മറ്റത്തൂരിൽ ബിജെപിയുടെയും ചൊവ്വന്നൂരിൽ എസ്‌ഡിപിയുടെയും പിന്തുണയോടെ ജയിച്ചവർ രാജിവയ്‌ക്കാതെ തുടരുന്നു
print edition വടക്കാഞ്ചേരിയിലെ കള്ളപ്രചാരണം മറ്റത്തൂർ മറയ്‌ക്കാൻ ; ലീഗ് സ്വതന്ത്രൻ സത്യം വെളിപ്പെടുത്തിയതോടെ നുണക്കഥ പൊളിഞ്ഞു

സി എ പ്രേമചന്ദ്രൻ
Published on Jan 03, 2026, 02:18 AM | 1 min read
തൃശൂർ
മറ്റത്തൂരിലെ താമരക്കൈമാറ്റം ദേശീയ വാർത്തയായതോടെ നാണംകെട്ട കോൺഗ്രസ്, വടക്കാഞ്ചേരിയിൽ കള്ളപ്രചാരണവുമായി രംഗത്ത്. മറ്റത്തൂരിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച എട്ട് കോൺഗ്രസുകാർ ബിജെപിയുമായി ചേർന്ന് ഭരണം പിടിച്ചത് ദേശീയ വാർത്തയായിരുന്നു. ചൊവ്വന്നൂരിൽ എസ്‌ഡിപിഐയുമായി കൂട്ടുകച്ചവടം നടത്തിയും ഭരണംനേടി. പഞ്ചായത്ത് ഭരണം ലഭിക്കാൻപോലും ഏത് വർഗീയ കക്ഷിയുമായും കൂട്ടുചേരുമെന്ന് തെളിയിച്ച കോൺഗ്രസ് ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ടു. ഇതോടെയാണ് മാധ്യമങ്ങളുമായി ചേർന്ന് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പേരിൽ സിപിഐ എമ്മിനെതിരെ കള്ളപ്രചാരണവുമായി എത്തിയത്. വസ്‌തുതകൾ പുറത്തുവന്നതോടെ കള്ളവാർത്തയ്‌ക്ക് ആയുസുണ്ടായില്ല. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ലീഗ് സ്വതന്ത്രൻ ഇ യു ജാഫറാണ് എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്‌തത്. ഇത് കോഴ വാങ്ങിയാണെന്നായിരുന്നു കുപ്രചാരണം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുസ്‌തഫയോട് തമാശ രൂപേണ പറഞ്ഞ കാര്യങ്ങളാണ് വിവാദമാക്കിയതെന്ന് ജാഫർ തന്നെ വ്യക്തമാക്കി.
പുറത്തുവിട്ട ഫോൺ സംഭാഷണവും സിപിഐ എം നേതാക്കളുമായി നടത്തിയതല്ല.
എന്നാൽ, ‘കൂറുമാറാൻ സിപിഐ എം കോഴ’ എന്ന പച്ച നുണ മനോരമ കെട്ടിപ്പൊക്കി. ഇത് ദൃശ്യ മാധ്യമങ്ങളും പ്രചരിപ്പിച്ചു. വാർത്തയിൽ ഇടംപിടിക്കാൻ പ്രതിഷേധ നാടകവും കോൺഗ്രസ് അവതരിപ്പിച്ചു. വെങ്കിടങ്ങിലായിരുന്ന ജാഫറിനെ തേടിപ്പിടിച്ച മാധ്യമങ്ങൾ ചോദ്യങ്ങളുമായി വളഞ്ഞിട്ട് ആക്രമിച്ചു. പിന്തുണതേടി സിപിഐ എം നേതാക്കൾ സമീപിച്ചിട്ടില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ ജാഫർ കോൾ ലിസ്‌റ്റുകൾ പരിശോധിച്ചോളൂ എന്നുകൂടി പറഞ്ഞതോടെ നുണക്കോട്ട പൊളിഞ്ഞു.

മറ്റത്തൂരിലും ചൊവ്വന്നൂരിലും വർഗീയ കൂട്ടുകെട്ടിൽ കോൺഗ്രസ് അംഗങ്ങൾ നേടിയ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ രാജിവച്ചിട്ടില്ല. ഡിസിസി പ്രസിഡന്റ് അന്ത്യശാസനം നൽകിയെന്ന് പറയുന്പോഴും സ്ഥാനങ്ങളിൽ തുടരുകയാണ്. മറ്റത്തൂരിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂർജഹാനെ രാജിവയ്‌പിച്ച് മുഖം രക്ഷിക്കാനാണ് നീക്കം. അതേസമയം, ബിജെപിയെ പിണക്കാതിരിക്കാൻ പ്രസിഡന്റ് ടെസി ജോസിനെ രാജിവയ്‌പ്പിക്കില്ല. നൂർജഹാൻ രാജിവച്ചാൽ മറ്റംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരായ പാർടി നടപടി പിൻവലിക്കുമെന്നാണ് കെപിസിസി–ഡ-ിസിസി നേതാക്കൾ തമ്മിലുള്ള ധാരണ.










0 comments