കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ ; സിന്‍ഡിക്കറ്റ് യോഗം വിളിക്കില്ലെന്ന് താല്‍ക്കാലിക വിസി

തിരുവനന്തപുരം
കേരള സർവകലാശാല രജിസ്ട്രാർക്കെതിരെയുള്ള ചട്ടവിരുദ്ധ നടപടിയിൽ അടിയന്തര സിൻഡിക്കറ്റ് യോഗം വിളിച്ചുചേർക്കാൻ കൂട്ടാക്കാതെ താൽക്കാലിക വൈസ് ചാൻസലർ ഡോ. സിസ തോമസിന്റെ പിടിവാശി. രണ്ടുദിവസം സർവകലാശാലയിൽ വന്നുപോകുന്നുണ്ടെങ്കിലും ഇതുവരെയും നിലവിലത്തെ പ്രശ്നത്തിൽ ഇടപ്പെടാൻ വിസി തയ്യാറായിട്ടില്ല. അഞ്ചുദിവസത്തേക്ക് സിസയെ ഡമ്മി ആയിട്ടാണ് രാജ്ഭവൻ പ്രതിഷ്ഠിച്ചതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. രജിസ്ട്രാറുടെ സസ്പെൻഷൻ വിഷയം അടുത്ത സിൻഡിക്കറ്റിൽ ചർച്ച ചെയ്യുമെന്ന് താൽക്കാലിക വിസി ഡോ. മോഹനൻ കുന്നുമ്മൽ ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ, മോഹനൻ കുന്നുമ്മലിന് പകരക്കാരിയായി വന്ന സിസ ഈ വിഷയം അറിഞ്ഞിട്ടില്ലെന്ന ഭാവത്തിലാണ്. മോഹനൻ കുന്നുമ്മൽ നല്കിയ കത്തിന്റെ അടിസ്ഥാനത്തിൽ പ്രൊ ചാൻസലർ കൂടിയായ മന്ത്രി ആർ ബിന്ദു നൽകിയ മറുപടിയെയും സിസ തോമസ് വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നുണ്ട്.
രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ സർവകലാശാല ചട്ടപ്രകാരം വിസിക്ക് അധികാരമില്ലെന്നാണ് മറുപടിയിൽ മന്ത്രി അറിയിച്ചത്. എന്നാൽ, നടപടി പിൻവലിക്കാൻ ആവശ്യപ്പെട്ട് മന്ത്രി സിസ തോമസിന് കത്ത് നൽകിയെന്നാണ് സേവ് യൂണിവേഴ്സിറ്റി ഫോറമെന്ന സംഘടന വിസിക്ക് വേണ്ടി പത്രക്കുറിപ്പിറക്കിയത്. രാജ്ഭവനിൽ നിന്ന് നിർദേശിക്കുന്നതിന് അപ്പുറമൊന്നും ചെയ്യരുതെന്ന് ചട്ടംകെട്ടിയാണ് സിസയെ കേരളയിലേക്ക് എത്തിച്ചതും. വെള്ളിയാഴ്ച സർവകലാശാലയിൽ എത്തിയ സിസയെ എസ്എഫ്ഐ തടഞ്ഞു. തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
സർവകലാശാല സെനറ്റ് ഹാളിലെ ആർഎസ്എസ് പരിപാടിയിലെ കാവിക്കൊടി പിടിച്ച സ്ത്രീയുടെ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെടുകയും നിബന്ധന ലംഘച്ചതിനാൽ പരിപാടി റദ്ദാക്കുമെന്ന് അറിയിക്കുകയും ചെയ്തതിനാണ് രാജ്ഭവന്റെ നിർദേശത്തിൽ വൈസ് ചാൻസലർ രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്. രജിസ്ട്രാർ പോലെയുള്ള സ്റ്റാറ്റ്യൂട്ടറി ഓഫീസർമാർക്കെതിരെ നടപടിയെടുക്കാൻ അധികാരമുള്ള സിൻഡിക്കറ്റിനെ മറിക്കടന്നാണ് വിസിയുടെ അമിതാധികാരം പ്രയോഗം. ഇതിനെതിരെ സർവകലാശാലകളിൽ പ്രതിഷേധം തുടരുകയാണ്.








0 comments