print edition ഇയയോളമേ ഉള്ളൂ ഇൗ കിളിമഞ്ചാരോ!

കെ പി വേണു
Published on Aug 16, 2026, 01:31 AM | 2 min read
ഇയ കൃഷ് തന്റെ സ്വപ്‌നത്തിൽ കൊടുമുടികളെ താരാട്ടുകയാണ്. പർവതാരോഹകയായി ഉത്തുംഗശൃംഗങ്ങൾ കീഴടക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് പിഞ്ചുബാലികയെ ഇങ്ങനെ രൂപപ്പെടുത്തിയത്. ‘നാം കീഴടക്കുന്നത് പർവതത്തെയല്ല, നമ്മെത്തന്നെയാണ്' എന്ന എഡ്മണ്ട് ഹിലരിയുടെ വാക്കുകൾ ഇവിടെ പുനർജനിക്കുന്നു.
ഉത്തരാഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള മൗണ്ട് ടബ്കൽ കൊടുമുടിയുടെ ഉച്ചിയിൽ കഴിഞ്ഞമാസം ഏഴിന് ഇന്ത്യൻ പതാകയുമേന്തി എട്ടുവയസ്സുള്ള ഇയ ചുവടുറപ്പിച്ചപ്പോൾ പിറന്നത് ആ പർവതം കീഴടക്കിയ പ്രായം കുറഞ്ഞ ഏഷ്യൻ ബാലിക എന്ന റെക്കോഡാണ്. ഇതോടൊപ്പം ഇയ കൃഷ് ഇന്ത്യക്കാരിയും മലയാളിയുമെന്നത് ഏറെ അഭിമാനകരവും. തൃശൂർ കുട്ടനെല്ലൂരിലെ കൃഷ്ണരാജ് ഇടത്തൂട്ടിന്റെയും എറണാകുളം ഏലൂരിലെ അരുണ വി പണിക്കരുടെയും മകളാണ് ഇയ. കുടുംബം ജോലിയുടെ ഭാഗമായി യുഎഇയിലെ ഫ്യുജേറയിൽ താമസിച്ചുവരുന്നു. ഇയ ഫ്യുജേറയിലെ റോയൽ പ്രൈവറ്റ് ഇംഗ്ലീഷ് സ്കൂളിൽ രണ്ടാംക്ലാസ് വിദ്യാർഥിനിയാണ്. നാലുവയസ്സുള്ള അസ്ത ജെയ് സഹോദരി.
ശബരിമലയിൽ തുടക്കം
ഇയയിൽ ഒരു പർവതാരോഹകയുടെ സാന്നിധ്യം ആദ്യം കണ്ടെത്തിയത് യാത്രയും മലകയറ്റവുമൊക്കെ ഏറെ ഇഷ്ടപ്പെടുന്ന അച്ഛൻ കൃഷ്ണരാജാണ്. അഞ്ചുവയസ്സുള്ളപ്പോൾ ശബരിമലയാത്രയിൽ മറ്റു കുട്ടികളിൽനിന്ന് വ്യത്യസ്തമായി ഒരു പ്രയാസവുമില്ലാതെ അവൾ പമ്പമുതൽ സന്നിധാനംവരെ നടന്നുകയറി. ഇത് സുഹൃത്തും പർവതാരോഹണ പരിശീലകനുമായ മലപ്പുറം സ്വദേശി നാസർ ഹുസൈൻ പുത്തൻകോടനുമായി പങ്കുവച്ചു. നിരവധി റെക്കോഡുകളുടെ ഉടമയും പ്രമുഖ പർവതാരോഹകനുമായ നാസർ ഹുസൈൻ ഇയയെ ശിഷ്യയാക്കി.
മലകയറ്റം ഒരാവേശമായി ഇയയിലും വളർന്നു. അങ്ങനെയാണ് 2024 മാർച്ച് നാലിന് അച്ഛനും പരിശീലകനുമൊപ്പം ഇയ, ജബൽ ജെയ്സ് കയറുന്നത്. അന്ന് പ്രായം അഞ്ചുവയസ്സും 11 മാസവും. ആറുവയസ്സുള്ള ആദിചെൽവനും കൂടെയുണ്ടായി. യുഎഇയിലെ ഉയർന്ന കൊടുമുടിയായ ജബൽ ജെയ്സ് സമുദ്രനിരപ്പിൽനിന്ന് 1934 മീറ്റർ ഉയരത്തിലാണ്. 16 മണിക്കൂറെടുത്താണ് കയറിയത്. ജബൽ ജെയ്സ് കീഴടക്കിയ പ്രായം കുറഞ്ഞയാളായി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംപിടിച്ചു.
ആഫ്രിക്കയിലെ ഉയരം കൂടിയ പർവതം കിളിമഞ്ചാരോ ആയിരുന്നു അടുത്ത ലക്ഷ്യം. പത്തുവയസ്സ് പൂർത്തിയാകാത്തതിനാൽ പെർമിറ്റ് കിട്ടിയില്ല. തുടർന്നാണ് മൊറോക്കോയിൽ അറ്റ്‌ലസ് പർവതനിരകളിൽ സ്ഥിതിചെയ്യുന്ന 4167 മീറ്റർ ഉയരമുള്ള മൗണ്ട് ടബ്കൽ കൊടുമുടി ലക്ഷ്യംവച്ചത്. പരിശീലകനും ചില സുഹൃത്തുക്കളുമായി മാർച്ച് 26ന് യാത്ര ആരംഭിച്ചു. മഞ്ഞുകാലമാണ്. മൈനസ് 12 വരെ എത്തുന്ന അന്തരീക്ഷ താപനില. നടപ്പാതയിൽ, ഓരോ ചുവടും മുട്ടുവരെ താഴുന്ന മഞ്ഞുകൂന. മൂന്നാംദിവസം, ലക്ഷ്യത്തിലേക്ക് 600 മീറ്റർമാത്രം അവശേഷിക്കെ തിരിച്ചിറങ്ങേണ്ടിവന്നു. ‘ഞാനും മകളും കരഞ്ഞുപോയി' പിന്മാറ്റത്തെക്കുറിച്ച് കൃഷ്ണരാജ് പറഞ്ഞത് ഇങ്ങനെ.
ടബ്കൽ കൊടുമുടിയിലെ ഇന്ത്യൻ പതാക
ജൂൺ മൂന്നിന് കോച്ച്, സുഹൃത്തുക്കളായ അങ്കുഷ് അജിത് ഹാട്ടെ, മുഹമ്മദ് ഫസൽ ഉൾപ്പെടെ അഞ്ചംഗസംഘം വീണ്ടും യാത്രതിരിച്ചു. ഗ്രീൻവേ അഡ്വഞ്ചേഴ്സ് ട്രാവൽ ടൂറിസം എൽഎൽസിയാണ് ദൗത്യം സംഘടിപ്പിച്ചത്. ലോക്കൽ ഗൈഡും കുക്കും സംഘത്തിൽ ചേർന്നു.
അഞ്ചിന് രാവിലെ യാത്ര തുടങ്ങി. നടന്നുകയറാനുള്ള ദൂരം 35 കിലോമീറ്റർ. കുറെ ദൂരം മുകളിലേക്ക് കയറിയും കുറച്ച് തിരിച്ചിറങ്ങിയുമൊക്കെ ഉയരവുമായി സംവദിക്കാൻ ശരീരത്തെ പ്രാപ്തമാക്കി. ഏഴിനാണ് കൊടുമുടിയിലെത്തി കുഞ്ഞിളം കൈകൾ ഇന്ത്യൻ പതാക ഉയരെ പിടിച്ചത്.
കുട്ടികൾ മലകയറുമ്പോൾ
കൊച്ചുകുട്ടികൾ മലകയറുമ്പോൾ ശാരീരികശേഷി വലിയ പ്രശ്നമാണ്. തുടർച്ചയായ നടപ്പ് പെട്ടെന്ന് മടുപ്പുണ്ടാക്കും. അതിനാൽ പുതിയ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുകൊണ്ടിരിക്കണം. ഉയരത്തിലെത്തുമ്പോൾ വിശപ്പുണ്ടാകില്ല. ഭക്ഷണം കഴിച്ചില്ലെങ്കിൽ തളരും. ആൾട്ടിറ്റ്യൂഡ് സിക്ക്നെസ് പെട്ടെന്ന് പിടിപെടാം. സൺ ബേൺ പിടിപെടാതിരിക്കാൻ വലിയ കരുതൽ വേണം.
കുട്ടികൾക്ക് ചേരുന്ന ഷൂസ്, തെർമൽസ്, സോക്സ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ലഭിക്കാൻ പ്രയാസമാണ്. പ്രത്യേകം ഓർഡർ ചെയ്താണ് പലതും സംഘടിപ്പിച്ചത്. ഏറെ സാമ്പത്തിക ചെലവുള്ളതാണ് കുട്ടികളുടെ മലകയറ്റം.
എന്നാൽ, എല്ലാത്തിനുപരി കുട്ടികൾക്കുണ്ടാകുന്ന അനുഭവങ്ങൾ വിലമതിക്കാനാകാത്തതാണ്. ലോകത്തെ ഉയരമുള്ള കൊടുമുടികളെക്കുറിച്ച് ചോദിച്ചാൽ ഇയ വാചാലയാകും. ആഫ്രിക്കയിലെ കിളിമഞ്ചാരോ കീഴടക്കുന്ന ദിനമാണ് ഇപ്പോൾ അവളുടെ സ്വപ്‌നം. തുടർന്ന് യൂറോപ്പിലെ എൽബ്രസ് പർവതം. അങ്ങനെ കൊടുമുടികളെ താരാട്ടി പർവതാരോഹകർക്ക് ആവേശമാകുകയാണ് ഇയ കൃഷ്.










0 comments