യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ 9 മുതൽ ഫോർട്ട് കൊച്ചിയിൽ

കൊച്ചി> യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്‌റ്റിവൽ (വൈഎൽഎഫ്) രണ്ടാംപതിപ്പ് ഒമ്പതുമുതൽ 12 വരെ ഫോർട്ട് കൊച്ചിയിൽ നടക്കും. ഏറ്റവും പുതിയ കാലത്തെ അഭിസംബോധന ചെയ്ത് "ജെൻ–--സി കാലവും ലോകവും' എന്ന ആശയവുമായാണ് ഈ വർഷം വൈഎൽഎഫ് സംഘടിപ്പിക്കുന്നതെന്ന് ഫെസ്റ്റിവൽ ഡയറക്‌ടർ ബെന്യാമിൻ പറഞ്ഞു.
ഒമ്പതിന് വൈകിട്ട് അഞ്ചിന് ജ്ഞാനപീഠ ജേതാവ് ദാമോദർ മോസോ ഫെസ്റ്റിവൽ ഉദ്‌ഘാടനം ചെയ്യും.
കനിമൊഴി എംപി മുഖ്യാതിഥിയാകും. എം മുകുന്ദൻ, വിവേക് ഷാൻബാഗ്, എൻ എസ് മാധവൻ എന്നിവരും ഉദ്‌ഘാടന സമ്മേളനത്തിൽ പങ്കെടുക്കും. മലയാളത്തിന്റെ അനശ്വര സാഹിത്യകാരൻ എം ടി വാസുദേവൻനായർക്ക് ആദരമായി അദ്ദേഹത്തിന്റെ സാഹിത്യസൃഷ്‌ടികളുടെ പേരുകളാണ് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ നാലുവേദികൾക്കും നൽകിയിരിക്കുന്നത്. വേദി 1–- കടവ്, 2–- കാലം, 3–- മഞ്ഞ്, 4–- നിർമാല്യം.
എൺപത് സെഷനുകളിലായി കല, സാഹിത്യ, സാംസ്‌കാരിക, രാഷ്‌ട്രീയ രംഗങ്ങളിലെ ശ്രദ്ധേയരായ വ്യക്തികൾ ഫെസ്റ്റിവലിന്റെ ഭാഗമാകും.
പി സായ്‌നാഥ്, ബെ സ്വദ വിൽസൺ, മുഹമ്മദ് യൂസഫ് തരിഗാമി, ജീത്ത് തയ്യിൽ, ജെറി പിന്റോ, മഹമൂദ് കൂരിയ, മനു എസ് പിള്ള, സു വെങ്കിടേശൻ തുടങ്ങി 250ൽ അധികം അതിഥികൾ പങ്കെടുക്കും. എല്ലാ ദിവസവും വൈകിട്ട് ആറിന് കലാപരിപാടികൾ അരങ്ങേറും.
ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സെക്രട്ടറി വി കെ സനോജ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മീനു സുകുമാരൻ, ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്, ട്രഷറർ കെ പി ജയകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Related News

0 comments