ഉദ്യോഗസ്ഥരുമില്ല പദ്ധതിയുമില്ല, വെറുതെ ഒരു ഓഫീസ്; തുടങ്ങും മുൻപേ അനിശ്ചിതത്വത്തിലായി ഇ ശ്രീധരന്റെ അതിവേഗ റെയിൽ

മലപ്പുറം: മെട്രോമാൻ ഇ ശ്രീധരൻ വലിയ പ്രതീക്ഷയോടെ തുടക്കം കുറിച്ച കേരളത്തിലെ അതിവേഗ റെയിൽ പദ്ധതി അനിശ്ചിതത്വത്തിൽ. കേന്ദ്ര ബജറ്റിൽ പദ്ധതിയെക്കുറിച്ച് പരാമർശമില്ലാത്തതും, റെയിൽവേ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകാത്തതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
പൊന്നാനിയിൽ കഴിഞ്ഞ തിങ്കളാഴ്ച അദ്ദേഹം തുറന്ന പ്രോജക്ട് ഓഫീസിന്റെ പ്രവർത്തനവും വഴിമുട്ടിയ നിലയിലാണ്. ഓഫീസ് പ്രവർത്തനം ആരംഭിച്ച് അഞ്ച് ദിവസം പിന്നിട്ടിട്ടും ഡിഎംആർസി ഉദ്യോഗസ്ഥരാരും അവിടെ എത്തിയിട്ടില്ല.
ഉദ്യോഗസ്ഥർ ഘട്ടം ഘട്ടമായി എത്തുമെന്നായിരുന്നു ശ്രീധരൻ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് വ്യക്തമായ മറുപടി ലഭിക്കാത്തതിനാൽ ഉദ്യോഗസ്ഥർ എത്തുന്ന കാര്യത്തിലും വ്യക്തതയില്ല. പദ്ധതിയെക്കുറിച്ച് വിവരം ലഭിക്കാത്തതിനാൽ സംസ്ഥാന ബിജെപി നേതൃത്വവും ആശയക്കുഴപ്പത്തിലാണ്.
കഴിഞ്ഞ ദിവസം രാജ്യസഭയിൽ എംപിമാരായ ഹാരിസ് ബീരാനും ജോൺ ബ്രിട്ടാസും ഇ ശ്രീധരന്റെ പങ്കിനെക്കുറിച്ച് ചോദിച്ചെങ്കിലും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമായ മറുപടി നൽകാൻ തയ്യാറായില്ല. കേരളത്തിലെ ഏത് അതിവേഗ റെയിൽ പദ്ധതിയെയും പിന്തുണയ്ക്കാൻ തയ്യാറാണെന്ന പൊതുവായ പ്രസ്താവന മാത്രമാണ് മന്ത്രി നടത്തിയത്.
ഏപ്രിൽ-മെയ് മാസങ്ങളിൽ ഫീൽഡ് വർക്ക് തുടങ്ങുമെന്നും 22 സ്റ്റേഷനുകൾ ഉണ്ടാകുമെന്നും ശ്രീധരൻ പ്രഖ്യാപിച്ചിരുന്നെങ്കിലും കേന്ദ്രത്തിന്റെ മൗനം പദ്ധതിയുടെ ഭാവി ചോദ്യചിഹ്നമാക്കുകയാണ്.
അതേസമയം, സിൽവർ ലൈനിന് പകരമായി സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ച ആർആർടിഎസ് പദ്ധതിയുമായി മുന്നോട്ടുപോകാനാണ് സംസ്ഥാനത്തിന്റെ തീരുമാനം.









0 comments