കലിക്കറ്റ് വി സി നിയമനം: രാജ്ഭവന്റേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി ആർ ബിന്ദു

ഡോ.ആർ ബിന്ദു
തിരുവനന്തപുരം: കലിക്കറ്റ് സർവകലാശാ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് രാജ്ഭവൻ ഇറക്കിയ വിജ്ഞാപനം സംഘപരിവാർ ഇന്ത്യയിൽ നടപ്പാക്കുന്ന അമിതാധികാര പ്രയോഗങ്ങളുടെ പുതിയ അധ്യായമാണെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. ജനാധിപത്യവിരുദ്ധവും ചട്ടവിരുദ്ധവുമായ കാര്യമാണ് രാജ്ഭവന്റെ ഭാഗത്തുനിന്നുമുണ്ടായത്. സംസ്ഥാന സർക്കാർ ധനപരമായ പിന്തുണയും മേൽനോട്ടവും ചെയ്തുപോരുന്ന പൊതുസർവകലാശാലകളിൽ ഇത്തരത്തിലുള്ള കടന്നുകയറ്റം നടത്തുന്നത് അപലപനീയമാണെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരിന്‍റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിത്. ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായി വന്നതോടെയാണ് പരസ്യമായ രാഷ്ട്രീയ നിലപാടുകളുടെ പ്രഖ്യാപനം നടത്തുന്നത്. ഇപ്പോൾ അത് വളരെ രൂക്ഷമായി. സംഘപരിവാർ അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന അമിതാധികാര- സ്വേച്ഛാധിപത്യ പ്രവണതകളുടെ പ്രത്യക്ഷമായ ആവിഷ്കാരമാണ് കേരളത്തിലും നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.









0 comments