കൊച്ചി വിമാനത്താവളത്തിൽ എബോള നിരീക്ഷണം ശക്തമാക്കി; നിയന്ത്രണങ്ങൾ എന്തൊക്കെ?

ഫയൽ ചിത്രം
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) എബോള നിരീക്ഷണം ശക്തമാക്കി. സിയാലും എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷനും തമ്മിലുള്ള അടിയന്തര യോഗത്തിന് ശേഷമാണ് തീരുമാനം. വിമാനത്താവളത്തിൽ 24 മണിക്കൂർ നിരീക്ഷണ സംവിധാനം സജ്ജമാക്കി.
അന്താരാഷ്ട്ര യാത്രക്കാർക്ക് തെർമൽ സ്‌ക്രീനിംഗ്, 21 ദിവസത്തെ യാത്രാ ചരിത്ര പരിശോധന, സെൽഫ് ഡിക്ലറേഷൻ ഫോമുകൾ എന്നിവ നിർബന്ധമാക്കിയിട്ടുണ്ട്. കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കും.
മുൻകരുതലിൻ്റെ ഭാഗമായി എറണാകുളം ജനറൽ ആശുപത്രി, കളമശ്ശേരി സർക്കാർ മെഡിക്കൽ കോളേജ്, ആലുവ ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ പ്രത്യേക ഐസൊലേഷൻ വാർഡുകൾ ക്രമീകരിച്ചിട്ടുണ്ട്.
എബോള വൈറസിന്റെ ഇൻകുബേഷൻ കാലയളവ് 2 മുതൽ 21 ദിവസം വരെയാണ്. പനി, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും, രോഗബാധിതരുടെ ശരീരസ്രവങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗം പടരാം. രോഗ ബാധിതരുടെ മരണനിരക്ക് 30 മുതൽ 50 ശതമാനം വരെയാകാം.
നിലവിൽ പടരുന്ന 'ബുണ്ടിബുഗ്യോ എബോള വൈറസിന്' (BDBV) വ്യാപകമായി അംഗീകരിക്കപ്പെട്ട വാക്സിനോ പ്രത്യേക ചികിത്സയോ ലഭ്യമല്ലെന്ന് അധികൃതർ വ്യക്തമാക്കി. ത്രീ-ലെയർ മാസ്കുകളുടെ ഉപയോഗം, സോപ്പ് ഉപയോഗിച്ച് പതിവായി കൈകഴുകൽ എന്നിവയുൾപ്പെടെയുള്ള കർശനമായ അണുബാധ പ്രതിരോധ നടപടികൾ പാലിക്കണമെന്ന് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകി.










0 comments