സതീശൻ പറഞ്ഞയക്കുന്ന ആളെയുംകൂട്ടി ബാങ്കിൽപോകാം; വെല്ലുവിളിച്ച് ഡിവൈഎഫ്ഐ

വി വസീഫ്
കോഴിക്കോട്: വയനാട് ദുരന്തബാധിതരെ സഹായിക്കാനെന്ന പേരിൽ പിരിച്ചെടുത്ത പണം മുക്കിയ യൂത്ത് കോൺഗ്രസ് ജനങ്ങളോട് മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ആവശ്യപ്പെട്ടു. ഈ നിമിഷംവരെയും പ്രഖ്യാപിച്ച വീടുകളെക്കുറിച്ച് സംസാരിക്കാൻ യൂത്ത് കോൺഗ്രസ് നേതാക്കൾ തയ്യാറാല്ല. ഇപ്പോൾ വീടുമില്ല, പിരിച്ചെടുത്ത പണത്തിന് കണക്കുമില്ല. പണം പിരിക്കാനായി തുടങ്ങിയ മൊബൈൽ ആപ്പ് പോലും കാണാനില്ല. ദുരന്തബാധിതരെ തെറ്റിധരിപ്പിച്ച യൂത്ത് കോൺഗ്രസ് മാപ്പ് പറയണമെന്നും വസീഫ് കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ ഉത്തരവുകളും ബാങ്ക് രേഖകളുമടക്കം വസീഫ് വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു.
സംസ്ഥാന സർക്കാരുമായി സഹകരിച്ച് 25 വീടുകൾ നിർമിക്കുമെന്നാണ് ഡിവൈഎഫ്ഐ ആദ്യം പ്രഖ്യാപിച്ചത്. അതിന് പിന്നാലെ യൂത്ത് കോൺഗ്രസിന്റെ അന്നത്തെ സംസ്ഥാന പ്രസിഡന്റ് 30 വീടുകൾ സംഘടന നിർമിക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു.
നാട്ടിലിറങ്ങി അധ്വാനിച്ചാണ് ഓരോ ഡിവൈഎഫ്ഐ പ്രവർത്തകരും പണം സ്വരൂപിച്ചത്. 100 വീടുകൾക്കുള്ള 20 കോടി രൂപ ഡിവൈഎഫ്ഐ പിരിച്ചെടുത്ത് നൽകി. ടൗൺഷിപ്പ് പദ്ധതിയിലേക്കാണ് പണം കൈമാറിയത്. പണം പിരിച്ച് ഒരു കണക്കും രേഖയും ഇല്ലാതെ മുക്കിയ യൂത്ത് കോൺഗ്രസാണ് ഇപ്പോൾ ഡിവൈഎഫ്ഐയെ ആക്ഷേപിക്കുന്നത്. പ്രതിപക്ഷനേതാവ് പറഞ്ഞയക്കുന്ന ആളെയും കൂട്ടി ബാങ്കിൽപോയി ഡിവൈഎഫ്ഐ പിരിച്ചെടുത്ത തുകയുടെ രേഖകൾ പരിശോധിക്കാൻ തയ്യാറാണ്. സംസ്ഥാന സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പ് ആദ്യഘട്ട വീടുകൾ കൈമാറിയപ്പോൾ എല്ലാ വീടുകളിലേക്കുമുള്ള എൽഇഡി ടിവിയും ഡിവൈഎഫ്ഐ കൈമാറി.
എന്നാൽ യൂത്ത് കോൺഗ്രസിന് അവർ പിരിച്ചതുകയെക്കുറിച്ച് ഉത്തരമില്ല. കോൺഗ്രസിന്റെ ഭവനപദ്ധതിക്കൊപ്പമാണോ 30 വീടുകൾ നിർമിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് പറഞ്ഞിരുന്നോ? 30 വീടിന് പണം തികഞ്ഞോ? പദ്ധതി നടപ്പാക്കാനായില്ലെങ്കിൽ അൽപമെങ്കിലും ഉളുപ്പുണ്ടെങ്കിൽ ദുരന്തബാധിതരോട് മാപ്പ് പറയണ്ടേ? കോൺഗ്രസ് പ്രഖ്യാപിച്ച 100 വീടുകളും കൊടുത്തിട്ടില്ല. സർക്കാർ ഭൂമി വിട്ടുനൽകിയില്ലെന്ന നുണയാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞത്.
മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ഒരു വീടിന് 30 ലക്ഷം രൂപ ചെലവാകുമെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചത്. പിന്നീട് നടന്ന ചർച്ചയിൽ ഒരു വീടിന് 20 ലക്ഷം രൂപ ചെലവെന്ന് കണക്കാക്കിയതായി സർക്കാർ അറിയിച്ചു. ഈ യോഗങ്ങളിൽ ഒന്നും പ്രതിപക്ഷനേതാവോ മുസ്ലിം ലീഗിന്റെയോ നേതാക്കൾ ഒന്നും സർക്കാർ ഭൂമി കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഒടുവിൽ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഒരു ഭൂമിയിൽ തറക്കല്ലിട്ട് കോൺഗ്രസ് നേതാക്കൾ പോയി. അവിടം പിന്നീട് എന്ത് സംഭവിച്ചുവെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തതാണ്. വയനാടിനുവേണ്ടി കോൺഗ്രസും യൂത്ത് കോൺഗ്രസും എത്ര രൂപ പിരിച്ചെന്ന് രാഹുൽ ഗാന്ധിയോട് ചോദിക്കാൻ മാധ്യമങ്ങൾ തയ്യാറാകണമെന്നും വസീഫ് ആവശ്യപ്പെട്ടു.










0 comments