ഇടപ്പള്ളി പൊലീസ്‌ സ്‌റ്റേഷൻ ആക്രമണം; കനലാറാത്ത പോരാട്ട ചരിത്രത്തിന്‌ നാളെ 75 വയസ്സ്‌

edappalli
avatar
എം എസ്‌ അശോകൻ

Published on Feb 27, 2025, 01:38 AM | 2 min read

കൊച്ചി: കമ്യൂണിസ്‌റ്റ്‌ മുന്നേറ്റങ്ങളുടെ ചരിത്രത്തിലേക്ക്‌ ഇടപ്പള്ളിയിൽനിന്ന്‌ ഒഴുകിപ്പടർന്ന പോർവീര്യത്തിന്‌ എഴുപത്തഞ്ചാണ്ടിനിപ്പുറവും കാലം ചൂടാറ്റാത്ത കനൽ ചുവപ്പ്‌. പുന്നപ്രയും വയലാറും കയ്യൂരും കരിവള്ളൂരും ചുവപ്പിച്ച കമ്യൂണിസ്‌റ്റ്‌ പോരാട്ട ചരിത്രത്തിന്‌ 1950 ഫെബ്രുവരി 28ലെ ഇടപ്പള്ളി പൊലീസ്‌ സ്‌റ്റേഷൻ ആക്രമണം കനൽച്ചൂട്‌ പകർന്നു. എന്നും ആവേശം പകരുന്ന സമരസ്‌മരണയ്‌ക്ക്‌ വെള്ളിയാഴ്‌ച 75 വയസ്സ്‌.


കൊടിയ മർദനത്തിനിരയായ കമ്യൂണിസ്‌റ്റ്‌ നേതാക്കളായ എൻ കെ മാധവനെയും വറുതുകുട്ടിയെയും ലോക്കപ്പിൽനിന്ന്‌ മോചിപ്പിക്കാനായിരുന്നു ആക്രമണം. അതിനായി പുറപ്പെട്ട 17 അംഗ സംഘത്തിന്റെ തലവൻ ആലുവ വ്യവസായ മേഖലയിലെ തൊഴിലാളി നേതാവുകൂടിയായ കെ സി മാത്യുവായിരുന്നു. ഒപ്പം എം എം ലോറൻസ്‌, വി വിശ്വനാഥമേനോൻ, കെ യു ദാസ്‌, കെ എ എബ്രഹാം, മഞ്ഞുമ്മൽ കൃഷ്‌ണൻകുട്ടി, ഒ രാഘവൻ, എം എ അരവിന്ദാക്ഷൻ, വി സി ചാഞ്ചൻ, വി പി സുരേന്ദ്രൻ, വി കെ സുഗുണൻ, കുഞ്ഞൻബാവ, ടി ടി മാധവൻ, എസ്‌ ശിവശങ്കരപിള്ള, സി എൻ കൃഷ്‌ണൻ, കുഞ്ഞപ്പൻ, കൃഷ്‌ണപിള്ള എന്നിവരും.


കൽക്കത്ത തീസിസിനെ തുടർന്ന്‌ നിരോധിക്കപ്പെട്ട പാർടി പ്രഖ്യാപിച്ച മാർച്ച്‌ ഒമ്പതിലെ റെയിൽവേ പണിമുടക്ക്‌ വിജയിപ്പിക്കാനുള്ള രഹസ്യ പ്രവർത്തനത്തിലായിരുന്നു നേതാക്കൾ. ഫെബ്രുവരി 26ന്‌ പോണേക്കരയിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തു മടങ്ങവേ എൻ കെയും വറുതൂട്ടിയും പിടിയിലായി. പിറ്റേന്നത്തെ യോഗത്തിന്‌ എത്തിയ നേതാക്കൾ ലോക്കപ്പ്‌ മർദനത്തിന്റെ വാർത്തയറിഞ്ഞു. എന്ത് വിലകൊടുത്തും നേതാക്കളെ സ്റ്റേഷനിൽനിന്ന് മോചിപ്പിക്കാൻ തീരുമാനിച്ചു. 28ന് പുലർച്ചെ 17 അംഗ സംഘം ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. ചെറുത്തുനിൽപ്പിനിടെ ഗുരുതര പരിക്കേറ്റ രണ്ട്‌ പൊലീസുകാർ പിന്നീട്‌ മരിച്ചു.


ലോക്കപ്പ്‌ തുറക്കാനാകാതെ പത്തുമിനിറ്റ്‌ നീണ്ട ആക്‌ഷൻ അവസാനിപ്പിച്ച്‌ സംഘം പിൻവാങ്ങി. പിറ്റേന്നുമുതൽ പൊലീസ്‌ നാടിളക്കി തിരച്ചിലാരംഭിച്ചു. ലോറൻസ് അടക്കമുള്ളവർ പിടിയിലായി. പിന്നീട്‌ കൊടിയ മർദനത്തിന്റെ നാളുകളായിരുന്നു. മർദനമേറ്റ്‌ 1950 മാർച്ച്‌ 23ന്‌ കെ യു ദാസ്‌ രക്തസാക്ഷിയായി. കോൺഗ്രസ്‌ നൽകിയ പട്ടികപ്രകാരം 33 പേരെ കേസിൽ പ്രതിചേർത്തു. 1952 മാർച്ച്‌ എട്ടിന്‌ എറണാകുളം സെഷൻസ്‌ കോടതി വിധി പറഞ്ഞു. 21 പ്രതികളെ വിട്ടയച്ച കോടതി 10 പേർക്ക്‌ ജീവപര്യന്തം തടവും പിഴയും വിധിച്ചു. രണ്ട്‌ പ്രതികളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.


പിന്നീട്‌ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും അപ്പീൽ തള്ളി. ആദ്യ കമ്യൂണിസ്‌റ്റ്‌ മന്ത്രിസഭ അധികാരത്തിലേറിയശേഷം രാഷ്‌ട്രീയ തടവുകാരെ വിട്ടയക്കാനെടുത്ത തീരുമാനപ്രകാരം, ഇടപ്പള്ളി കേസിൽ ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട പത്തുപേരും 1957 ഏപ്രിൽ 12ന്‌ ജയിൽ മോചിതരായി.


75‐ാം വാർഷികാചരണം ടൗൺഹാളിൽ

കൊച്ചി: ഇടപ്പള്ളി സ്‌റ്റേഷൻ ആക്രമണ സമരത്തിന്റെ എഴുപത്തിയഞ്ചാം വാർഷികദിനമായ വെള്ളിയാഴ്‌ച സിപിഐ എമ്മും സിപിഐയും സംയുക്തമായി പ്രത്യേക അനുസ്‌മരണപരിപാടി സംഘടിപ്പിക്കും. വൈകീട്ട്‌ നാലിന്‌ എറണാകുളം ടൗൺഹാളിൽ ചേരുന്ന സമ്മേളനത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം എന്നിവർ സംസാരിക്കും.




deshabhimani section

Related News

View More
0 comments
Sort by

Home