ad
Deshabhimani

പശ്ചിമേഷ്യൻ സംഘർഷം; ദുബായ് വ്യോമപാത ഭാഗികമായി തുറന്നു, കേരളത്തിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുന്നു

Airport.jpg
വെബ് ഡെസ്ക്

Published on Mar 05, 2026, 02:09 PM | 1 min read

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് അടച്ചിട്ടിരുന്ന യുഎഇ വ്യോമപാത ഭാഗികമായി തുറന്നു. ഇതോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അൽ മക്തൂം വിമാനത്താവളത്തിൽ നിന്നും നിയന്ത്രിത തോതിൽ വിമാന സർവീസുകൾ ആരംഭിച്ചു.


ദിവസങ്ങളായി മുടങ്ങിക്കിടന്ന കേരളത്തിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചത് പ്രവാസികൾക്ക് വലിയ ആശ്വാസമായി. കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് ഇന്ന് വിവിധ സർവീസുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. കൊച്ചിയിൽ നിന്ന് ദുബായ്, ഷാർജ, റിയാദ് എന്നിവിടങ്ങളിലേക്ക് ഒമ്പത് വിമാനങ്ങളാണ് ഇന്ന് പുറപ്പെടുന്നത്.


ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനം വൈകിട്ട് കൊച്ചിയിലെത്തും. കോഴിക്കോട് വിമാനത്താവളത്തിൽ ഷാർജ, മസ്‌കറ്റ്, ദുബായ് എന്നിവിടങ്ങളിൽ നിന്നായി അഞ്ച് വിമാനങ്ങൾ ഇന്ന് എത്തിച്ചേർന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് എമിറേറ്റ്‌സ് വെള്ളിയാഴ്ച പുലർച്ചെ ദുബായ് സർവീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.


എമിറേറ്റ്‌സ് എയർലൈൻസ് മാർച്ച് 7 വരെ തങ്ങളുടെ ഭൂരിഭാഗം ഷെഡ്യൂൾഡ് സർവീസുകളും റദ്ദാക്കിയിട്ടുണ്ടെങ്കിലും കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ എത്തിക്കുന്നതിനായി പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്. ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ ഇന്ത്യൻ വിമാനക്കമ്പനികളും ഭാഗികമായി സർവീസ് പുനരാരംഭിച്ചു.


അതേസമയം, വിമാനത്താവളങ്ങളിൽ എത്തുന്നതിന് മുൻപ് യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സമയം ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കൺഫേം ചെയ്ത ടിക്കറ്റില്ലാത്തവർ വിമാനത്താവളത്തിലേക്ക് വരരുത്. യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ വ്യോമപാതയിലെ നിയന്ത്രണങ്ങൾ തുടരുകയാണ്.


ഇതിനാൽ വിമാനങ്ങൾ വഴിതിരിച്ചുവിടുന്നതിനും യാത്രാസമയത്തിൽ മാറ്റം വരാനും സാധ്യതയുണ്ട്. ദുബായിൽ കുടുങ്ങിയ പ്രവാസികൾക്ക് വിസ കാലാവധി കഴിഞ്ഞാലും പിഴ ഈടാക്കില്ലെന്ന് യുഎഇ അധികൃതർ അറിയിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home