print edition വീണ്ടും ഇ ഡിയുടെ രാഷ്‌ട്രീയ വേട്ട

കോഴിക്കോട് : എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) രാഷ്‌ട്രീയ ഏജൻസിയാണെന്ന് ആവർത്തിച്ച് വ്യക്തമാക്കി വീണ്ടും റെയ്‌ഡ്. ചൊവ്വാഴ്‌ച ഇഡി കോഴിക്കോട് എട്ടിടങ്ങളിൽ നടത്തിയ റെയ്‌ഡ് ഇക്കാര്യം കൂടുതൽ വ്യക്തമാക്കുന്നത്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി നിഖിലിന്റെ വീട്ടിലടക്കം നടത്തിയ റെയ്‌ഡിനുപിന്നിലെ അജൻഡ രാഷ്‌ട്രീയപ്രേരിതമാണ്. തുടക്കംമുതൽ സിഎംആർഎൽ– എക്സാലോജിക് കേസ് സിപിഐ എമ്മിനെ കുടുക്കാനുള്ള ആയുധമായാണ് കേന്ദ്രസർക്കാർ ഉപയോഗിക്കുന്നത്.
തെരഞ്ഞെടുപ്പിലും പിന്നീട് വോട്ടെടുപ്പിലും സിപിഐ എമ്മിനെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി നടത്തിയ കോൺഗ്രസ് – ബിജെപി ഡീലിന്റെ തുടർച്ചയാണ് കേന്ദ്ര അന്വേഷണ ഏജൻസിയുടെ രാഷ്‌ട്രീയ വേട്ട. സിപിഐ എമ്മിനെ തകർക്കാൻ ഹീനമായ പകപോക്കലാണ് ഇരുകൂട്ടരും ലക്ഷ്യമിടുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നടത്തിയ റെയ്‌ഡായിരുന്നു തുടക്കം. ഇതിന്റെ തുടർച്ചയാണ് കോഴിക്കോട് നടന്ന റെയ്‌ഡും.
വി ഡി സതീശൻ സർക്കാർ അധികാരമേറ്റശേഷം മോദിയുടെ ഏജൻസി നടത്തുന്ന രണ്ടാമത്തെ ഇഡി വേട്ടയാണിത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുയർത്തി, സിപിഐ എമ്മിനെയും നേതൃത്വത്തെയും പുകമറയിലും സംശയമുനയിലും നിർത്തുകയാണ് തന്ത്രം. ബിജെപിയുടെ കേന്ദ്രസർക്കാരും കോൺഗ്രസ് നയിക്കുന്ന സംസ്ഥാന സർക്കാരും ഇൗ വേട്ടയിൽ തുല്യപങ്കാളികളാണ്. കേന്ദ്രസേനയും ഇഡിയും പൊലീസും ചേർന്നുള്ള രാഷ്‌ട്രീയ കടന്നാക്രമണമാണ് അരങ്ങേറുന്നത്. ചൊവ്വാഴ്ചത്തെ റെയ്‌ഡിൽ ക്രമവിരുദ്ധമായി ഒന്നും കണ്ടെത്താനായില്ല. ഒരുവിഭാഗം മാധ്യമങ്ങളെ മുൻകൂർ അറിയിച്ചായിരുന്നു പരിശോധനയെന്നതും ശ്രദ്ധേയം.










0 comments