ജീവിച്ചിരിക്കെ ഹൃദയപൂര്‍വ്വം പൊതിച്ചോര്‍ നല്‍കിയ സഖാവ് മരണാനന്തരം ഹൃദയം തന്നെ ദാനം നല്‍കി യാത്രയാകുന്നു; വി കെ സനോജ്

തിരുവനന്തപുരം
'ജീവിച്ചിരുന്ന നാളുകളില്‍ ഹൃദയപൂര്‍വ്വം പൊതിച്ചോര്‍ നല്‍കിയ സഖാവ് ഐസക് മരണാനന്തരം തന്റെ ഹൃദയം തന്നെ ദാനം നല്‍കി യാത്രയാവുകയാണ്' കൊല്ലം സ്വദേശി ഐസക് ജോര്‍ജിനെക്കുറിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഫേസ്‌ബുക്കിൽ കുറിച്ചു.
"ജീവിച്ചിരുന്ന നാളുകളില്‍ ഹൃദയപൂര്‍വ്വം പൊതിച്ചോര്‍ നല്‍കിയ സഖാവ് ഐസക് മരണാനന്തരം തന്റെ ഹൃദയം തന്നെ ദാനം നല്‍കി യാത്രയാവുകയാണ്. ചികിത്സയിലായിരിക്കെ മസ്തിഷ്‌ക മരണമടഞ്ഞ കൊല്ലം സ്വദേശി ഐസക്കിന്റെ ഹൃദയം ഇനി ലിസിയില്‍ ചികിത്സയില്‍ കഴിയുന്ന അങ്കമാലി സ്വദേശി അജിന്‍ ഏലിയാസിന് ജീവന്‍ പകരും. ഡിവൈഎഫ്ഐ കൊല്ലം പത്തനാപുരം ബ്ലോക്ക് കമ്മിറ്റി കീഴില്‍ ഉള്ള വടകോട് യൂണിറ്റ് മുന്‍ പ്രസിഡന്റ് കൂടിയായിരുന്നു ഐസക് ജോര്‍ജ്. തീവ്ര ദുഃഖത്തിലും അവയവം ദാനം നല്‍കാന്‍ സന്നദ്ധരായ പ്രിയ സഖാവിന്റെ ബന്ധുക്കളെ സ്‌നേഹപൂര്‍വം അഭിവാദ്യം ചെയ്യുന്നു. സഖാവിന്റെ അകാല വിടവാങ്ങലില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു' -വി കെ സനോജ് കുറിച്ചു.
വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയവേ മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശിയായ 33കാരൻ ഐസക് ജോർജിന്റെ ഹൃദയം എറണാകുളം സ്വദേശി അജിനില്‍ മിടിച്ച് തുടങ്ങി. രണ്ട് വൃക്ക, ഹൃദയം, കരൾ, രണ്ട് കോർണിയ എന്നിവയാണ് ദാനം ചെയ്‌തത്. കഴിഞ്ഞ ആറാം തീയതിയാണ് കൊല്ലം കൊട്ടാരക്കരയിൽ വെച്ച് ഐസക് ജോർജ് വാഹനാപകടത്തിൽപ്പെട്ടത്.









0 comments