മഹേല ജയവർധനെ പടിയിറങ്ങി; മുംബൈ ഇന്ത്യൻസിന്റെ പരിശീലക സ്ഥാനത്തേക്ക് അഞ്ച് പേർ

മുംബൈ: മഹേല ജയവർധനെ മുഖ്യ പരിശീലക സ്ഥാനമൊഴിഞ്ഞതോടെ മുംബൈ ഇന്ത്യൻസിന്റെ പുതിയ പരിശീലകനെ കണ്ടെത്താനുള്ള നീക്കം സജീവം. രണ്ട് ഓസ്ട്രേലിയൻ മുൻ താരങ്ങളുൾപ്പെടെ അഞ്ച് പേരുടെ ചുരുക്കപ്പട്ടിക ഫ്രാഞ്ചൈസി തയ്യാറാക്കിയതായാണ് റിപ്പോർട്ട്. ഞായറാഴ്ച മുതൽ അഭിമുഖങ്ങൾ ആരംഭിക്കുമെന്നാണ് വിവരം.
മുൻ ചെന്നൈ സൂപ്പർ കിങ്സ് ബാറ്റിങ് പരിശീലകൻ മൈക്കൽ ഹസി, മുൻ ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച്, ഇംഗ്ലണ്ടിന്റെ മുൻ ക്യാപ്റ്റൻ ഇയോൻ മോർഗൻ, മുൻ മുംബൈ പരിശീലകൻ മാർക്ക് ബൗച്ചർ, ദക്ഷിണാഫ്രിക്കൻ പരിശീലകൻ അഡ്രിയൻ ബിറൽ എന്നിവരാണ് പട്ടികയിലുള്ളതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ഒമ്പത് വർഷത്തോളം ചെന്നൈ സൂപ്പർ കിങ്സിന്റെ പരിശീലകസംഘത്തിലുണ്ടായിരുന്ന ഹസി പ്രധാന പരിഗണനയിലുള്ളവരിൽ ഒരാളാണ്. 2021ലെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് ഓസ്ട്രേലിയയെ നയിച്ച ഫിഞ്ചിനും സാധ്യതയുണ്ട്. ഇംഗ്ലണ്ടിന്റെ വൈറ്റ് ബോൾ ക്രിക്കറ്റിൽ നിർണായക മാറ്റങ്ങൾ കൊണ്ടുവന്ന മോർഗനും പരിഗണനയിലുണ്ട്.
2023, 2024 സീസണുകളിൽ മുംബൈ ഇന്ത്യൻസിനെ പരിശീലിപ്പിച്ച ബൗച്ചറും പട്ടികയിലുണ്ട്. അതേസമയം, അയർലൻഡ്, ദക്ഷിണാഫ്രിക്ക ടീമുകളുമായി പ്രവർത്തിച്ച പരിചയമുള്ള അഡ്രിയൻ ബിറൽ താരവികസനത്തിലും ടീമിന്റെ അച്ചടക്കത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരിശീലകനാണ്.
ഐപിഎൽ 2027 താരലേലത്തിന് മുന്നോടിയായി പുതിയ പരിശീലകനെ പ്രഖ്യാപിച്ചേക്കും. മുംബൈ ഇന്ത്യൻസുമായി ഒരു ദശാബ്ദത്തോളം ബന്ധമുണ്ടായിരുന്ന ജയവർധനെ ശനിയാഴ്ചയാണ് സ്ഥാനമൊഴിഞ്ഞത്.








0 comments