ഷേപക സൗഹൃദാന്തരീക്ഷത്തെ തകിടംമറിക്കാൻ : എളമരം കരീം

തിരുവനന്തപുരം : കേരളത്തിലെ തൊഴിലാളികളെ അധിക്ഷേപിച്ചുള്ള കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ പ്രസ്താവന അങ്ങേയറ്റം ഹീനവും കേരളവിരുദ്ധവുമാണെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. സംസ്ഥാനത്തിന്റെ നിക്ഷേപക സൗഹൃദാന്തരീക്ഷത്തെ തകിടംമറിക്കാനാണ് ബിജെപി നേതാവായ കേന്ദ്രമന്ത്രിയുടെ പ്രസ്‌താവന. തൊഴിലാളി വിരുദ്ധവും കേരളവിരുദ്ധവുമായ നിലപാടിനെതിരെ മുഴുവൻ തൊഴിലാളികളും ട്രേഡ് യൂണിയനുകളും മുന്നോട്ടുവരണം.
സംസ്ഥാനത്ത് അടുത്തകാലത്തൊന്നും തൊഴിൽ സമരംമൂലം വ്യവസായം അടച്ചുപൂട്ടിയിട്ടില്ല. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ, ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷന്റെ വെള്ളൂർ ന്യൂസ് പ്രിന്റ്, നാഷണൽ ടെക്സ്റ്റൈൽസ് കോർപറേഷന്റെ അഞ്ചു യൂണിറ്റുകൾ കേന്ദ്രസർക്കാർ അടച്ചുപൂട്ടിയത് എന്തെങ്കിലും പ്രശ്നങ്ങളുടെ പേരിലല്ല. കൊച്ചി ബിപിപിസിഎൽ ക്യാമ്പസിൽ പതിനഞ്ചായിരം കോടി രൂപയുടെ വികസന പ്രവർത്തനം ലക്ഷ്യമിട്ടതിനുമുമ്പ് തീർക്കാനായത് തൊഴിലാളികളുടെ ആത്മാർഥ സഹകരണം കൊണ്ടാണെന്ന് എല്ലാവരും സമ്മതിച്ചതാണ്. പദ്ധതി പ്രവർത്തനങ്ങളിലും നിർമാണ മേഖലയിലും 24/7 പ്രവൃത്തി നടക്കണമെന്ന് പരസ്യമായി അഭിപ്രായം പറഞ്ഞവരാണ് ട്രേഡ് യൂണിയനുകൾ. സംസ്ഥാനത്ത് തൊഴിൽ പ്രശ്നങ്ങൾമൂലം പ്രവൃത്തിദിവസങ്ങൾ നഷ്ടപ്പെടുന്നത് ഗണ്യമായി കുറഞ്ഞു.
പൊതുവായ എല്ലാ പ്രശ്നങ്ങളിലും യോജിച്ച നിലപാടാണ് ട്രേഡ് യൂണിയനുകൾക്ക്. രണ്ടു ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപനിർദേശങ്ങൾ വന്ന കൊച്ചിയിലെ നിക്ഷേപക സംഗമത്തിൽ ട്രേഡ് യൂണിയനുകൾക്കെതിരെ ഒരുപരാമർശവുമുണ്ടായില്ല. എന്നിട്ടും കേന്ദ്രമന്ത്രിക്ക് സിഐടിയുവിനെയും സിപിഐ എമ്മിനെയും വേർതിരിച്ചു ആക്ഷേപിക്കാൻ തോന്നിയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും എളമരം കരീം പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.









0 comments