ആദ്യ സീരീസ് റിലീസായിട്ട് രണ്ടു ദിവസം; സംവിധായകൻ ബെൽരാജ് കളരിക്കൽ അന്തരിച്ചു

കാക്കനാട് : ജിയോ ഹോട്ട്സ്റ്റാറിൽ പ്രദർശനം ആരംഭിച്ച ‘കാപ്പി സ്ക്വാഡ്’ വെബ് സീരീസ് സംവിധായകൻ കോട്ടയം മണിമല കളരിക്കൽ വീട്ടിൽ ബെൽരാജ് (28) അന്തരിച്ചു. ബെൽരാജിനെ കാക്കനാട്ടെ താമസസ്ഥലത്ത് ശനിയാഴ്ച അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
പടമുകൾ സാറ്റലൈറ്റ് ടൗൺഷിപ്പിനുസമീപത്തെ അപ്പാർട്ട്മെന്റിൽ സഹപ്രവർത്തകനായ ശ്രീകാന്തിനൊപ്പമായിരുന്നു താമസം. ശനി രാവിലെ അലാം തുടർച്ചയായി മുഴങ്ങിയിട്ടും എഴുന്നേൽക്കാതിരുന്നതോടെയാണ് സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചത്. റിനോഷ് ജോർജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കാപ്പി സ്ക്വാഡ്’ ബെൽരാജിന്റെ ആദ്യ വെബ് സീരീസാണ്. നാല് എപ്പിസോഡുകൾ ഇതിനകം പ്രദർശിപ്പിച്ച സീരീസിന്റെ 36 എപ്പിസോഡുകളുടെയും ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. 15നാണ് ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചത്. സീരീസിന് മികച്ച പ്രതികരണം ലഭിക്കുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം.
നിഴൽ, മധുരം, ഡാകിനി തുടങ്ങി നിരവധി സിനിമകളിൽ അസോസിയറ്റ്, അസിസ്റ്റന്റ് സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം കോട്ടയം കൊടുങ്ങൂർ ടിഎംഎം ആശുപത്രി മോർച്ചറിയിൽ. ഞായർ വൈകിട്ട് ആറിന് വീട്ടിലെത്തിക്കും. സംസ്കാരം തിങ്കൾ പകൽ 11ന് വീട്ടുവളപ്പിൽ. ഒരുമാസംമുമ്പായിരുന്നു വിവാഹം. ഭാര്യ: ആതിര. അച്ഛൻ: ജി സുരേഷ് (കർഷകസംഘം മുൻ ജില്ലാ കമ്മിറ്റി അംഗം, സിപിഐ എം വാഴൂർ ഏരിയ കമ്മിറ്റിയംഗം). അമ്മ: സ്മിത (വെള്ളാവൂർ സഹകരണ ബാങ്ക്). സഹോദരി: കെ എസ് സോജ (ആലുവ യുസി കോളേജ്).








0 comments