വസ്ത്രധാരണം വ്യക്തിപരമായ അവകാശം; ചുരിദാർ ധരിക്കുന്നത് അധ്യാപികയുടെ കഴിവിനെ ബാധിക്കില്ല: ഹൈക്കോടതി

കൊച്ചി: വസ്ത്രധാരണം വ്യക്തിപരമായ കാര്യമാണെന്നും, നിയമത്തിന്റെ പിൻബലമില്ലാതെ പ്രത്യേകവസ്ത്രം ധരിക്കണമെന്ന് മറ്റാർക്കും നിർദേശിക്കാനാകില്ലെന്നും ഹൈക്കോടതി. കൊട്ടാരക്കര ഈശ്വരവിലാസം ഹൈസ്കൂളിലെ പ്രധാനാധ്യാപിക സിന്ധു എസ് നായർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്. ചുരിദാർ ധരിക്കുന്നത് അധ്യാപികയുടെ കഴിവിനെയോ ഔദ്യോഗിക പദവിയെയോ ബാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. ചുരിദാർ ധരിക്കാമെന്ന വിദ്യാഭ്യാസവകുപ്പിന്റെ സർക്കുലറുള്ളപ്പോൾ സ്കൂൾ മാനേജർക്ക് പ്രധാനാധ്യാപികയുടെ വസ്ത്രധാരണത്തിൽ ഇടപെടാനാകില്ലെന്നും വ്യക്തമാക്കി.
ഫെബ്രുവരി മൂന്നിന് സ്കൂളിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സാരിയുടുത്ത് വരണമെന്ന് ഭീഷണിപ്പെടുത്തി ഗേറ്റിൽ തടഞ്ഞെന്നാണ് പരാതി. മാനേജർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്നും പൊലീസ് സംരക്ഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജോലിയിലെ വീഴ്ച മറയ്ക്കാനുള്ള ആരോപണമെന്നായിരുന്നു മാനേജരുടെ വാദം. വസ്ത്രം വ്യക്തിയുടെ അന്തസ്സിന്റെയോ മൂല്യത്തിന്റെയോ അളവുകോലല്ലെന്നും മറ്റൊരാൾക്ക് ഇഷ്ടപ്പെട്ട വസ്ത്രധാരണത്തെ ആശ്രയിച്ചല്ല ഭരണഘടന സ്ത്രീയുടെ അന്തസ് നിശ്ചയിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
ജില്ലാ വിദ്യാഭ്യാസ ഓഫീസർ അന്വേഷിച്ച് ഡെപ്യൂട്ടി ഡയറക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകിതായി സർക്കാർ അറിയിച്ചു. പ്രധാനാധ്യാപികയുടെ ജോലിനിർവഹണത്തിന് തടസ്സമുണ്ടാകുന്ന പക്ഷം പൊലീസ് സംരക്ഷണം ഉറപ്പാക്കാനും മാനേജർക്കെതിരായ അന്വേഷണം തുടരാനും അനുമതി നൽകി.









0 comments