print edition കെ എം ഷാജിയുടെ രഹസ്യയാത്ര; ലീഗ് നേതൃത്വം മറുപടി പറയണം: ഡിവൈഎഫ്ഐ

തിരുവനന്തപുരം: തദ്ദേശമന്ത്രി കെ എം ഷാജി ചെക്ക് റിപ്പബ്ലിക്കിലേക്ക് മദ്യവ്യവസായിയോടൊപ്പം രഹസ്യയാത്ര നടത്തിയതിനെക്കുറിച്ച് ലീഗ് നേതൃത്വം മറുപടി പറയണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അറിയാതെ എന്തിനാണ് യാത്ര നടത്തിയതെന്ന് പൊതുസമൂഹത്തോട് വ്യക്തമാക്കണം.
മദ്യവ്യവസായിയാണോ തന്റെ സ്‌പോൺസർ എന്നകാര്യവും തുറന്നുപറയണമെന്നും വിജിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നെടുമ്പാശേരി അപകടത്തിൽ പ്രതിയെ രക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. എഫ്‌ഐആറിൽപോലും കള്ളം കാണിച്ചു. പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിട്ടും പേര് ‘അൺനോൺ’ എന്ന് രേഖപ്പെടുത്തിയതും മദ്യപിച്ചിരുന്നതായി രേഖപ്പെടുത്താത്തതും ഉന്നത ഇടപെടലുകൾകൊണ്ടാണെന്ന് സംശയിക്കണം. പ്രതിയെ രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
അടൂരിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർക്കുനേരെ യൂത്ത് കോൺഗ്രസുകാർ വ്യാപക അക്രമം നടത്തുകയാണ്. രാഹുൽ മാങ്കൂട്ടമാണോ ആഭ്യന്തരവകുപ്പ് ഭരിക്കുന്നത്. പൊലീസ് ജീപ്പിൽകയറി പ്രവർത്തകരെ ചോദ്യം ചെയ്യാനും ഭീഷണിപ്പെടുത്താനും രാഹുലിന് അധികാരം നൽകിയത് ആരാണെന്നും വിജിൻ ചോദിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി രജീഷ് വെള്ളാട്ട്, വൈസ് പ്രസിഡന്റ് വി അനൂപ്, ജില്ലാ പ്രസിഡന്റ് വി എസ് ശ്യാമ, സെക്രട്ടറി എൽ എസ് ലിജു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments