ഗതാഗതക്കുരുക്ക്‌ തുടരുന്നതായി കലക്ടർ

print edition ഇടപ്പള്ളി–മണ്ണുത്തി ദേശീയപാത :
 നിർദേശങ്ങൾ രണ്ടാഴ്‌ചയ്‌ക്കകം നടപ്പാക്കണം ; ഹൈക്കോടതി

Paliakkara Toll
വെബ് ഡെസ്ക്

Published on Nov 04, 2025, 03:21 AM | 1 min read


കൊച്ചി

ഇടപ്പള്ളി–-മണ്ണുത്തി ദേശീയപാതയിൽ അടിപ്പാതകളുടെ നിർമാണം നടക്കുന്ന ഭാഗത്ത് സമയബന്ധിത അറ്റകുറ്റപ്പണികളും സുരക്ഷാക്രമീകരണങ്ങളും ഉറപ്പാക്കണമെന്ന് ദേശീയപാത അതോറിറ്റിക്ക് ഹൈക്കോടതി നിർദേശം നൽകി. ഇതുസംബന്ധിച്ച് കലക്ടറുടെ നേതൃത്വത്തിലുള്ള ഇടക്കാല മേൽനോട്ടസമിതിയുടെ നിർദേശങ്ങൾ നടപ്പാക്കി രണ്ടാഴ്ചയ്ക്കകം സമിതിക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.


അതേസമയം പാതയിൽ ഗതാഗതക്കുരുക്ക് തുടരുകയാണെന്ന് ഓൺലൈനായി ഹാജരായ തൃശൂർ കലക്ടർ കോടതിയെ അറിയിച്ചു. ഭൂമി കുഴിക്കുന്ന ജോലികളടക്കം നടക്കുന്നതിനാൽ സുരക്ഷാപ്രശ്നങ്ങളുമുണ്ട്. പാർശ്വഭിത്തികളും ബാരിക്കേഡുകളും വേണ്ടത്ര സ്ഥാപിച്ചിട്ടില്ല. സർവീസ് റോഡുകളിൽനിന്നുള്ള പ്രവേശനഭാഗങ്ങളിൽ റോഡ് തകർന്നിട്ടുണ്ടെന്നും അറിയിച്ചു. മേൽനോട്ടസമിതിയുടെ നിർദേശങ്ങൾ പരമാവധി പാലിക്കുന്നുണ്ടെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ മറുപടി. തുടർന്നാണ് അറ്റകുറ്റപ്പണി സമയബന്ധിതമായി നടത്താൻ കോടതി നിർദേശിച്ചത്.


ഗതാഗത തടസ്സം തുടരുമ്പോഴും തൃശൂർ പാലിയേക്കരയിൽ ടോൾ പിരിവ് തുടരുന്നതിനെതിരെ നൽകിയ ഹർജികളാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. കോടതി നിർദേശപ്രകാരം, 70 ദിവസത്തിലധികം നിർത്തിവച്ചിരുന്ന ടോൾ പിരിവ് ഒക്ടോബർ 17ന് പുനഃസ്ഥാപിച്ചിരുന്നു. ടോൾ പിരിവ് പുനഃസ്ഥാപിച്ച ഉത്തരവ് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജിക്കാരൻ ഉപഹർജി നൽകി. ദേശീയപാതയിൽ കുരുക്ക് രൂക്ഷമാണ്. ശബരിമല സീസണിൽ ഇത് ദുരിതമാകും. ടോൾ കരാറുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്ക് മുടക്കുമുതലും ലാഭവും കിട്ടിക്കഴിഞ്ഞു. എന്നിട്ടും 2028 വരെ ടോൾ പിരിക്കാൻ കമ്പനിക്ക് അനുവാദം നൽകിയതിനെയും ഹർജിയിൽ ചോദ്യം ചെയ്‌തിട്ടുണ്ട്. ഹർജി ഡിസംബർ മൂന്നിന് വീണ്ടും പരിഗണിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home