കോട്ടയം മെഡിക്കൽ കോളേജ് അപകടം
ബിന്ദുവിന്റെ കുടുംബത്തിന് തണലേകാൻ സ്വപ്‌ന ഭവനം; നാളെ താക്കോൽ കൈമാറും

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഉപയോഗ ശൂന്യമായ ശുചിമുറി തകർന്നു വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ഡി ബിന്ദുവിന്റെ കുടുംബത്തിന് നിർമിച്ച് നൽകിയ വീടിന്റെ താക്കോൽ നാളെ കൈമാറും. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവീസ് സ്‌കീമാണ് വീട് നവീകരിച്ചു നൽകിയത്. ബിന്ദുവിന്റെ വീട് സന്ദർശിച്ചപ്പോൾ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നൽകിയ ഉറപ്പാണ് നാഷണൽ സർവീസ് സ്‌കീമിന്റെ സ്നേഹവീടായി ഒരുങ്ങിയിരിക്കുന്നത്.
12.50 ലക്ഷം ചെലവിലാണ് ബിന്ദുവിന്റെ വീട് നവീകരിച്ചു നൽകുന്നത്. ചുറ്റുമതിലടക്കം പൂർത്തിയാക്കിയ നവീകരണ പ്രവൃത്തികൾ മൂന്നു മാസത്തിനുള്ളിലാണ് പൂർത്തിയാക്കിയത്. അടുക്കളഭാഗം പൊളിച്ച് ശുചിമുറി ഉൾപ്പെടുന്ന മുറിയാക്കി കോൺക്രീറ്റ് ചെയ്‌തു. മുറ്റത്തിന്റെ താഴ്ന്ന ഭാഗം കെട്ടിയുയർത്തി സംരക്ഷണഭിത്തി ഉണ്ടാക്കി. പുതിയ അടുക്കളയും വർക്ക് ഏരിയയും നിർമ്മിച്ചു. സൺഷെയിഡും പുതുക്കിപ്പണിതു. സെപ്റ്റിക് ടാങ്കും വീട്ടിലേക്കെത്താൻ വഴിയിൽനിന്നും പടവുകൾ പുതുക്കി കൈവരിയും പണിതു.
ബിന്ദുവിന്റെ കുടുംബത്തിന് ഉടനടി ആശ്വാസമെത്തിക്കാൻ സംസ്ഥാന സർക്കാർ ഇടപെടുകയായിരുന്നു. പത്തര ലക്ഷം രൂപ അടിയന്തിര ആശ്വാസധനമായി അനുവദിച്ചിരുന്നു. മകൾ നവമിയുടെ ചികിത്സാച്ചെലവ് ഏറ്റെടുത്തതിനു പുറമെ, മകൻ നവനീതിന് ജോലിയും ഉറപ്പാക്കി. ഇതോടൊപ്പമാണ് വീടിന്റെ നവീകരണ പ്രവൃത്തി ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശത്തിൽ നാഷണൽ സർവീസ് സ്‌കീം ഏറ്റെടുത്ത് ദ്രുതവേഗത്തിൽ പൂർത്തിയാക്കിയിരിക്കുന്നത്.
വെള്ളിയാഴ്ച വൈകീട്ട് 6.30ന് തലയോലപ്പറമ്പ് ഉമ്മൻകുന്നിൽ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഭവനത്തിൻ്റെ താക്കോൽ കൈമാറും. ബിന്ദുവിന്റെ 'അമ്മ സീതാലക്ഷ്‌മിയും ഭർത്താവ് വിശ്രുതനും അടങ്ങുന്ന കുടുംബം താക്കോൽ സ്വീകരിക്കും. മന്ത്രി വി എൻ വാസവൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. സി കെ ആശ എംഎൽഎ ചടങ്ങിൽ പങ്കെടുക്കും.









0 comments