ad
Deshabhimani

തോമസിന്റെ കഴിവ്‌ ഇ എം എസ്‌ 
തിരിച്ചറിഞ്ഞു: മേരി മോനി ചാണ്ടി

‘വാഴ്‌ത്തപ്പെടാത്ത വിശ്വപൗരൻ’ ; പി ജെ തോമസ്‌ വിടവാങ്ങിയിട്ട്‌ 60 വർഷം

dr. p j thomas United Nations
വെബ് ഡെസ്ക്

Published on Jul 27, 2025, 01:05 AM | 2 min read


കോട്ടയം

ഐക്യരാഷ്‌ട്രസംഘടനയുടെ അടിത്തറയായ യുഎൻ ചാർട്ടർ തയ്യാറാക്കുന്നതിൽ പങ്കാളിയായ മലയാളി ഡോ. പി ജെ തോമസ്‌ വിടപറഞ്ഞിട്ട്‌ 60 വർഷം തികഞ്ഞു. ബ്രിട്ടീഷ്‌ ഇന്ത്യ സർക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവ്‌, 12 ഗ്രന്ഥങ്ങളുടെയും അമ്പതിലേറെ ഗവേഷണപ്രബന്ധങ്ങളുടെയും രചയിതാവായിരുന്നു.- വിശ്വപൗരനായിട്ടും അദ്ദേഹത്തിനർഹമായ സ്ഥാനം സമൂഹത്തിൽ ലഭിക്കുന്നുണ്ടോ എന്ന്‌ സംശയമാണ്‌. ഇന്ത്യയിലെ സാമൂഹ്യ സാമ്പത്തിക രംഗത്ത്‌ പി ജെ തോമസ്‌ ചെലുത്തിയ സ്വാധീനത്തിന്റെ അലയൊലികൾ ഇന്നുമുണ്ട്.


കോട്ടയം കുറവിലങ്ങാട്‌ പകലോമറ്റം പാറേക്കുന്നേൽ കുടുംബാംഗമായ പി ജെ തോമസ്‌ 1893 ഫെബ്രുവരി 25ന്‌ ജനിച്ചു. കോട്ടയം സിഎംഎസ്‌ കോളേജ്‌, തൃശ്ശിനാപ്പള്ളി സെന്റ്‌ ജോസഫ്‌സ്‌ കോളേജ്‌, ഓക്‌സ്‌ഫഡ്‌ സർവകലാശാല എന്നിവിടങ്ങളിൽനിന്ന്‌ ഡോക്ടറേറ്റ്‌ അടക്കം ഉന്നതബിരുദങ്ങൾ നേടി. ശ്രീലങ്ക സർവകലാശാലയിലും മദ്രാസ്‌ സർവകലാശാലയിലും അധ്യാപകനായി. 1937ൽ മദ്രാസ്‌ ലെജിസ്ലേറ്റിവ്‌ കൗൺസിലിലേക്ക്‌ നാമർനിർദേശം ചെയ്യപ്പെട്ടു.


അന്താരാഷ്‌ട്രതലത്തിലേക്ക്‌

1942ലാണ്‌ ഇന്ത്യാ ഗവൺമെന്റിന്റെ സാമ്പത്തിക ഉപദേഷ്‌ടാവാകുന്നത്‌. 1944ലെ ബ്രട്ടൻവുഡ്‌സ്‌ കോൺഫറൻസിൽ ഇന്ത്യയുടെ പ്രതിനിധിയായി പങ്കെടുത്തു. ലോക ബാങ്ക്‌, ഐഎംഎഫ്‌ എന്നിവയുടെ തുടക്കം ഈ സമ്മേളനത്തിലായിരുന്നു. 1945ൽ ഐക്യരാഷ്‌ട്രസംഘടനയുടെ രൂപീകരണത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ഒപ്പുവെച്ച മൂന്നുപേരിൽ ഒരാൾ പി ജെ തോമസാണ്‌.


കേരളത്തിലേക്ക്‌ മടങ്ങിയ ശേഷം, മുഖ്യമന്ത്രി ഇ എം എസ്‌ അദ്ദേഹത്തെ രാജ്യസഭയിലേക്ക്‌ നാമനിർദേശം ചെയ്‌തു. കാർഷികമേഖലയിൽ അദ്ദേഹം പ്രത്യേക താൽപര്യമെടുത്തു. ലാഭാധിഷ്‌ഠിതമായ, കയറ്റുമതിയെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന ബ്രിട്ടീഷ്‌ സർക്കാരിന്റെ സാമ്പത്തികനയങ്ങളെക്കുറിച്ച്‌ ആധികാരിക പഠനം നടത്തി പുസ്‌തകം പ്രസിദ്ധീകരിച്ചു. രാജ്യങ്ങളുടെ ഐക്യം, ഫെഡറൽ സംവിധാനം, ബാങ്കിങ്‌, ഓഹരിവിപണി എന്നിവയെപ്പറ്റിയുള്ള എഴുത്തുകൾ അദ്ദേഹത്തിന്റെ അസാമാന്യമായ ദീർഘവീക്ഷണത്തിന്റെ തെളിവാണ്‌. ഇന്ത്യയിലാദ്യമായി മദ്രാസ്‌ സംസ്ഥാനത്തിൽ വിജയകരമായി വിൽപനനികുതി ഏർപ്പെടുത്തിയതിനു പിന്നിലും പി ജെ തോമസായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ്‌ തയ്യാറാക്കുന്നതിലും പങ്കാളിയായി. കേരളം സംഭാവന ചെയ്‌ത ആ ബഹുമുഖപ്രതിഭ 1965 ജൂലൈ 26ന്‌ അന്തരിച്ചു.


പി ജെ തോമസിന്‌ നാടിന്റെ സ്‌മരണാഞ്‌ജലി

യുഎൻ ചാർട്ടർ തയ്യാറാക്കുന്നതിൽ പങ്കാളിയായ മലയാളിയും ആദ്യ ഇ എം എസ് സർക്കാർ രാജ്യസഭയിലേക്കയച്ച സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. പി ജെ തോമസിന്‌ നാടിന്റെ സ്‌മരണാഞ്‌ജലി. സർവകലാശാല പ്രൊഫസർ, പാർലമെന്റേറിയൻ, എഴുത്തുകാരൻ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച തോമസിനെ 60–-ാം ചരമവാർഷികത്തിലാണ്‌ നാട്‌ അനുസ്‌മരിച്ചത്‌.


ആലുവ സൗത്ത്‌ വാഴക്കുളം ഉണ്ണിമിശിഹാ പള്ളിയിൽ നടന്ന അനുസ്‌മരണത്തിൽ പി ജെ തോമസിന്റെ കൊച്ചുമകൾ മേരി മോനി ചാണ്ടി, ഭർത്താവ് മേജർ ജനറൽ മോനി ചാണ്ടി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും പങ്കെടുത്തു. ഫാ. ജോസഫ് കല്ലറയ്ക്കൽ, ടെൽക് ചെയർമാൻ പി സി ജോസഫ്, ബിഷപ് തോമസ് ചക്യാത്ത്, കുടുംബാംഗങ്ങളായ കള്ളിയത്ത് ഫ്രാൻസിസ്, വക്കച്ചൻ, പൊന്നാട്ട് സാബു എന്നിവർ സംസാരിച്ചു.


തോമസിന്റെ കഴിവ്‌ ഇ എം എസ്‌ 
തിരിച്ചറിഞ്ഞു: മേരി മോനി ചാണ്ടി

രാജ്യത്തിന്റെ ചരിത്രത്തിൽ അർഹമായ പ്രാധാന്യത്തോടെ അടയാളപ്പെടുത്താതെപോയ വ്യക്തിത്വമായിരുന്നു ഡോ. പി ജെ തോമസെന്ന്‌ കൊച്ചുമകൾ മേരി മോനി ചാണ്ടി പറഞ്ഞു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പൊതുനയങ്ങൾ രൂപീകരിക്കുന്നതിൽ ഉന്നത രാഷ്‌ട്രീയ നേതാക്കൾ അദ്ദേഹത്തിന്റെ നിർദേശങ്ങൾ തേടിയിരുന്നു.

ഇ എം എസിന്‌ അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ച് ബോധ്യമുണ്ടായിരുന്നതിനാലാണ് രാജ്യസഭയിലേക്ക് അയച്ചതെന്നും മേരി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home