രജിസ്‌ട്രാർ ഡോ. കെ എസ് അനിൽകുമാർ ചുമതല നിർവഹിക്കും
ആർഎസ്‌എസിന്റെ കോടാലിക്കെെയായി സിസ

തിരുവനന്തപുരം
കേരള സർവകലാശാല ചട്ടങ്ങളെ വെല്ലുവിളിച്ച് താൽക്കാലിക വിസിക്ക് പകരമായെത്തിയ താൽക്കാലിക വിസി ഡോ. സിസ തോമസിന്റെ അധികാര ദുർവിനിയോഗം. സർവകലാശാലയുടെ ചുമതലയുണ്ടായിരുന്ന അവസാന ദിവസമായ ചൊവ്വാഴ്‌ച രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിന് പ്രവേശന വിലക്ക് കൽപ്പിച്ച നടപടി കേട്ടുകേൾവി ഇല്ലാത്തതും അധികാര ദുർവിനിയോഗവുമാണ്. രജിസ്ട്രാർക്ക് ഫയൽ കൈമാറരുതെന്ന ധിക്കാര നടപടിക്കു പിന്നാലെയായിരുന്നു ഇത്.
താൽക്കാലിക വിസി ഡോ. മോഹനൻ കുന്നുമ്മൽ രജിസ്ട്രാറെ ചട്ടവിരുദ്ധമായി സസ്പെൻഡ് ചെയ്ത നടപടി സിൻഡിക്കറ്റ് റദ്ദാക്കിയിരുന്നു. ഇത് അംഗീകരിക്കാൻ സിസ കൂട്ടാക്കിയില്ല. സിൻഡിക്കറ്റ് യോഗത്തിൽനിന്ന് താൻ വിട്ടുനിന്നുവെന്നാണ് ഇതിനവർ നൽകുന്ന വിശദീകരണം. സിൻഡിക്കറ്റ് യോഗം വിളിച്ചുചേർക്കാൻ വിസി വേണമെങ്കിലും യോഗം തുടരുന്നതിനിടെ വിസി ഇറങ്ങിപ്പോയാൽ അതിനെ വിയോജിപ്പായി മാത്രമെ കണക്കാക്കൂ എന്നതാണ് വസ്‌തുത. തീരുമാനങ്ങളെല്ലാം സാധുവുമാണ്. സിൻഡിക്കറ്റിന്റെ തീരുമാനങ്ങൾക്കുമേൽ വിസിക്ക് ഓവർ റൂൾ ചെയ്യാനും കഴിയില്ല. പല കേസുകളിലായി ഹൈക്കോടതിയടക്കം ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്.
ഇപ്പോൾ സർവകലാശാലക്കെതിരെ ഇല്ലാക്കഥ മെനയുന്ന സേവ് യൂണിവേഴ്സിറ്റി ഫോറം പ്രതിനിധി സിൻഡിക്കറ്റ് അംഗമായിരിക്കെയുള്ള നടപടി ഇതിനുദാഹരണമാണ്. 2012 ആഗസ്റ്റ് മൂന്നിന് കേരള സർവകലാശാല വിസി ഡോ. ജയകൃഷ്ണൻ സിൻഡിക്കറ്റ് യോഗം ബഹിഷ്‌കരിച്ചതോടെ ജോളി ജേക്കബിന്റെ അധ്യക്ഷതയിൽ യുഡിഎഫ് സിൻഡിക്കറ്റ് അംഗങ്ങൾ യോഗം തുടരുകയും 400 തീരുമാനങ്ങൾ പാസാക്കുകയും ചെയ്‌തിരുന്നു. ഇവയൊന്നും ഇതുവരെ അസാധുവായിട്ടില്ല. സർവകലാശാല സംരക്ഷകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ആർ എസ് ശശികുമാറിന്റെ പങ്കാളിത്തവും ഈ യോഗത്തിലുണ്ടായിരുന്നു.
സസ്പെൻഷൻ നടപടിക്ക് ആധാരമായൊരു വിശദീകരണംപോലും തേടാതെയാണ് രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിനെ വിസി സസ്‌പെൻഡ് ചെയ്തത്. വിശദീകരണമോ അന്വേഷണമോ മെമ്മോ ചാർജ്ജോ ഒന്നും നൽകാതെയായിരുന്നു ഈ നടപടി. അസിസ്റ്റന്റ് രജിസ്ട്രാർ വരെയുള്ളവർക്കെതിരെ മാത്രമേ വിസിക്ക് നേരിട്ട് നടപടിയെടുക്കാൻ കഴിയുകയുള്ളു. ഇത് മറച്ചുവച്ചാണ് ആർഎസ്‌എസ് കേന്ദ്രങ്ങളിൽനിന്നുള്ള ഉപദേശാനുസരണമുള്ള വിസിയുടെ നടപടി. ഈ തീരുമാനത്തെയാണ് ഭൂരിപക്ഷ സിൻഡിക്കറ്റ് റദ്ദാക്കിയതും അത് ഹൈക്കോടതി ശരിവച്ചതും.
രജിസ്‌ട്രാർ ഡോ. കെ എസ് അനിൽകുമാർ ചുമതല നിർവഹിക്കും
കേരള സർവകലാശാല രജിസ്‌ട്രാർ ഡോ. കെ എസ് അനിൽകുമാർ വ്യാഴാഴ്‌ച സർവകലാശാലയിലെത്തി ചുമതല നിർവഹിക്കും. ബുധനാഴ്‌ച സർവകലാശാലയിലെത്തി അനിൽകുമാർ ഒരു ദിവസത്തെ അവധിക്കായി താൽക്കാലിക വിസി മോഹൻ കുന്നുമ്മലിന് അപേക്ഷ നൽകി. എന്നാൽ, ഇത് വിസി നിരസിച്ചു.
ഇപ്പോഴും സർവകലാശാലയുടെ രജിസ്‌ട്രാറാണെന്നും സിൻഡിക്കറ്റാണ് നിയമിച്ചതെന്നും കെ എസ് അനിൽകുമാർ മറുപടി നൽകി. ഒരു ദിവസത്തെ മെഡിക്കൽ അവധിയാണ് നൽകിയതെന്നും വ്യാഴാഴ്‌ച ഓഫീസിലെത്തുമെന്നും അനിൽകുമാർ പറഞ്ഞു. താൽക്കാലിക വിസി നിയമവിരുദ്ധമായി സസ്‌പെൻഡ് ചെയ്‌ത അനിൽകുമാറിനെ സിൻഡിക്കറ്റ് തിരിച്ചെടുത്തിരുന്നു. ഹൈക്കോടതിയും ഇത് അംഗീകരിച്ചു. അനിൽകുമാറിനോട് ഓഫീസിലെത്തരുതെന്ന് താൽക്കാലിക വിസിയായി എത്തിയ സിസ തോമസ് നിർദേശിച്ചിരുന്നു. ഈ നടപടി നിയമവിരുദ്ധവും അധികാര ദുർവിനിയോഗവുമാണെന്ന് സിൻഡിക്കറ്റ് പ്രതിനിധികൾ ചൂണ്ടിക്കാട്ടി.








0 comments