ad
Deshabhimani

'പ്രക്ഷോഭകര്‍ ബലാത്സം​ഗം ഇഷ്ടപ്പെടുന്നവർ'; വിവാദപരാമർശത്തിൽ ടി ജി മോഹൻദാസിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ മാർച്ച്

tg mohandas dyfi
വെബ് ഡെസ്ക്

Published on Jul 28, 2026, 12:13 PM | 1 min read

കൊച്ചി: ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ അപമാനിച്ച ടി ജി മോഹൻദാസിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച്. മട്ടാഞ്ചേരി ചേരളായിയിലെ വസതിയിലേക്കാണ് പ്രവർത്തകർ മാർച്ച് നടത്തിയത്.


പ്രതിഷേധിക്കുന്ന വിദ്യാർഥികളെ വെടിവച്ചുകൊല്ലുമെന്നും സമരത്തിനെത്തിയ സ്ത്രീകളും പെൺകുട്ടികളും ‘ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണെന്നും’ മോഹൻദാസ് നടത്തിയ പരാമർശത്തിനെതിരെയായിരുന്നു പ്രതിഷേധം. വിദ്യാർഥികൾക്കെതിരായ കൊലവിളിയും സ്ത്രീകളെ അപമാനിക്കുന്ന പരാമർശവും അംഗീകരിക്കാനാകില്ലെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി.


നീറ്റ് പരീക്ഷാക്രമക്കേടിനെതിരെ ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികളെ നേരിടാൻ തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ പരിസരത്ത് കർഫ്യൂ പ്രഖ്യാപിച്ച് വെടിവയ്ക്കുമായിരുന്നു എന്നാണ് മോഹൻദാസ് യൂട്യൂബ് ചാനലിലൂടെ പറഞ്ഞത്. വെടിവയ്പ്പിൽ ആളുകൾ മരിക്കുമെന്നും പരിക്കേറ്റവരെയും മൃതദേഹങ്ങളും ആശുപത്രിയിലെത്തിക്കുമെന്നുമായിരുന്നു വളരെയധികം ലാഘവത്തോടെ മോഹൻദാസ് പറഞ്ഞത്.


ഇതിന് പിന്നാലെയാണ് സമരത്തിൽ പങ്കെടുത്ത സ്ത്രീകളെയും പെൺകുട്ടികളെയും അധിക്ഷേപിക്കുന്ന പരാമർശവും നടത്തിയത്. അവിടെ കൂട്ടബലാത്സംഗം നടന്നാലും പരാതിയുണ്ടാകില്ലെന്നും ‘ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണ്’ സമരത്തിലുള്ളതെന്നുമായിരുന്നു മോഹൻദാസിന്റെ വാക്കുകൾ.


പരാമർശത്തിനെതിരെ എസ്‌എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം എ നന്ദൻ പൊലീസിൽ പരാതി നൽകിയിരുന്നു. അക്രമത്തിനും കൂട്ടക്കൊലയ്ക്കും ആഹ്വാനം ചെയ്ത മോഹൻദാസിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home