വെള്ളത്തിൽ കളി കാര്യമാകും

തിരുവനന്തപുരം:
സംസ്ഥാനത്ത് കഴിഞ്ഞ വർഷം മുങ്ങി മരിച്ചത് 917പേരെന്ന് അഗ്നിസുരക്ഷാ സേനയുടെ കണക്കുകൾ. കൂടുതൽ മരണം എറണാകുളത്താണ്, 134 പേർ. രണ്ടാമത് തൃശൂരും (121) മൂന്നാമത് കൊല്ലവുമാണ് (117). വയനാട്ടിലും ഇടുക്കിയിലുമാണ് കുറവ് മരണം (18) റിപ്പോർട്ട് ചെയ്തത്. റോഡപകടം കഴിഞ്ഞാൽ കൂടുതൽ പേർക്ക് ജീവഹാനി സംഭവിക്കുന്നത് വെള്ളത്തിൽ മുങ്ങിയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ അപകടമരണവും ആത്മഹത്യയും ഉൾപ്പെടും.
ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ സംസ്ഥാനത്ത് 98 മുങ്ങി മരണം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്ത് 20ഉം കോഴിക്കോടും തൃശൂരും 18 വീതവും മരണങ്ങൾ റിപ്പോർട്ട് ചെയ്തു. പത്തനംതിട്ടയിൽ ഇക്കാലയളവിൽ മരണം ഉണ്ടായിട്ടില്ല.
അവധി ആഘോഷിക്കാൻ കൂട്ടുകൂടി പോകുന്നവർ, ബന്ധുവീട്ടിൽ പോകുന്നവർ, അടുത്ത വീട്ടിലെ കുളത്തിൽ പോകുന്നവരൊക്കെയാണ് അപകടത്തിൽപ്പെടുന്നതിൽ ഏറെയും.
അപകട മരണങ്ങളിൽ ഏറ്റവും എളുപ്പത്തിൽ കുറവ് വരുത്താവുന്നത് മുങ്ങിമരണത്തിലാണ്. മരണം സംഭവിക്കുന്നത് യാത്രയ്ക്കിടയിലോ ബോട്ട് മുങ്ങിയോ അല്ല. ആളുകൾ കുളിക്കാനും കളിക്കാനുമൊക്കെയായി വെള്ളത്തിൽ ഇറങ്ങുമ്പോഴാണ്. അത് തടയാൻ സ്കൂളുകളിലും പൊതുജനങ്ങൾക്കും ജലസുരക്ഷാ ബോധവൽക്കരണം നൽകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർ പറയുന്നു.
മുങ്ങി മരണങ്ങൾ ഒഴിവാക്കാം
●വെള്ളത്തിൽ നീന്തുമ്പോഴും കുളിക്കുമ്പോഴും സാഹസം ഒഴിവാക്കുക. കുട്ടികൾ നീന്തൽ അറിയാവുന്നവർക്കൊപ്പം ഇറങ്ങുക
●തദ്ദേശസ്ഥാപനങ്ങൾ അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പും ജാഗ്രതാ നിർദേശങ്ങളും പ്രദർശിപ്പിക്കുക, തദ്ദേശവാസികളെ ഈ വിഷയങ്ങളിൽ പരിശീലിപ്പിക്കുക
● അസുഖങ്ങൾ (അപസ്‌മാരം, മസ്സിൽ കയറുന്നത്, ചില ഹൃദ്‌രോഗങ്ങൾ) ഉള്ളവരെ പ്രത്യേകം ശ്രദ്ധിക്കുക.
●
മദ്യപിച്ച് ഒരിക്കലും വെള്ളത്തിൽ ഇറങ്ങരുത്.
●ജലക്രീഡകളിൽ ഏന്ട]ർപ്പെടുകയാന്നെങ്കിൽ, ഒരാളെ കരയ്ക്ക് നിരീക്ഷിക്കാനായി ഇരുത്തുക. ആ വ്യക്തിയുടെ കൈയിൽ നീളമുള്ള കയറും കാറ്റു നിറച്ച ടൂബും കരുതുക. അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടേണ്ട സ്ഥലവും നമ്പറും അറിഞ്ഞിരിക്കുക.
പ്രഥമ ശുശ്രൂഷ
അപകടത്തിൽപ്പെട്ട വ്യക്തിക്ക് ആദ്യത്തെ അഞ്ച് മിനിറ്റ് നിർണായകമാണ്. വെള്ളത്തിൽ വീണയാളെ രക്ഷിക്കാനായി ഒരു കാരണവശാലും വെള്ളത്തിലേക്ക് എടുത്തുചാടരുത്. കയറോ കമ്പോ തുണിയോ നീട്ടിക്കൊടുത്ത് വലിച്ചുകയറ്റാൻ ശ്രമിക്കുക. അപകടത്തിൽപ്പെട്ട വ്യക്തിയെ വെള്ളത്തിൽനിന്നെടുത്ത് സുരക്ഷിതമായ ഒരു സ്ഥലത്ത് തല ചരിച്ചു കിടത്തിയശേഷം വായിലോ മൂക്കിലോ തടസ്സമുണ്ടെങ്കിൽ അത് ആദ്യം മാറ്റുക. വയറ്റിൽ വെള്ളം ഉണ്ടാകാനുള്ള സാധ്യത ഉണ്ടെങ്കിലും അത് ബലം പ്രയോഗിച്ച് പുറത്തെടുക്കാൻ ശ്രമിക്കാതിരിക്കുക. അബോധാവസ്ഥയിൽ ആണെങ്കിൽ ഹൃദയസ്പന്ദന ശ്വസന പുനരുജ്ജീവന പ്രക്രിയ (സിപിആർ) ചെയ്യുക. എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുക.










0 comments