ഹൃദയങ്ങൾക്ക് കാവലേകും യുവത

കെ എൻ സനിൽ
Published on Aug 22, 2026, 01:30 AM | 2 min read
പുഷ്‌പൻ നഗർ (തൃശൂർ റീജണൽ തിയറ്റർ): ഹൃദയാഘാതംമൂലമുള്ള മരണനിരക്ക് കുറയ്‌ക്കാൻ കർമപരിപാടികളുമായി ഡിവൈഎഫ്‌ഐ. ഇതിനായി ഹൃദയ, ശ്വാസ പുനരുജ്ജീവന പരിശീലനം (സിപിആർ) നൽകി ലക്ഷം വളന്റിയർമാരെ രംഗത്തിറക്കാൻ സംസ്ഥാന സമ്മേളനം തീരുമാനിച്ചു. യൂണിറ്റിൽ അഞ്ചുപേർക്കെങ്കിലും പരിശീലനം നൽകും. പദ്ധതി പ്രഖ്യാപനവും ലോഗോ പ്രകാശനവും ശനിയാഴ്‌ച രാവിലെ സമ്മേളന നഗരിയിൽ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വി വസീഫും സെക്രട്ടറി വി കെ സനോജും പറഞ്ഞു. സമ്മേളനത്തിന് ശനിയാഴ്‌ച വൈകിട്ട് കൊടിയിറങ്ങും.
മികച്ചരീതിയിൽ പുരോഗമിക്കുന്ന സമ്മേളനത്തെ താറടിച്ചുകാണിക്കാനാണ് ഒരു വിഭാഗത്തിന്റെ ശ്രമം. അടിയന്തരാവസ്ഥക്കാലത്തെ ക്രൂരത വരച്ചുകാട്ടുന്ന ‘മിസ’ നാടകാവതരണത്തെ ദുർവ്യാഖ്യാനിക്കുന്നതിൽ കടുത്ത പ്രതിഷേധമുയർന്നു. കേന്ദ്ര സർക്കാരിന്റെ തൊഴിൽനിഷേധത്തിനെതിരെ ശക്തമായ പോരാട്ടത്തിന് തുടക്കം കുറിക്കാനും മയക്കുമരുന്നുൾപ്പെടെയുള്ള സാമൂഹ്യവിപത്തുകൾക്കെതിരെ പോരാടാനും സമ്മേളനം ആഹ്വാനംചെയ്‌തു. എൽജിബിടിക്യു സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാനും ക്ഷേമപദ്ധതികൾ ആവിഷ്‌കരിക്കാനും സമ്മേളനം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
വെള്ളിയാഴ്‌ച രക്തസാക്ഷി കുടുംബസംഗമം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്‌തു. യുവധാര ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ സുവനീർ ജയരാജ് വാര്യർ പ്രകാശിപ്പിച്ചു. കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സെക്രട്ടറി എ വിജയരാഘവൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത എന്നിവർ അഭിവാദ്യം ചെയ്‌തു.
പ്രവർത്തന റിപ്പോർട്ടിലും സംഘടനാറിപ്പോർട്ടിലും രണ്ടുദിവസമായി നടന്ന -പൊതുചർച്ച പൂർത്തിയായി. 12 വനിതകളും രണ്ട് ട്രാൻസ്‌ജെൻഡർമാരും ഉൾപ്പെടെ 44 പേർ പങ്കെടുത്തു. പ്രൊഫഷണൽ കമ്മിറ്റി, ലക്ഷദ്വീപ് പ്രതിനിധികളും പങ്കെടുത്തു. അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീമും സംസ്ഥാന സെക്രട്ടറി വി കെ സനോജും മറുപടി പറഞ്ഞു.
ഡിവൈഎഫ്‌ഐയുടെ ഹെലോ 2 എഐ ക്യാന്പയിന്റെ ലോഗോ അഖിലേന്ത്യാ ജനറൽസെക്രട്ടറി ഹിമാഘ്‌നരാജ് ഭട്ടാചാര്യ പ്രസിഡന്റ് എ എ റഹീമിന് നൽകി പ്രകാശിപ്പിച്ചു.
സമ്മേളനത്തിന് സമാപനം കുറിച്ച് ശനിയാഴ്‌ച വൈകിട്ട് തേക്കിൻകാട് വിദ്യാർഥി കോർണറിൽനിന്ന് യൂത്ത് ബ്രിഗേഡ് മാർച്ച് ആരംഭിക്കും. വി എസ് അച്യുതാനന്ദൻ നഗറിൽ (അരണാട്ടുകര നേതാജി ഗ്രൗണ്ട്) വൈകിട്ട് അഞ്ചിന് ചേരുന്ന പൊതുസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.










0 comments