കരംപിടിച്ചുയർത്തി യൗവനം


അജ്‌നാസ് അഹമ്മദ്
Published on Jul 29, 2025, 02:45 AM | 1 min read
കൽപ്പറ്റ
ഉരുൾപൊട്ടലിൽ മരണം മുന്നിൽക്കണ്ട അനേകം മനുഷ്യരെ മണ്ണിനടിയിൽനിന്ന് ജീവിതത്തിലേക്ക് കോരിയെടുത്തത് യുവതയുടെ സൈന്യം. ദുരന്തമറിഞ്ഞ ആദ്യമണിക്കൂറിൽ ചൂരൽമല കയറിയ ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് ഒരുവർഷം പിന്നിടുമ്പോഴും അതിജീവന പ്രവർത്തനങ്ങളിൽ കർമനിരതരാണ്.
കൽപ്പറ്റയിൽ ഒരുങ്ങുന്ന ടൗൺഷിപ്പിൽ നൂറു വീട് പ്രവർത്തകരുടെ അധ്വാനത്തിന്റെ ബലത്തിലാണ്. ദുരന്തബാധിതരെ പുതുജീവിതത്തിലേക്ക് ഉയർത്താൻ നൂറു വീടിനായി 20 കോടിരൂപയാണ് പ്രവർത്തകർ ആക്രിപെറുക്കിയും ഭക്ഷണംപാകംചെയ്‌തും കൂലിപ്പണിയെടുത്തും സ്വരൂപിച്ചത്. വീടിനായുള്ള തുക സമയബന്ധിതമായി കൈമാറി.
പുത്തുമലയിൽ പല കുഴിമാടങ്ങളിലായി സംസ്‌കരിക്കുകയും പിന്നീട് ഡിഎൻഎയിലൂടെ തിരിച്ചറിയുകയുംചെയ്‌ത മൃതദേഹങ്ങൾ കുടുംബങ്ങളുടെ ആഗ്രഹത്തിൽ മാറ്റാൻ മുന്നിലിറങ്ങിയതും യൂത്ത് ബ്രിഗേഡിയറാണ്. മാസങ്ങളോളം മുണ്ടക്കൈ ദുരന്തഭൂമിയിലും മൃതദേഹങ്ങൾ ഒഴുകിയ ചാലിയാറിലും രക്ഷാസേനകൾക്കൊപ്പം അവർ രംഗത്തുണ്ടായിരുന്നു. മോർച്ചറിയിലും ആശുപത്രിയിലും നിരത്തിലും ശ്മശാനത്തിലും കർമനിരതരായിരുന്നു അവർ. മുണ്ടക്കൈയിൽ കലുങ്കിനുള്ളിൽ ജീവന്റെ തുടിപ്പ് റഡാറിൽ തെളിഞ്ഞപ്പോൾ അടിയിലിറങ്ങി പരിശോധിച്ചത് യൂത്ത്‌ബ്രിഗേഡ് അംഗങ്ങളായിരുന്നു. മേലധികാരികളുടെ അനുമതിക്കായി സൈനികർ കാത്തുനിൽക്കുമ്പോഴാണ് ജീവൻ പണയപ്പെടുത്തി നാലുപേർ പരിശോധനക്കിറങ്ങിയത്.
ദുരിതാശ്വാസ ക്യാമ്പുകൾ അവസാനിക്കുന്നതുവരെ അമ്പതിലധികം വളന്റിയർമാരുടെ മുഴുവൻസമയ സേവനം ഓരോ ക്യാമ്പിലുമുണ്ടായിരുന്നു. രക്ഷാപ്രവർത്തനം, തിരച്ചിൽ, പാലംനിർമാണം എന്നിവിടങ്ങളിലെല്ലാം ജില്ലാ, സംസ്ഥാന ഭാരവാഹികളും പങ്കാളികളായി. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റികൾ ടൺ കണക്കിന് ഭക്ഷണവും വസ്‌ത്രവും അവശ്യസാധനങ്ങളുമാണ് ദുരന്തമുഖത്തെത്തിച്ചത്.
സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി വസീഫ് എന്നിവർ ആദ്യദിവസം മുതൽ സ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. അന്നത്തെ ജില്ലാ സെക്രട്ടറി കെ റഫീഖും പ്രസിഡന്റ് കെ എം ഫ്രാൻസിസും ബ്രിഗേഡിനെ നയിച്ചു. ദുരിതബാധിതരെ വായ്‌പാ തിരിച്ചടവിന്റെ പേരിൽ ധനകാര്യസ്ഥാപനങ്ങൾ വേട്ടയാടിയപ്പോൾ ഈടാക്കിയ തുക തിരികെ ലഭിച്ചതും ഡിവൈഎഫ്‌ഐയുടെ സമരക്കരുത്തിലാണ്.









0 comments