തൊഴിലാളികളെ മതാടിസ്ഥാനത്തിൽ വേർതിരിക്കാൻ ശ്രമം: എളമരം കരീം

കൊച്ചി : തൊഴിലാളികളുടെ ഐക്യം തകർക്കാൻ, ജാതിയുടെയും മതത്തിന്റെയും പേരിൽ വേർതിരിച്ചുനിർത്താൻ ശ്രമിക്കുകയാണെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് എംപ്ലോയീസ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന കൺവൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലാളികൾ സംഘടിതരാകുന്നത് തടയാൻ ആർഎസ്‌എസ്, എസ്‌ഡിപിഐ, ജമാഅത്തെ ഇസ്ലാമി, മുസ്ലിംലീഗ് അടക്കമുള്ള തീവ്ര വർഗീയസംഘടനകൾ ശ്രമിക്കുകയാണ്. മതവിശ്വാസവും വർഗീയതയും ഒന്നല്ല. ഒറ്റക്കെട്ടായാൽ തൊഴിലാളികളെ തോൽപ്പിക്കാൻ ആർക്കുമാകില്ല. തൊഴിലാളികൾക്കിടയിൽ ഭിന്നത ഉണ്ടാക്കുന്നത് മുതലാളിത്തമാണ്. പെഹൽഗാം സംഭവം ബിഹാർ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാനാണ് ബിജെപി ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
മെയ് 20ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ വ്യാപാര–-വാണിജ്യ മേഖലയിൽ പണിയെടുക്കുന്ന എല്ലാ തൊഴിലാളികളോടും കൺവൻഷൻ അഭ്യർഥിച്ചു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി പി സജി, ട്രഷറർ എസ് കൃഷ്‌ണമൂർത്തി, വൈസ് പ്രസിഡന്റുമാരായ കെ പി അനിൽകുമാർ, കവിത സാജൻ, എ ജെ സുക്കാർണോ, സിഐടിയു സംസ്ഥാന സെക്രട്ടറിമാരായ കെ എൻ ഗോപിനാഥ്, എം ഹംസ, സംസ്ഥാന കമ്മിറ്റി അംഗം കെ വി മനോജ്, ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് രഘുനാഥ് പനവേലി തുടങ്ങിയവർ സംസാരിച്ചു.









0 comments