ലോക്സഭ കടന്ന് 'കേരളം'; ബിൽ പാസായി

ന്യൂഡൽഹി : സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് 'കേരള' എന്നതിൽ നിന്ന് 'കേരളം' എന്ന് പുനർനാമകരണം ചെയ്യാനുള്ള ബിൽ ലോക്സഭ പാസാക്കി. കേരളം ബിൽ ഇന്ന് ചർച്ചക്ക് എടുക്കേണ്ട എന്ന നിർദേശം കോൺഗ്രസ് എംപിമാർ ഉന്നയിച്ചിരുന്നു. എന്നാൽ ഈ നിർദേശം സ്വീകരിക്കാതെ ബിൽ പരിഗണിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി അറിയിച്ചു. ആഭ്യന്തര മന്ത്രി അമിത്ഷാ എത്താതിനാൽ ഇന്നും ലോക്സഭയിൽ പ്രതിപക്ഷ ബഹളം തുടരുകയാണ്.
2024 ജൂൺ 24ന് സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നതിൽ നിന്ന് 'കേരളം' എന്നാക്കുന്നതിന് ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്ന് പുനർനാമകരണം ചെയ്യുന്നതിനായി ആർട്ടിക്കിൾ 3 പ്രകാരമുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിച്ചത്.
2023ലും ഈ വിഷയത്തിൽ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. ഈ പ്രമേയത്തിൽ ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാംപട്ടികയിലും സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നതിൽ നിന്ന് 'കേരളം' എന്ന് മാറ്റണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഒന്നാംപട്ടികയിൽ മാത്രം ഭേദഗതി വരുത്തിയാൽ മതിയാകുമെന്നും എട്ടാം പട്ടികയിൽ പേര് മാറ്റം വരുത്തേണ്ടതില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്ന് മറുപടിയായി അറിയിച്ചു. ഇതോടെയാണ് പുതുക്കിയ പ്രമേയം കേരള നിയമസഭയിൽ അവതരിപ്പിച്ചത്.









0 comments