കോൺഗ്രസ്, ബിജെപി കേന്ദ്ര സർക്കാരുകളുടെ വികല നയം ; പണിപോകുമെന്ന പേടിയിൽ അധ്യാപകർ


ബിജോ ടോമി
Published on Sep 07, 2025, 02:00 AM | 2 min read
തിരുവനന്തപുരം
കോൺഗ്രസ്, ബിജെപി കേന്ദ്ര സർക്കാരുകൾ നടപ്പിലാക്കില വികലനയം മൂലം, ജോലി നഷ്ടമാകുമെന്ന പേടിയിൽ സംസ്ഥാനത്തെ പകുതിയിലധികം സ്‌കൂൾ അധ്യാപകർ. വിദ്യഭ്യാസ അവകാശ നിയമം (ആർടിഇ) പ്രകാരമുള്ള അധ്യാപക യോഗ്യത പരീക്ഷ (ടെറ്റ്)ക്ക് മുൻകാലപ്രാബല്യം കണക്കാക്കി സുപ്രീംകോടതി വിധി വന്നതാണ് തിരിച്ചടിയായത്.
കേരളത്തിലെ 80,000 അധ്യാപകർക്ക് ഇത് തൊഴിൽ ഭീഷണി ഉയർത്തും. വിരമിക്കാൻ ഇനി അഞ്ച് വർഷം ഉള്ളവരൊഴികെ മുഴുവൻ അധ്യാപകരും 2027 സെപ്‌തംബർ 1ന് മുമ്പ് ടെറ്റ് യോഗ്യത നേടണമെന്നാണ് ഉത്തവ്. അല്ലാത്തവർക്ക് നിർബന്ധിത വിരമിക്കൽ നൽകണമെന്നുമുണ്ട്. അഞ്ച് വർഷംമാത്രം സർവീസുള്ളവർക്ക് തൊഴിൽ നഷ്‌ടമാകില്ലെങ്കിലും സ്ഥാനക്കയറ്റം നഷ്‌ടമാകും.
ആർടിഇ, കേന്ദ്ര വിദ്യാഭ്യാസവകുപ്പ് പുറപ്പെടുവിച്ച സർക്കുലർഎന്നിവ മുൻനിർത്തിയാണ് വിധി. ഒരു തൊഴിൽ മേഖലയിൽ പുതിയ യോഗ്യത നിഷ്‌കർഷിക്കുമ്പോൾ നിലവിലുള്ളവർക്ക് ഇളവ് നൽകാറുണ്ട്. എന്നാൽ, കോൺഗ്രസ്, ബിജെപി കേന്ദ്രസർക്കാരുകൾ ഇത് ചെയ്തില്ല.
2011 ഏപ്രിൽ 30 മുതലാണ് കേരളത്തിൽ ആർടിഇ നടപ്പിലാക്കിയത്. 2012 മുതൽ നിയമിക്കപ്പെട്ടവർക്ക് കെ ടെറ്റ് നിർബന്ധമാക്കി. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ നടപ്പിലാക്കിയ 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലാണ് ടെറ്റ് നിഷ്‌കർഷിക്കപ്പെട്ടത്. നിയമം വരുന്നതിന് മുന്പ് ജോലിയിൽ പ്രവേശിച്ചവരും ടെറ്റ് നേടണമെന്ന് ഇതിൽപറയുന്നു. 2017ൽ മോദി സർക്കാർ നടത്തിയ ഭേദഗതിയിലൂടെ ഇത്തരം അധ്യാപകരെ പിരിച്ചു വിടുമെന്നും വ്യക്തമാക്കി.
എല്ലാവർഷവും മൂന്ന് ടെറ്റ് പരീക്ഷകൾ സംസ്ഥാനത്ത് നടക്കാറുണ്ട്. സംസ്ഥാനത്ത് ഇളവ് അനുവദിച്ചിരുന്നതിനാൽ 2012ന് മുന്പ് ജോലിയിൽ പ്രവേശിച്ചവർ ഇത് എഴുതിയിരുന്നില്ല. സുപ്രീംകോടതി വിധിയോടെ ഇൗ ഇളവ് ഇല്ലാതായത് ഇരുട്ടടിയായി.
കേന്ദ്രം നിയമനിർമാണം നടത്തണം: കെഎസ്ടിഎ
രാജ്യത്തെ മുഴുവൻ അധ്യാപകരും രണ്ടു വർഷത്തിനുള്ളിൽ ടെറ്റ് പരീക്ഷ വിജയിക്കണമെന്ന സുപ്രീംകോടതി വിധി സംസ്ഥാനത്തെ വലിയൊരു വിഭാഗം അധ്യാപകരെ പ്രതികൂലമായി ബാധിക്കുമെന്ന് കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെഎസ്ടിഎ). വിധി സങ്കീർണമായ പ്രശ്നങ്ങളുമുണ്ടാക്കും. നിയമം പ്രാബല്യത്തിൽ വരുന്നതിനു മുന്പ് നിലവിലുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നിയമനിർമാണം നടത്താൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് കെഎസ്ടിഎ ആവശ്യപ്പെട്ടു. ഈ ആവശ്യമടക്കം ഉന്നയിച്ച് സ്കൂൾ ടീച്ചേഴ്സ് ഫെഡറഷൻ ഓഫ് ഇന്ത്യ (എസ്ടിഎഫ്ഐ) നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ ഓഫിസുകൾക്ക് മുമ്പിലും 20ന് കെഎസ്ടിഎ നേതൃത്വത്തിൽ ധർണ നടത്തും.
അധ്യാപകരെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ആവുന്നതെല്ലാം ചെയ്യുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു. രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ ദോഷകരമായി ബാധിക്കുന്ന സ്ഥിതിയുണ്ടായിട്ടും മൗനം തുടരുന്ന കേന്ദ്രത്തിന്റെ നടപടി ദുരൂഹമാണെന്നും കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് ഡി സുധീഷ്, ജനറൽ സെക്രട്ടറി ടി കെ എ ഷാഫി എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.










0 comments