ad
Deshabhimani

ബജറ്റ് പ്രസംഗത്തിനിടെ ഇംഗ്ലീഷ് പ്രയോഗം; തമിഴ്‌നാട് ധനമന്ത്രിക്കെതിരെ വിമർശനം

Tamilnadu

ധനമന്ത്രി എൻ മേരി വിൽസണും, ഡിഎംകെ എംഎൽഎ ടിഎം രാജേന്ദ്രനും തമിഴ്‌നാട് നിയമസഭയിൽ |Photo Credit : Facebook

വെബ് ഡെസ്ക്

Published on Aug 11, 2026, 03:34 PM | 1 min read

ചെന്നൈ : തമിഴ്‌നാട് സർക്കാരിന്റെ ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി ഇം​ഗ്ലീഷ് വാക്കുകൾ ഉപയോ​ഗിച്ചതിനെതിരെ കടുത്ത വിമർശനം. എൻ മേരി വിൽസണെതിരെയാണ് എതിർ പാർട്ടികൾ രം​ഗത്തെത്തിയത്. മന്ത്രിക്ക് തമിഴ് ഭാഷ ഉപയോ​ഗിക്കാനാറിയില്ലെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ അത് തന്റെ സ്റ്റൈൽ ആണെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.


ഓഗസ്റ്റ് അഞ്ചിന് നടന്ന ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നടത്തിയ പ്രസംഗത്തിൽ തമിഴിൽ വ്യാകരണ പിഴവുകളുണ്ടെന്നും, ഇടയ്ക്ക് ഇംഗ്ലീഷ് വാക്കുകൾ ഉപയോ​ഗിച്ചെന്നും നിയമസഭയിൽ ഡിഎംകെ എംഎൽഎ ടിഎം രാജേന്ദ്രൻ പരാമർശിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഭാവിയിൽ അവസരം ലഭിക്കുമ്പോഴെങ്കിലും ധനമന്ത്രി പിഴവുകളില്ലാത്ത തമിഴിൽ സംസാരിക്കണമെന്നും രാജേന്ദ്രൻ പറഞ്ഞു.


തന്റെ തമിഴിനെക്കുറിച്ചുള്ള എംഎൽഎയുടെ വിമർശനത്തിൽ ധനമന്ത്രി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഭാഷാപരമായ അറിവിനേക്കാൾ ഭരണത്തിലും സംസ്ഥാനത്തിന്റെ പുരോഗതിയിലുമാണ് പ്രധാന ശ്രദ്ധയെന്നും മന്ത്രി വ്യക്തമാക്കി. തുടർന്ന് ഇതെന്റെ സ്വന്തം ആശയവിനിമയ ശൈലിയാണെന്നും പറഞ്ഞു. നിങ്ങൾക്കിത് അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യാം. നിങ്ങൾക്ക് വേണ്ടി എനിക്കിത് മാറ്റാനാകില്ലെന്നും വിൽസൺ ഡിഎംകെ എംഎൽഎയോട് കയർത്തു.


ഇതോടെ നിയമസഭ സ്പീക്കർ ജെസിസി പ്രഭാ​കർ ഇടപെട്ടു. അം​ഗങ്ങൾ ഇത്തരം ചർച്ചകളെ ലാഘവത്തോടെ കാണണമെന്നും സ്പീക്കർ പറഞ്ഞു. ജനങ്ങൾക്ക് മനസിലാകുന്ന രീതിയിലാണ് നിങ്ങൾ പ്രസം​ഗിച്ചതെന്നും സ്പീക്കർ വ്യക്തമാക്കി.


ഞാൻ വിശ്വസിക്കുന്ന ക്രിസ്തുമതം എന്നെ ഒരു ഭാഷയാണ് പഠിപ്പിച്ചത്. അത് സ്നേഹവും സഹാനുഭൂതിയുമാണ്, വിൽസൺ വ്യക്തമാക്കി. ജന്മം കൊണ്ട് നിങ്ങൾ ഏത് മതക്കാരനുമാകാം, എന്നാൽ വികാരം കൊണ്ടും സ്വത്വം കൊണ്ടും നമ്മളെല്ലാവരും തമിഴരാണെന്ന് നിങ്ങൾ മനസ്സിലാക്കണമെന്നായിരുന്നു മന്ത്രിക്ക് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രനിൽ നിന്ന് ലഭിച്ച മറുപടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home