‘മുഖ്യപ്രശ്‌നം തൊഴിലില്ലായ്‌മയും വർഗീയതയും’

കെ എൻ സനിൽ
Published on Aug 22, 2026, 01:30 AM | 2 min read
പുഷ്‌പൻ നഗർ (തൃശൂർ റീജണൽ തിയറ്റർ): രാജ്യം പൊതുവേയും ഉത്തരേന്ത്യ പ്രത്യേകിച്ചും നേരിടുന്ന പ്രധാന പ്രശ്‌നങ്ങൾ തൊഴിലില്ലായ്‌മയും വർഗീയതയുമാണെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഹിമാഘ്‌നരാജ് ഭട്ടാചാര്യ ‘ദേശാഭിമാനി’യോട് പറഞ്ഞു. തൊഴിലില്ലായ്മ ഓരോ ദിവസവും വർധിച്ചുകൊണ്ടിരിക്കുകയാണ്. ചില വർഷങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് 15 മുതൽ 20 ശതമാനം വരെ എത്തിയിട്ടുണ്ട്. ഇതിനെതിരെ ഉത്തരേന്ത്യയിൽ ശക്തമായ ജനകീയ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരാനാണ് ഡിവൈഎ-ഫ്‌ഐ ശ്രമിക്കുന്നത്.
വർഷത്തിൽ രണ്ട് കോടി തൊഴിലവസരങ്ങൾ നൽകുമെന്ന് വാഗ്ദാനം ചെയ്‌താണ് 2014-ൽ ബിജെപി അധികാരത്തിലെത്തിയത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മിക്കയിടത്തും അവരുടെ ‘ഡബിൾ എൻജിൻ’ സർക്കാരുകൾ ഉണ്ടായിട്ടും തൊഴിലവസരങ്ങൾ ഉണ്ടാക്കിയില്ല. ഹരിയാനയിൽ കോവിഡ് കാലത്ത് തൊഴിലില്ലായ്മ നിരക്ക് 30 ശതമാനംവരെ എത്തി. അവിടെ എല്ലാക്കാലത്തും 10 ശതമാനത്തിന് മുകളിലാണ് തൊഴിലില്ലായ്‌മ. ഇൗ അവസ്ഥ പുറത്തറിയാതിരിക്കാൻ തൊഴിലില്ലായ്‌മ നിരക്ക് പ്രസിദ്ധീകരിക്കുന്നതുതന്നെ ബിജെപി സർക്കാരുകൾ നിർത്തിവച്ചു.
യുവാക്കൾ ജോലിതേടി മറ്റു സംസ്ഥാനങ്ങളിലേക്ക് പോവുകയാണ്. കേരളത്തിലും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുമുള്ള തൊഴിലാളികളിലേറെയും ഉത്തരേന്ത്യൻ–വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവാക്കളാണ്. ഇതൊരു തൊഴിലില്ലായ്മ പ്രശ്നം മാത്രമല്ല, ദേശീയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. പ്രധാനമന്ത്രി തന്നെ ‘റോസ്ഗാർ മേള’കൾ നടത്തുന്നു. എന്നാൽ ഇതൊന്നും തൊഴിൽ പ്രതിസന്ധിക്ക് പരിഹാരമല്ല. തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാൻ ഇവരുടെ കൈയിൽ പദ്ധതികളില്ല.
കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിൽ 30 ലക്ഷത്തിലേറെ തസ്‌തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇൗ ഒഴിവുകൾ നികത്തുന്നതിനുപകരം ഒരു തസ്തിക അഞ്ച് വർഷത്തേക്ക് ഒഴിഞ്ഞുകിടന്നാൽ ആ തസ്തിക സ്വമേധയാ റദ്ദാക്കപ്പെടുമെന്ന് സർക്കുലർ ഇറക്കുകയാണ് കേന്ദ്രസർക്കാർ. ഡൽഹിയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഒരു പ്രകടനം നടത്താൻ പോലും പൊലീസ് സമ്മതിക്കുന്നില്ല. എന്നാൽ ഇൗ വിലക്ക് മറികടന്ന് നിരവധി പോരാട്ടങ്ങൾ സംഘടിപ്പിച്ചു.
ഹിന്ദി ബെൽറ്റിൽ മറ്റൊരു വലിയ പ്രശ്നംകൂടി യുവാക്കൾ നേരിടുന്നു. അത് വർഗീയതയാണ്, ജാതിയുടെ പ്രശ്നമാണ്. ഇതിനെതിരെയും ഡിവൈഎഫ്‌ഐ പോരാടുന്നു. തൊഴിലില്ലായ്‌മക്കെതിരെ സംഘടിക്കാതിരിക്കാൻ ജനങ്ങളെ വിഭജിച്ച് അധികാരത്തിൽ തുടരാനാണ് അവർ ശ്രമിക്കുന്നതെന്ന് യുവാക്കൾ മനസ്സിലാക്കിയിരിക്കുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മാറുന്നുണ്ട്. 12 വർഷമായി ബിജെപി കേന്ദ്രത്തിൽ അധികാരത്തിലിരുന്നിട്ടും തൊഴിൽ നൽകുന്നില്ലെന്ന് യുവാക്കൾ മനസ്സിലാക്കിത്തുടങ്ങി.
ബംഗാളിൽ തൃണമൂൽ കോൺഗ്രസിനും ഇപ്പോൾ ബിജെപിക്കുമെതിരായ ജനകീയ പ്രതിരോധം ശക്തമാണ്. ഇൗ തെരഞ്ഞെടുപ്പോടെ തൃണമൂൽ കോൺഗ്രസ് ഏതാണ്ട് ഇല്ലാതായിക്കഴിഞ്ഞു. അതോടെ അവർ ഏതാണ്ട് ബിജെപിയുടെ ബി ടീം ആയാണ് പ്രവർത്തിക്കുന്നത്. ബംഗാളിൽ ഇടതുപക്ഷത്തിന്റെ പോരാട്ടം കൂടുതൽ ശക്തമാകുകയാണ്. എസ്‌എഫ്‌ഐ–ഡിവൈഎഫ്‌ഐ പ്രവർത്തകർക്കുനേരെ കടുത്ത ആക്രമണമാണ് അഴിച്ചുവിടുന്നത്. ബിജെപി അധികാരത്തിലെത്തിയിട്ട് മൂന്ന് മാസമാകുന്പോഴേക്കും ജനങ്ങൾക്കിടയിൽ അവർക്കെതിരെ പ്രതിഷേധവും രോഷവും ഉയരുന്നുണ്ട്.
ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാനുള്ള നീക്കം വിലപ്പോവില്ലെന്നാണ് ജന്തർമന്തർ സമരം കാണിച്ചുതരുന്നത്. വർഗീയതയുടെയും വിഭജനത്തിന്റെയും രാഷ്ട്രീയം ഉപയോഗിച്ച് യുവാക്കളെയും വിദ്യാർഥികളെയും ഭിന്നിപ്പിക്കാൻ ബിജെപി നടത്തിയിരുന്ന ശ്രമം ഇപ്പോൾ ഫലിക്കുന്നില്ല. വിദ്യാഭ്യാസത്തിനായി, തൊഴിലിനായി, ആരോഗ്യത്തിനായി, ഉന്നത വിദ്യാഭ്യാസത്തിനായി ബിജെപി സർക്കാർ ഒന്നുംചെയ്യാൻ പോകുന്നില്ലെന്ന് അവർ തിരിച്ചറിഞ്ഞിരിക്കുന്നു–ഹിമാഘ്‌നരാജ് ഭട്ടാചാര്യ പറഞ്ഞു.










0 comments