ഡ്രോൺ ആക്രമണത്തിനിരയായ കപ്പൽ റൊമാനിയൻ തീരത്തെത്തി; ഇന്ത്യക്കാർ സുരക്ഷിതർ

എഐ പ്രതീകാത്മകചിത്രം
ലണ്ടൻ: റൊമാനിയൻ തീരത്തിന് സമീപം ഡ്രോൺ ആക്രമണത്തിനിരയായ രാസവസ്തുക്കൾ കൊണ്ടുപോകുന്ന ടാങ്കർ കപ്പൽ കോൺസ്റ്റാന്റ തുറമുഖത്തെത്തി. കപ്പലിലുണ്ടായിരുന്ന ഒമ്പത് ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്ന് റൊമാനിയയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ബുധനാഴ്ച റൊമാനിയയിലെ സുലിന നങ്കൂരമിടൽ കേന്ദ്രത്തിന് സമീപമാണ് 'യാര ജെ' (YARA J) എന്ന കപ്പലിന് നേരെ ഡ്രോൺ ആക്രമണമുണ്ടായത്. റൊമാനിയൻ രക്ഷാപ്രവർത്തന ഏജൻസികളുമായും കപ്പലിന്റെ ചീഫ് സെക്യൂരിറ്റി ഓഫീസറുമായും ഇന്ത്യൻ അംബാസഡർ മനോജ് കുമാർ മൊഹാപത്ര ചർച്ച നടത്തി.
വെള്ളിയാഴ്ച ഹോർമുസ് കടലിടുക്കിൽ 15 ഇന്ത്യൻ നാവികരുമായി സഞ്ചരിച്ചിരുന്ന എംടി എസ്ടി 3 (MT ST 3) എന്ന എണ്ണക്കപ്പലിനു നേരെയും ആക്രമണമുണ്ടായിരുന്നു. രണ്ട് കപ്പലുകളിലുമായി ഉണ്ടായിരുന്ന 24 ഇന്ത്യക്കാരും സുരക്ഷിതരാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു.
കരിങ്കടൽ മേഖലയിലും യുഎസ്–ഇറാൻ സംഘർഷം തുടരുന്ന ഹോർമുസ് കടലിടുക്കിലും കപ്പലുകൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നതിനിടെയാണ് പുതിയ സംഭവം. ഈ മാസം ആദ്യം കരിങ്കടലിൽ ആക്രമിക്കപ്പെട്ട തുർക്കി ചരക്കുകപ്പലായ എംവി റോയാദ് മമ്മദോവിൽനിന്ന് മൂന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയിരുന്നു.








0 comments