യുവാവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ: കൊലപാതകം മകൾക്കു നേരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനിടെ

കൊച്ചി: ഇടപ്പള്ളിയ്ക്ക് സമീപത്തെ റെയിൽവേ ട്രാക്കിൽ ഒഡീഷ സ്വദേശിയായ യുവാവിനെ കൊന്ന് തള്ളിയ കേസിൽ രണ്ടാം ഭാര്യ പിടിയിൽ. 31 കാരനെ കൊന്ന കേസിൽ ഒഡീഷ സ്വദേശിനിയായ 40 കാരിയാണ് എളമക്കര പൊലീസിന്റെ അറസ്റ്റിലായത്. അജിത് നായക്കിന്റെ മൃതദേഹം ശനി പുലർച്ചെ 1.20 ഓടു കൂടി പോണക്കരയ്ക്ക് സമീപമുള്ള റെയിൽവേ ട്രാക്കിലാണ് കണ്ടെത്തിയത്. തുടർന്ന് ഇയാളുടെ ഭാര്യയെയും മകളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ ഭാര്യ കുറ്റസമ്മതം നടത്തി.
യുവതിയുടെ ആദ്യ ഭർത്താവിലുള്ള പ്രായപൂർത്തിയാകാത്ത മകളെ യുവാവ് വീട്ടിൽ വച്ച് ഉപദ്രവിക്കാൻ ശ്രമിച്ചു. ഇത് ഒഡീഷ സ്വദേശിനിയും മകളും കൂടി തടുത്തു. ഇതിനെ തുടർന്ന് ഇയാളെ കൊലപ്പെടുത്തിയതായാണ് രണ്ടാം ഭാര്യയുടെ മൊഴിയെന്ന് പൊലീസ് പറഞ്ഞു. അതിനുശേഷം അമ്മ മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് എളമക്കര പൊലീസ് പറഞ്ഞു. റെയിൽവേ ട്രാക്കിന് സമീപത്തെ വാടക വീട്ടിലാണ് ഇവർ മൂന്നു പേരും താമസിച്ചിരുന്നത്. സംഭവത്തിൽ ഭാര്യയുടെ അറസ്റ്റ് രേഖപ്പെടുത്തി.
വെളുപ്പിന് ട്രാക്കിൽ മൃതശരീരം കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട അമൃത എക്സ്പ്രസ് ലോക്കോ പൈലറ്റാണ് വിവരം പൊലീസിനു കൈമാറിയത്. ശേഷം പൊലീസെത്തി മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി എറണാകുളം ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി. മൃതദേഹത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയിട്ടില്ല. നെഞ്ചിലും കഴുത്തിലും ചവിട്ടി കൊലപാതകം നടത്തിയതായാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണത്തിൽ വ്യക്തത വരൂ എന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി വീട്ടില് വഴക്കുണ്ടായിരുന്നതായും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.








0 comments