print edition കരുത്തുവിളിച്ചോതി യുവജന പ്രവാഹം

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന യൂത്ത് ബ്രിഗേഡ് മാർച്ച്
തൃശൂർ: പുതിയകാലത്തിന്റെ കാലൊച്ചയുമായി സാമൂഹ്യസേവനത്തിന്റെ മുന്നണിപ്പോരാളികളായി യൂത്ത് ബ്രിഗേഡ് പരേഡ്. നല്ല നാളെയുടെ പ്രതീക്ഷകൾ പങ്കുവച്ച് നക്ഷത്രാങ്കിത ശുഭ്രപതാകകളുമായി അവർ ചുവടുവച്ച് നീങ്ങി. ചടുല യൗവനത്തിന്റെ പോരാട്ടവീര്യം പകർന്ന് ഇൻക്വിലാബിന്റെ ധ്വനികളും മുദ്രാഗീതങ്ങളുമായി പ്രതിനിധികളുടെ പ്രകടനം. സമാപനച്ചടങ്ങുകൾ യുവജന പ്രസ്ഥാനത്തിന്റെ കരുത്ത് വിളിച്ചോതി.
കനത്തമഴയുടെ ആശങ്കപെയ്‌തിറങ്ങുന്പോഴും ശനി പകൽ മൂന്നോടെ ഗ്രാമങ്ങളിൽനിന്നും പട്ടണങ്ങളിൽനിന്നും തൃശൂർ നഗരത്തിലേക്ക് ബ്രിഗേഡുകൾ വന്നെത്തി. വൈകിട്ട് അഞ്ചോടെ സമ്മേളന നഗരിയിൽനിന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളന പ്രതിനിധികളുടെ പ്രകടനവും വന്നെത്തി. അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം, സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം, സെക്രട്ടറി എം വിജിൻ, ട്രഷറർ ആർ രാഹുൽ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ വി കെ സനോജ്, വി വസീഫ്, എസ് ആർ അരുൺബാബു തുടങ്ങിയ നേതാക്കൾ മുൻനിരയിൽ അണിനിരന്നു. മുത്തുക്കുടകളും വാദ്യങ്ങളും അകന്പടിയായി.
അഞ്ചോടെ നടുവിലാൽ ജങ്ഷനിൽനിന്ന് പരേഡ് ആരംഭിച്ചു. ഡിവൈഎഫ്‌ഐ എന്ന് ആലേഖനം ചെയ്‌ത നീല ബനിയനുകളണിഞ്ഞ് 18 ബ്ലോക്ക് കമ്മിറ്റികളിൽ നിന്ന് ബ്രിഗേഡുകൾ അണിനിരന്നു. എംജി റോഡ് മുതൽ പടിഞ്ഞാറേക്കോട്ടവരെ നീണ്ട യുവപ്രവാഹം പുതുലോകത്തിനായുള്ള പ്രഖ്യാപനമായി. ജാതിമത ചിന്തകൾ പടർത്തി രാജ്യത്തെ ഭിന്നിപ്പിക്കാൻ സംഘപരിവാർ ശക്തികൾ ശ്രമിക്കുന്പോൾ മാനവരൊന്നാണെന്ന് യുവത വിളിച്ചോതി.
കോർപറേറ്റ് ഭരണാധികാരികൾക്കും കേരളത്തിന്റെ നന്മകൾ തകർക്കുന്ന യുഡിഎഫ് ഭരണത്തിനും താക്കീതായി റാലി മാറി. വഴിനീളെ വർഗ ബഹുജന സംഘടനാ പ്രവർത്തകർ യുവതയ്‌ക്ക് അഭിവാദ്യങ്ങളേകി. പ്രകടനം എത്തുംമുന്പേ വി എസ് അച്യുതാനന്ദന്റെ സ്‌മരണകൾ ഇരമ്പുന്ന പൊതുസമ്മേളന നഗരിയായ അരണാട്ടുകര നേതാജി മൈതാനം ജനങ്ങളാൽ നിറഞ്ഞു. ഉദ്‌ഘാടന വേദിയിലേക്ക് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എത്തിയതോടെ ജനം ഇളകിമറിഞ്ഞു. വർണാഭമായ വെടിക്കെട്ടുമുണ്ടായി.










0 comments