ad
Deshabhimani

ഡ്രൈവിങ് ടെസ്റ്റ്‌ ; ഗ്രൗണ്ട് വിടുംമുമ്പ് 
ലൈസൻസ് വരും , പ്രിന്റിങ്ങിന്‌ 
കിയോസ്കുകൾ

driving licence
വെബ് ഡെസ്ക്

Published on Apr 10, 2025, 12:33 AM | 2 min read


തിരുവനന്തപുരം : ഡ്രൈവിങ് ടെസ്റ്റ് പാസായാൽ ഗ്രൗണ്ടിൽത്തന്നെ ഡിജിറ്റൽ ലൈസൻസ് ലഭ്യമാക്കാൻ മോട്ടോർ വാഹന വകുപ്പ്. ഇതിനായി ടെസ്റ്റ് ഗ്രൗണ്ടിൽ ഡ്യൂട്ടിയിലുള്ള മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്ക് ടാബ് നൽകുമെന്ന് മന്ത്രി കെ ബി ഗണേഷ്‌ കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ ടെസ്റ്റ് പൂർത്തിയായശേഷം ഉദ്യോഗസ്ഥർ ഓഫീസിലെത്തി വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുമ്പോഴാണ് ലഭിക്കുന്നത്. ഇതിനുപകരം ഗ്രൗണ്ടിൽ നിന്നുതന്നെ ലൈസൻസ് അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യം ഒരുക്കും. ടെസ്റ്റ് പാസാകുന്നയാൾ ഗ്രൗണ്ട് വിട്ടുപോകുന്നതിനു മുമ്പുതന്നെ ഡിജിറ്റൽ ലൈസൻസ് ഫോണിലെത്തും.


മോട്ടോർ വാഹന വകുപ്പിൽ ആഭ്യന്തര വിജിലൻസ് സംവിധാനം തുടങ്ങുന്നതും പരിഗണനയിലാണ്. സേവനങ്ങൾ സംബന്ധിച്ച ഫയൽ നീക്കമടക്കം വിജിലൻസ് പരിശോധിക്കും. ഒരു ഫയലും അഞ്ചു ദിവസത്തിൽ കൂടുതൽ കെട്ടിക്കിടക്കാൻ പാടില്ല. അങ്ങനെയുണ്ടായാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. ഫയലുകൾ വേ​ഗത്തിൽ തീർപ്പാക്കാൻ വിവിധ ജില്ലകളിലായി വിഭജിച്ച് നൽകും.


കെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്‌കൂളുകൾ വഴി 38 ലക്ഷം രൂപ ലാഭമുണ്ടായി. കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂളിലെ പഠിതാക്കളെ ബോധപൂർവം പരാജയപ്പെടുത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകും.

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരത്തിൽ വിട്ടുവീഴ്ചയില്ല. പുതിയ ടെസ്റ്റ് രീതികൾക്കനുസൃതമായി ഗ്രൗണ്ടുകൾ ഒരുക്കാനുള്ള സാവകാശം നൽകുക മാത്രമാണ് ചെയ്തത്. പരിഷ്‌കരണവുമായി സർക്കാർ മുന്നോട്ടുപോവുകയാണ്. നിലവിലെ ‘എച്ച്' രീതിയെല്ലാം മാറും. ഡ്രൈവിങ് സ്‌കൂളുകളുടെ വാഹനങ്ങൾക്ക് പ്രത്യേക നമ്പർ നൽകും. ഏതെങ്കിലും ഡ്രൈവിങ് സ്‌കൂളിന്റെ പേരിൽ വാഹനം രജിസ്റ്റർ ചെയ്തശേഷം വാടകയ്ക്ക് നൽകുന്ന പ്രവണത അനുവദിക്കില്ല. ഓട്ടോറിക്ഷകളിൽ ഫെയർ ചാർട്ട് പ്രദർശിപ്പിച്ച് അതിലുള്ള നിരക്ക് മാത്രമേ വാങ്ങാവൂ. ഇല്ലെങ്കിൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.


ലൈസൻസ്‌ പ്രിന്റിങ്ങിന്‌ 
കിയോസ്കുകൾ

ലൈസൻസ് പ്രിന്റ് ചെയ്യാനും പുതുക്കാനുമായി കിയോസ്കുകൾ സ്ഥാപിക്കാൻ മോട്ടോർ വാഹനവകുപ്പ് ആലോചിക്കുന്നതായി ​ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ്‌കുമാർ പറഞ്ഞു. ലൈസൻസ്‌ വിവരങ്ങൾ കിയോസ്‌കിൽ നൽകിയാൽ അതിൽനിന്ന് പ്രിന്റ് ലഭിക്കുന്ന തരത്തിലാണ്‌ പ്രവർത്തനം.


വിദേശ രാജ്യങ്ങളിലേതുപോലുള്ള പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കും. പരിപാലന ചുമതല കിയോസ്ക്‌ സ്ഥാപിക്കുന്ന കമ്പനികൾക്കാകും. മോട്ടോർ വാഹന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നമ്പറിലേക്ക് വരുന്ന ഒടിപി കിയോസ്കിൽ നൽകിയാലേ ലൈസൻസിന്റെ പ്രിന്റ് ലഭിക്കൂ.


കിയോസ്കുകൾക്കായി മോട്ടോർ വാഹന വകുപ്പ് താൽപ്പര്യപത്രം ക്ഷണിക്കും. മറ്റ് വകുപ്പുകളിലെ വിവിധ സർട്ടിഫിക്കറ്റുകളും ഇതുവഴി പ്രിന്റ് ചെയ്യാനുള്ള സാധ്യതകൾ പരിശോധിക്കും. മാളുകളിലും പൊതുസ്ഥലങ്ങളിലും കിയോക്സുകൾ സ്ഥാപിക്കും.

ലൈസൻസ് ടെസ്റ്റ്, ഫിറ്റ്‌നെസ് പരിശോധന തുടങ്ങിയവ മാത്രമാണ് ഇപ്പോൾ ഉദ്യോഗസ്ഥർ നേരിട്ട്‌ നടത്തുന്നത്. ഓട്ടോമാറ്റിക് വാഹന പരിശോധനാ സംവിധാനം വൈകാതെ യഥാർഥ്യമാകും. ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകളും ഡിജിറ്റലാക്കുന്നതിനുള്ള സംവിധാനവും കൊണ്ടുവരാനുള്ള ആലോചനയിലാണ്‌ മോട്ടോർ വാഹന വകുപ്പ്. മൂന്നാറിൽ കൂടുതൽ ഡബിൾ ഡക്കർ ബസ്‌ നിരത്തിലിറക്കും. കെഎസ്ആർടിസിയിലെ ബസ്സുകൾ ബ്രേക്ക് ഡൗണായാൽ പരിഹരിക്കാൻ 10 അത്യാധുനിക റാപ്പിഡ് റിപ്പയർ വാഹനങ്ങൾ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home