കലാപാഹ്വാനം; ലക്ഷ്യം ആരോഗ്യമേഖലയെ തകർക്കൽ: ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിലുണ്ടായ ദാരുണമായ സംഭവം മുൻനിർത്തി കേരളത്തിലാകെ കലാപാഹ്വാനം നടത്തുകയാണ് പ്രതിപക്ഷവും യൂത്ത് കോൺഗ്രസുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. കേരളത്തിന്റെ ആരോഗ്യമേഖല കൈവരിച്ച നേട്ടങ്ങളെ തകർക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണിത്. തെരുവിലിറങ്ങിയുള്ള ആക്രമണമാണ് ഉദ്ദേശിക്കുന്നതെങ്കിൽ ശക്തമായ നിലയിൽ ഡിവൈഎഫ്‌ഐ പ്രതിരോധിക്കും. കലാപം അഴിച്ചുവിട്ട് ആരോഗ്യമന്ത്രിയെ രാജിവയ്‌പ്പിക്കാമെന്ന വ്യാമോഹം വേണ്ട. രാജ്യത്തെതന്നെ ഏറ്റവും മികച്ച ആരോഗ്യമന്ത്രിയായ വീണാ ജോർജിനെ ഒറ്റപ്പെടുത്തി ആക്രമിക്കാമെന്നും അപഹസിക്കാമെന്നും കരുതേണ്ടതില്ല. വീണാ ജോർജിന്റെ വീട്ടിലേക്ക് മാർച്ച് നടത്തുന്നവർ, കേരളത്തിലെ പ്രതിപക്ഷ നേതാക്കൾക്കും എംഎൽഎമാർക്കും വീടും ഓഫീസുമുണ്ടെന്നത് മറക്കരുത്.
കേരളത്തിൽ നിപാ ബാധിച്ച എല്ലാവരും മരിച്ചുവെന്നാണ് യൂത്ത് കോൺഗ്രസ് നേതാവായ എംഎൽഎ പറഞ്ഞത്. നിപായുമായി ബന്ധപ്പെട്ട മരണനിരക്ക് ലോകത്താകെ 70 ശതമാനത്തിനു മുകളിലായിരുക്കുമ്പോൾ കേരളത്തിലത് 33 ശതമാനം മാത്രമാണ്. കോൺഗ്രസ് ഭരിക്കുന്ന ആന്ധ്രയിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ ദുരന്തത്തിൽ അമ്പതിലധികം പേരാണ് മരിച്ചത്. കർണാടകത്തിൽ ഐപിഎൽ വിജയാഘോഷത്തിന്റെ തിക്കിലും തിരക്കിലും 11 പേരാണ് മരിച്ചത്. മരണത്തെ അടിസ്ഥാനപ്പെടുത്തിയാണെങ്കിൽ ആ സംസ്ഥാനത്തിലെ ഭരണാധികാരികളോടാണ് രാജിവച്ചുപോകാൻ യൂത്ത് കോൺഗ്രസ് ആദ്യം ആവശ്യപ്പെടേണ്ടത്– സനോജ് മാധ്യമങ്ങളോട് പറഞ്ഞു.
0 comments