അമേരിക്കയുടെ താരിഫ് സമ്മർദ്ദത്തിന് ഇന്ത്യ കീഴടങ്ങരുത്: ഡിവൈഎഫ്ഐ

തിരുവനന്തപുരം: ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 50 ശതമാനം നികുതി ചുമത്തിയ അമേരിക്കൻ നടപടിക്ക് മുന്നിൽ ഇന്ത്യ കീഴടങ്ങരുതെന്ന് ഡിവൈഎഫ്ഐ. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും വിപണികളെയും യുഎസ് ചൂഷണത്തിന് തുറന്നുകൊടുക്കരുതെന്നും ഈ സാമ്രാജ്യത്വ തിട്ടൂരത്തിനെ കേന്ദ്ര സർക്കാർ ശക്തമായി നേരിടണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് കീഴടങ്ങാത്ത രാജ്യങ്ങൾക്ക് മുകളിൽ ഭീമമായ താരിഫ് ചുമത്തി അവരെ ചൊൽപ്പടിക്ക് കൊണ്ടുവരാനുള്ള അമേരിക്കൻ ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോൾ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം താരിഫ് ചുമത്തിയ നടപടി. ഇന്ത്യയിലെ ജനങ്ങളുടെ താല്പര്യങ്ങൾ ഉയർത്തിപ്പിടിച്ച് ഈ ഭീഷണിയെ കേന്ദ്ര സർക്കാർ ശക്തമായി നേരിടേണ്ടതുണ്ട്.
റഷ്യയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ഊർജ്ജം വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കണം എന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്. കൃഷി, ക്ഷീരോൽപ്പന്നങ്ങൾ, ഔഷധങ്ങൾ, തുടങ്ങിയ മേഖലകൾ ഇന്ത്യ അമേരിക്കൻ കോർപ്പറേഷനുകളുടെ ചൂഷണത്തിന് തുറന്നുകൊടുത്തില്ലെങ്കിൽ തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് നേരത്തെ ആവർത്തിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി യുഎസ് സർക്കാരിനെ പ്രീണിപ്പിക്കുന്നതിനായി, ഇതിനകം തന്നെ അമേരിക്കയുമായി പ്രതിരോധ, എണ്ണ മേഖലകളിൽ കരാറുകളിൽ ഏർപ്പെട്ട് കോടിക്കണക്കിന് ഡോളറിന്റെ ആയുധങ്ങളും എണ്ണയും വാങ്ങാൻ ഇന്ത്യൻ സർക്കാർ സമ്മതിച്ചിട്ടുണ്ട്. പക്ഷേ അതൊന്നും പോര എന്ന നിലപാടാണ് അമേരിക്ക സ്വീകരിക്കുന്നത്.
സോവിയറ്റ് തകർച്ചയ്ക്ക് ശേഷം രൂപപ്പെട്ട അമേരിക്കയുടെ നേതൃത്വത്തിലുള്ള ഏകധ്രുവ ലോകത്തെ വെല്ലുവിളിച്ചു കൊണ്ട് ബ്രിക്സിന്റെ നേതൃത്വത്തിൽ ലോകം ബഹുധ്രുവത്തിലേക്ക് നീങ്ങുകയാണ്. ബ്രിക്സ് വിപുലീകരണത്തിനും ഡോളറിനു ബദലായുള്ള വിദേശ വിനിമയ കറൻസിയെയും കുറിച്ച് ആലോചിക്കുന്നതും ഇതിന്റെ ഭാഗമായാണ്. ബ്രിക്‌സിന്റെ നേതൃത്വത്തിലുള്ള ഈ ഡീ- ഡോളറൈസെഷൻ പദ്ധതി അമേരിക്കയെ സംബന്ധിച്ച് താങ്ങാൻ കഴിയുന്ന ഒന്നല്ല. അമേരിക്കയുടെ സാമ്രാജ്യത്വ ചൂഷണങ്ങൾ ലോകത്ത് ഇഷ്ടം പോലെ തുടരാൻ ബ്രിക്സിന് ചുക്കാൻ പിടിക്കുന്ന രാജ്യങ്ങളുടെ മുന്നേറ്റത്തെ തടഞ്ഞു നിർത്തണം. ഇതിന്റെ ഭാഗമാണ് ചൈനയ്ക്കും, റഷ്യയ്ക്കും പിന്നാലെ ബ്രസീലിനും ഇന്ത്യയ്ക്കും എതിരെ അമേരിക്ക പ്രഖ്യാപിച്ച താരിഫ് യുദ്ധമെന്നും ഡിവൈഎഫ്ഐ പറഞ്ഞു.









0 comments