ad
Deshabhimani

print edition സമരരംഗത്തെ കരുത്തുമായി ചിന്ത ജെറോം; പോരാട്ട ഭൂമിയിൽ 
നിറഞ്ഞുനിന്നവർ‌

Rahul.jpg

അഡ്വ. ആർ രാഹുൽ (ട്രഷറർ)

വെബ് ഡെസ്ക്

Published on Aug 23, 2026, 12:05 AM | 1 min read

പുഷ്‌പൻ നഗർ 
(തൃശൂർ റീജണൽ തിയറ്റർ): ​ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയെ വരുംകാലത്ത്‌ നയിക്കുക പ്രക്ഷോഭങ്ങളുടെ കരുത്തിൽ വളർന്ന സമര നേതൃത്വം. മതനിരപേക്ഷതയെ സംരക്ഷിക്കാനും കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ യുവജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രക്ഷോഭം നയിക്കാനുമായി കരുത്തുറ്റ നേതൃനിരയെയാണ്‌ സമ്മേളനം തെരഞ്ഞെടുത്തത്‌.


കേരളത്തിന്റെ രാഷ്‌ട്രീയ ഭൂമികയിൽ നിറഞ്ഞുനിൽക്കുന്നവരാണ്‌ സംസ്ഥാന പ്രസിഡന്റ്‌ ചിന്ത ജെറോം, സെക്രട്ടറി എം വിജിൻ, ട്രഷറർ ആർ രാഹുൽ എന്നിവർ. ആദ്യമായാണ് വനിത ഡിവെെഎഫ്ഐയുടെ സംസ്ഥാന പ്രസിഡന്റ് ആകുന്നത്.


​ഉമ്മൻചാണ്ടി സർക്കാരിന്റെ ഭരണകാലത്ത്‌ എസ്‌എഫ്‌ഐ നടത്തിയ നിരന്തര പ്രക്ഷോഭങ്ങളുടെ നേതൃത്വമായിരുന്നു മൂവരും. ക്വീർ പ്രതിനിധിയും പ്രൊഫഷണൽ അംഗവുമെല്ലാം ഉൾപ്പെടുന്നതാണ്‌ നേതൃനിര.

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗമാണ്‌ ചിന്ത. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ഡോക്ടറേറ്റുണ്ട്‌. എസ്എഫ്ഐയിലൂടെ പൊതുപ്രവർത്തനരംഗത്തെത്തി.


കൊല്ലം ഏരിയ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള സർവകലാശാലാ യൂണിയൻ ചെയർപേഴ്സൺ, സെനറ്റ്– സിൻഡിക്കറ്റ് അംഗം, യുവജന കമീഷൻ ചെയർപേഴ്സൺ എന്നീ നിലകളിലും പ്രവർത്തിച്ചു. സി ജെറോമിന്റെയും എസ്തർ ജെറോമിന്റെയും മകളാണ്‌.


സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ എം വിജിൻ 2021 മുതൽ കല്യാശേരി എംഎൽഎയാണ്. ബാലസംഘത്തിലൂടെ പൊതുപ്രവർത്തനരംഗത്തെത്തി ജില്ലാ ഭാരവാഹിയായി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചു. ഫിസിക്‌സിൽ ബിരുദവും ഫിലോസഫിയിൽ ബിരുദാനന്തരബിരുദവും നേടി.


പയ്യന്നൂർ കോളേജ് യൂണിയൻ ചെയർമാനായിരുന്നു. കൊച്ചി ശാസ്‌ത്രസാങ്കേതിക സർവകലാശാലാ സിൻഡിക്കറ്റ് അംഗവും സംസ്ഥാന ഹയർ എഡ്യൂക്കേഷൻ കൗൺസിൽ അംഗവുമായിരുന്നു. കുഞ്ഞിമംഗലം എടാട്ടെ ടി കെ ഭാസ്കരന്റെയും വസന്തയുടെയും മകനാണ്‌. അധ്യാപികയായ അശ്വതിയാണ് ഭാര്യ. മകൻ: നെയ്തൽ.


സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത്‌ അംഗവുമാണ്‌ ആർ രാഹുൽ. സിപിഐ എം അമ്പലപ്പുഴ ഏരിയ സെക്രട്ടറി, എസ്എഫ്ഐ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പരേതനായ രാമചന്ദ്രന്റെയും സീമന്തിനിയുടെയും മകനാണ്‌. ഭാര്യ: അഞ്ജു എസ് റാം. മകൻ: ഗസൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home