ad
Deshabhimani

'ഓരോ മണിക്കൂറിലും റോഡിൽ പൊലിയുന്നത് 20 ജീവനുകൾ': മരിക്കുന്നവരിൽ 66% യുവാക്കൾ, കണക്കുകൾ

accident
വെബ് ഡെസ്ക്

Published on Aug 11, 2026, 02:48 PM | 1 min read

ന്യൂഡൽഹി: രാജ്യത്ത് ഓരോ മണിക്കൂറിലും 20 പേർ വീതം റോഡപകടങ്ങളിൽ മരണപ്പെടുന്നുവെന്ന് കണക്കുകൾ. ഇന്ത്യയിൽ പ്രതിവർഷം 5 ലക്ഷത്തോളം റോഡപകടങ്ങൾ നടക്കുന്നു. ഇതിൽ 1.8 ലക്ഷത്തോളം പേർ മരിക്കുന്നു. അതായത് ഓരോ മണിക്കൂറിലും 20 പേർ വീതം റോഡുകളിൽ കൊല്ലപ്പെടുന്നു.


കേന്ദ്ര റോഡ് ഗതാഗത-ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് റോഡപകട മരണങ്ങളെ കുറിച്ചുള്ള കണക്കുകൾ പുറത്തുവിട്ടത്.

രാജ്യത്ത് യുദ്ധങ്ങളോ രോഗങ്ങളോ മൂലമുണ്ടാകുന്നതിനേക്കാൾ കൂടുതൽ മരണങ്ങളാണ് റോഡപകടങ്ങളിൽ സംഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. റോഡപകടങ്ങളിൽ മരിക്കുന്നവരിൽ 66 ശതമാനവും യുവാക്കളാണെന്നും മൊത്തം റോഡപകട മരണങ്ങളിൽ 45 ശതമാനവും ഇരുചക്രവാഹന യാത്രികരാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.


കഴിഞ്ഞ വർഷം ഹെൽമെറ്റ് ധരിക്കാത്തതിനെ തുടർന്ന് മാത്രം 54,132 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. റോഡപകടങ്ങൾ കാരണം രാജ്യത്തിന്റെ ജിഡിപിയുടെ ഏകദേശം 3 ശതമാനത്തോളം സാമ്പത്തിക നഷ്ടമുണ്ടാകുന്നു. ലോകത്ത് ഏറ്റവും കൂടുതൽ റോഡപകടങ്ങൾ നടക്കുന്ന രാജ്യവും ഇന്ത്യയാണെന്നും മന്ത്രി പറഞ്ഞു.


ഗതാഗത നിയമങ്ങൾ പാലിക്കാത്തതാണ് അപകടങ്ങൾക്ക് പ്രധാന കാരണം. ഇത് മാറ്റിയെടുക്കാൻ 10, 12 ക്ലാസുകളിലെ വിദ്യാർത്ഥിഥികൾക്ക് റോഡ് സുരക്ഷാ ബോധവൽക്കരണം നൽകാൻ മന്ത്രാലയം തുടക്കമിട്ടിട്ടുണ്ട്. റോഡ് സുരക്ഷ എന്നത് സർക്കാരിന്റെ മാത്രം ചുമതലയല്ല, മറിച്ച് സമൂഹത്തിന്റെയും ഓരോ റോഡ് ഉപയോക്താവിന്റെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home