ad
Deshabhimani

print edition പരിസ്ഥിതിലോല മേഖല കരട്‌ വിജ്ഞാപനം: സർക്കാർമ‍ൗനം ആശങ്കാജനകം

Western ghats.jpg
വെബ് ഡെസ്ക്

Published on Aug 02, 2026, 12:01 AM | 1 min read

തിരുവനന്തപുരം: പരിസ്ഥിതിലോല മേഖലാ പരിധിയിൽ മാറ്റംവരുത്താതെ കേന്ദ്രസർക്കാർ വീണ്ടും കരട്‌ വിജ്ഞാപനം ഇറക്കിയതിൽ സംസ്ഥാന സർക്കാറിന്റെ മ‍ൗനം ആശങ്കപ്പെടുത്തുന്നതാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ പറഞ്ഞു. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഇഎസ്‌എ പരിധിയിൽനിന്ന്‌ ഒഴിവാക്കി എൽഡിഎഫ്‌ സർക്കാർ നൽകിയ റിപ്പോർട്ട്‌ അംഗീകരിക്കാതെയാണ്‌ കേന്ദ്രത്തിന്റെ വിജ്ഞാപനം. ഇത്‌ ജനങ്ങളിൽ കടുത്ത അരക്ഷിതാവസ്ഥയും ആശങ്കയും സൃഷ്‌ടിച്ചിട്ടുണ്ട്‌. ഫലപ്രദമായ ഇടപെടലുണ്ടായില്ലെങ്കിൽ ലക്ഷക്കണക്കിന്‌ കുടുംബങ്ങൾ വലിയ വില നൽകേണ്ടിവരും. ആ ഗ‍ൗരവത്തിൽ വിഷയത്തെ സർക്കാർ സമീപിക്കണമെന്ന്‌ പിണറായി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.


എൽഡിഎഫ്‌ സർക്കാർ സ്വീകരിച്ച നയം യുഡിഎഫ്‌ സർക്കാർ തുടരില്ലേയെന്ന ആശങ്കയാണ്‌ ജനങ്ങൾക്കുള്ളത്‌. 2024ലെ കരടിന്‌ സമാനമായി 131 വില്ലേജിലായി 9993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇഎസ്‌എ പരിധിയിൽ തുടരുകയാണ്‌. ഇഎസ്‌എ ബാധകമാകുന്ന വില്ലേജുകൾ 98 ആയി കുറയ്‌ക്കാനും ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉൾപ്പെടുന്ന 1300 ചതുരശ്ര കിലോമീറ്റർ ഒഴിവാക്കാനുമാണ്‌ കേരളം ആവശ്യപ്പെട്ടത്‌. നാടിന്റെ പൊതുപ്രശ്‌നത്തിൽ എൽഡിഎഫ്‌ സർക്കാർ സ്വീകരിച്ച നയം യുഡിഎഫ്‌ സർക്കാർ തുടരുമോയെന്ന്‌ വ്യക്തമാക്കണം.

ഗാഡ്‌ഗിൽ കമ്മറ്റി റിപ്പോർട്ട്‌ വലിയ ആശങ്ക സൃഷ്‌ടിച്ചപ്പോൾ റിപ്പോർട്ടിന്‌ അനുകൂല നിലപാട്‌ സ്വീകരിച്ച ഹരിത എംഎൽഎമാരിൽ ഉൾപ്പെട്ട ആളാണ്‌ ഇപ്പോൾ മുഖ്യമന്ത്രി. ഇഎസ്‌എ വ്യാപ്‌തി കൂട്ടണമെന്നതായിരുന്നു നിലപാട്‌. ജനവാസ മേഖലകളെ ഒഴിവാക്കാൻ കസ്‌തൂരിരംഗൻ റിപ്പോർട്ടിൽ ശുപാർശ ചെയ്‌തതും അവർ എതിർത്തു. പല നിലപാടുകളിലും മലക്കംമറിയുന്ന യുഡിഎഫ്‌ സർക്കാർ ഇഎസ്‌എ വിഷയത്തിൽ ജനങ്ങൾക്ക്‌ അനുകൂലമായ നിലപാട്‌ സ്വീകരിക്കുമോയെന്ന്‌ വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home